വാഹനങ്ങളില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ അവരുടെ പതാക സ്ഥാപിക്കുന്നത് നിയമവിരുദ്ധമാണെന്ന് തമിഴ്‌നാട് ഗതാഗതവകുപ്പ്

ചെന്നൈ: വാഹനങ്ങളില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ അവരുടെ പതാക സ്ഥാപിക്കുന്നത് നിയമവിരുദ്ധമാണെന്ന് തമിഴ്‌നാട് ഗതാഗതവകുപ്പ്. മദ്രാസ് ഹൈക്കോടതിയില്‍ മധുര ബെഞ്ചിന് മുലാണ് ഗതാഗതവകുപ്പ് ഇക്കാര്യം വ്യക്തമാക്കിയത്.

ഇതുസംബന്ധിച്ച് ഒരു പൊതുതാത്പര്യഹര്‍ജി പരിഗണിക്കുന്നതിനിടെ കോടതി ഗതാഗത വകുപ്പില്‍നിന്ന് വിശദീകരണം ചോദിക്കുകയായിരുന്നു. ഇതിനുള്ള മറുപടി സത്യവാങ്മൂലത്തിലാണ് മോട്ടോര്‍ വാഹന നിയമത്തില്‍ പതാക സ്ഥാപിക്കുന്നതിന് നിയമം അനുവദിക്കുന്നില്ലെന്ന് ഗതാഗത വകുപ്പ് വ്യക്തമാക്കിയത്. 

മാത്രമല്ല, രാഷ്‍ട്രീയ നേതാക്കളുടെ ചിത്രം പ്രദര്‍ശിപ്പിക്കുന്നതും പാര്‍ട്ടിയിലെ സ്ഥാനം വാഹനത്തില്‍ എഴുതുന്നതും നിയമവിരുദ്ധമാണെന്നും ഈ സത്യവാങ്മൂലത്തില്‍ ഗതാഗത വകുപ്പ് വ്യക്തമാക്കുന്നു. വിഷയത്തില്‍ ആഭ്യന്തരവകുപ്പ് സെക്രട്ടറി, ചീഫ് സെക്രട്ടറി എന്നിവരോടും ജസ്റ്റിസ് കൃപാകരന്‍, എസ്.എസ്. സുന്ദര്‍ എന്നിവരടങ്ങിയ ബെഞ്ച് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. കേസ് അടുത്തദിവസം വീണ്ടും പരിഗണിക്കും.