ചെന്നൈ: രാജ്യത്തെ ആദ്യ സമ്പൂര്‍ണ വൈദ്യുത എസ്‍യുവി എന്നറിയപ്പെടുന്ന ഹ്യൂണ്ടായ് കോന ഈ മാസം ആദ്യമാണ് അവതരിപ്പിക്കപ്പെട്ടത്. വാഹനം ആദ്യമായി പുറത്തുവരുന്നത് തമിഴ്‍നാട്ടില്‍ നിന്നാണ്. ഈ സാഹചര്യത്തില്‍ തമിഴ്‍നാട് മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും കാറില്‍ പരീക്ഷണയോട്ടം നടത്തിയതാണ് പുതിയ വാര്‍ത്ത.

നിയമസഭാ മന്ദിരത്തിനു മുന്നില്‍ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയാണ് കാറിന്‍റെ കന്നിയാത്ര ഫ്‌ളാഗ് ഓഫ് ചെയ്‍തത്. തുടര്‍ന്ന് മുഖ്യമന്ത്രി കാറില്‍ ടെസ്റ്റ് ഡ്രൈവും നടത്തി. ഉപമുഖ്യമന്ത്രി ഒ പനീര്‍ശെല്‍വവും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.

ചെന്നൈയില്‍ നിന്നും ഇന്ത്യന്‍ വാഹന വിപണിക്കുള്ള സംഭാവനയാണ് വാഹനമെന്ന് ഹ്യൂണ്ടായ് മോട്ടോര്‍സ് ഇന്ത്യ സി.ഇ.ഒ. എസ്.എസ്. കിം വ്യക്തമാക്കി. വാഹനം അവതരിപ്പിച്ച് 15 ദിവസത്തിനുള്ളില്‍ ജനങ്ങളില്‍നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നും 120 ബുക്കിങ് ഇതിനകം ലഭിച്ചെന്നും തമിഴ്‍നാട് സര്‍ക്കാരുമായുള്ള സഹകരണം തുടരുമെന്നും അദ്ദേഹം പറഞ്ഞു. ചെന്നൈയില്‍ നടന്ന രണ്ടാം ആഗോള നിക്ഷേപ സംഗമത്തില്‍ ഹ്യൂണ്ടായിയുടെ ശ്രീപെരുംപുത്തൂര്‍ നിര്‍മാണ യൂണിറ്റ് വിപുലപ്പെടുത്താന്‍ കമ്പനി സര്‍ക്കാരുമായി ധാരണപത്രം ഒപ്പുവെച്ചിരുന്നു. ചെന്നൈ പ്ലാന്റില്‍ നിന്നും ഒരു ലക്ഷം വൈദ്യുത കാര്‍ നിര്‍മിക്കുമെന്നും ഹ്യൂണ്ടായ് അറിയിച്ചിരുന്നു. 

2018 ദില്ലി ഓട്ടോ എക്‌സ്‌പോയില്‍ ആദ്യമായി ഹ്യുണ്ടായ് പ്രദര്‍ശിപ്പിച്ച വാഹനം സ്​​റ്റാൻഡേർഡ്​, എക്​സ്​റ്റൻഡ്​ എന്നിങ്ങനെ രണ്ട്​ വകഭേദങ്ങളിലാവും എത്തുക. സ്റ്റാൻഡേർഡ്​ വകഭേദം ഒറ്റചാർജിൽ 300 കിലോ മീറ്റർ ദൂരം പിന്നിടുമ്പോള്‍ എക്​സ്​റ്റൻഡ് 470 കിലോ മീറ്റർ ദൂരം​ ഒറ്റചാർജിൽ സഞ്ചരിക്കുമെന്നാണ് കമ്പനിയുടെ അവകാശവാദം. സാധാരണ എസ്​.യു.വികളുടെ രൂപഭാവങ്ങളാണ്​ കോനയും പിന്തുടരുന്നത്​. ​ഗ്രില്ലിന്‍റെ ഡിസൈൻ അൽപം വ്യത്യസ്​തമാണ്​. മുൻവശത്താണ്​ ചാർജിങ്​ സോക്കറ്റ്​ നൽകിയിരിക്കുന്നത്​.

സ്​​റ്റാൻഡേർഡ്​ കോനയിൽ 39.2 kWh ബാറ്ററിയും 99kW ഇലക്​ട്രിക്​ മോ​ട്ടോറുമാണ് കരുത്തുപകരുന്നത്. ഒമ്പത്​ സെക്കൻഡ് കൊണ്ട് വാഹനം പൂജ്യത്തില്‍ നിന്നും 60 mph വേഗതയിലെത്തും. ആറ്​ മണിക്കുർ ​കൊണ്ട്​ സ്​റ്റാൻഡേർഡ്​ കോന ഫുൾചാർജാവും. എന്നാൽ ഡി.സി ഫാസ്​റ്റ്​ ചാർജറിൽ 54 മിനിട്ട്​ കൊണ്ട്  80 ശതമാനം ചാർജാകും. കോന എക്​സ്​റ്റൻഡിനു​ 64kWh ബാറ്ററിയും 150 kW &nbsp ഇലക്​ട്രിക്​ മോ​ട്ടോറുമാണ് കരുത്തുപകരുന്നത്.