Asianet News MalayalamAsianet News Malayalam

ആഹാ, ആരു നല്‍കും ഇതുപോലെ? ഇവിടെ ഈ വാഹനങ്ങള്‍ക്ക് ഒരു നികുതിയുമില്ല!

 ഈ വാഹനങ്ങള്‍ക്ക് നൂറുശതമാനം നികുതിയിളവ് പ്രഖ്യാപിച്ച് ഒരു സംസ്ഥാന സര്‍ക്കാര്‍

Tamil Nadu releases e-vehicle policy
Author
Chennai, First Published Sep 17, 2019, 12:45 PM IST

ചെന്നൈ: ഇലക്ട്രിക് വാഹനങ്ങള്‍ക്ക് നൂറുശതമാനം നികുതിയിളവ് പ്രഖ്യാപിച്ച് തമിഴ്‍നാട് സര്‍ക്കാര്‍. 2019ലെ വൈദ്യുത വാഹന നയം അവതരിപ്പിച്ച് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇലക്ട്രിക്ക് വാഹനങ്ങള്‍ നിര്‍മ്മിക്കുന്നതിനും വില്‍ക്കുന്നതിനും 2030 വരെ ജിഎസ്‍ടിയും 2022 വരെ മോട്ടോര്‍വാഹനനികുതിയും ഉണ്ടാവില്ലെന്ന സുപ്രധാന നീക്കങ്ങള്‍ ഉള്‍പ്പെടുന്നതാണ് പ്രഖ്യാപനം. 

വൈദ്യുത വാഹനങ്ങളെ അകമഴിഞ്ഞ് പ്രോത്സാഹിപ്പിക്കുന്നതാണ് സര്‍ക്കാരിന്‍റെ പുതിയ നയം. വൈദ്യുതവാഹനനിര്‍മാണവുമായി ബന്ധപ്പെട്ട ഇടത്തരം, ചെറുകിട, സൂക്ഷ്മ വ്യവസായസംരംഭങ്ങള്‍ക്ക് അധികമായി 20 ശതമാനം മൂലധന സബ്സിഡി നല്‍കും. ഇരുചക്രവാഹനങ്ങള്‍, ഓട്ടോറിക്ഷകള്‍, കാറുകള്‍, ബസുകള്‍, ഭാരം കുറഞ്ഞ വാണിജ്യവാഹനങ്ങള്‍ എന്നിവയ്ക്ക് നികുതിയിളവ് നല്‍കും. സംസ്ഥാനസര്‍ക്കാരിനുകീഴിലുള്ള ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനുകള്‍ വൈദ്യുതബസുകളിലേക്ക് മാറും. 

ഇലക്ട്രിക് വാഹനങ്ങള്‍ നിര്‍മ്മിക്കുന്ന സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍ക്ക് ഓഫീസ് സൗകര്യം അടക്കമുള്ള സഹായങ്ങളും സര്‍ക്കാര്‍ വാഗ്‍ദാനം ചെയ്യുന്നു. ഇത്തരം സംരംഭങ്ങള്‍ക്കായി ഇന്‍ക്യൂബേഷന്‍ സെന്ററുകള്‍ ആരംഭിക്കുമെന്നും ചാര്‍ജ്ജിംഗിന് വീടുകളിലും അപ്പാര്‍ട്ട്മെന്റ് സമുച്ചയങ്ങളിലും സൗകര്യങ്ങള്‍ ഒരുക്കാനുള്ള അനുമതിക്കായി നിയമഭേദഗതി നടത്തുമെന്നും നയം വ്യക്തമാക്കുന്നു. 

നിലവിലുള്ള വാഹനനിര്‍മ്മാതാക്കള്‍ക്ക് വൈദ്യുതവാഹനനിര്‍മാണത്തിലേക്ക് മാറാനും സഹായംനല്‍കും. വൈദ്യുത വാഹനനിര്‍മാണത്തിനായി മുതല്‍മുടക്കുന്ന കമ്പനികള്‍ക്ക് 15 ശതമാനംവരെയും ബാറ്ററിയും മറ്റ് അനുബന്ധ ഉപകരണങ്ങളുണ്ടാക്കുന്ന കമ്പനികള്‍ക്ക് 20 ശതമാനംവരെയും സബ്‍സിഡിയും നല്‍കും.

ഇത്തരം കമ്പനികള്‍ക്ക് സര്‍ക്കാരിന്റെ വ്യവസായപാര്‍ക്കുകളില്‍ വിലയില്‍ 20 ശതമാനം ഇളവോടെ സ്ഥലം അനുവദിക്കും. വ്യാവസായികമായി കൂടുതല്‍ വളര്‍ച്ച പ്രാപിക്കാത്ത തെക്കന്‍ ജില്ലകളില്‍ നിര്‍മാണ യൂണിറ്റുകള്‍ തുടങ്ങിയാല്‍ സ്ഥലത്തിന്റെ വിലയില്‍ 50 ശതമാനംവരെ ഇളവ് അനുവദിക്കുന്നതിനൊപ്പം ഭൂമി രജിസ്ട്രേഷന് മുദ്രപ്പത്രത്തിന്റെ വിലയില്‍ 100 ശതമാനം സബ്‍സിഡി നല്‍കുമെന്നും നയം പറയുന്നു. 

Follow Us:
Download App:
  • android
  • ios