കേരളത്തില്‍ 'തകര്‍ക്കപ്പെട്ട' വിവാദ വണ്ടി തമിഴ്‍നാട്ടില്‍ സൂപ്പര്‍താരം. കാരണം ഇതാണ്

ലാന്‍ഡ് റോവറിന്‍റെ ഐതിഹാസിക മോഡലുകളില്‍ ഒന്നാണ് ഡിഫന്‍ഡര്‍ എസ്‍യുവി (Land Rover Defender). പതിറ്റാണ്ടുകളായി നിരത്തുകളില്‍ നിറഞ്ഞുനിന്നിരുന്ന ഈ വാഹനം ഇപ്പോള്‍ മലയാളികളെ സംബന്ധിച്ച്​ ഒരു വിവാദ വാഹനമാണ്​. അടുത്തിടെ നടന്ന വലിയൊരു വിവാദത്തിലെ പ്രധാന ശ്രദ്ധാകേന്ദ്രമായതോടെയാണ്​ ഡിഫൻഡറിന്​ (Land Rover Defender) ഇങ്ങിനൊരു പരിവേഷം ലഭിച്ചത്​. കോൺഗ്രസി​ന്‍റെ​ റോഡ്​ തടയലിനെ നടൻ ജോജു ജോർജ് (Joju George) എതിർത്തതാണ്​ ഇതിന്‍റെ കാരണം. തുടർന്ന്​ അദ്ദേഹത്തി​ന്‍റെ വാഹനമായ ഡിഫൻഡർ പ്രതിഷേധക്കാർ തകര്‍ത്തു. അതേ തുടർന്നുണ്ടായ കോലാഹലങ്ങള്‍​ ഡിഫൻഡറിനെ വിവാദ കേന്ദ്രവുമാക്കി. 

എന്നാല്‍, ഇപ്പോഴിതാ തമിഴ്‌നാട്ടില്‍ ഈ വാഹനത്തിന് ഇപ്പോഴൊരു സൂപ്പര്‍ താര പരിവേഷമാണുള്ളത്. കാരണം എന്തെന്നല്ലേ? തമിഴ്​നാട്​ മുഖ്യമന്ത്രി എം കെ സ്​റ്റാലിൻ ത​ന്‍റെ ഔദ്യോഗിക വാഹനമായി ഡിഫൻഡർ സ്വന്തമാക്കിയിതോടെയാണിത്. വെള്ള നിറത്തോട്​ ഏറെ ആഭിമുഖ്യമുള്ള സ്​റ്റാലിൻ, തന്‍റെ പാർട്ടിയുടെ നിറങ്ങളിൽ ഒന്നായ കറുപ്പുംകൂടി​ ചേർത്ത്​ ഇരട്ട കളർ വാഹനമാണ്​ സ്വന്തമാക്കിയിരിക്കുന്നത്​. മുഖ്യമന്ത്രി സ്റ്റാലിന്റെ വാഹന വ്യൂഹനത്തിലേക്ക് രണ്ട് ഡിഫന്‍ഡറാണ് എത്തിയിട്ടുള്ളതെന്നാണ് വിവരം. തമിഴ്‌നാട്ടില്‍ അടുത്തിടെ ഉണ്ടായ വെള്ളപ്പൊക്കത്തില്‍ നാശനഷ്ടമുണ്ടായ സ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ റേഞ്ച് റോവര്‍ ഡിഫന്‍ഡറിലാണ് അദ്ദേഹം എത്തിയത്. വെളുത്ത നിറത്തിലുള്ള ഡിഫന്‍ഡര്‍ എസ്.ഇ.110 ആണ് അദ്ദേഹത്തിന്റെ വ്യൂഹത്തിലുള്ള രണ്ട് വാഹനങ്ങളും. ഒന്ന് ഓഗസ്റ്റിലും മറ്റൊന്ന് ഒക്ടോബറിലും രജിസ്റ്റര്‍ ചെയ്‍തവയാണ്. ദക്ഷിണേന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള രാഷ്ട്രീയക്കാരിൽ ഒരാളായ സ്റ്റാലിന്‍റെ ഉടമസ്ഥതയോടെ ലാൻഡ്​റോവറി​ന്‍റെ ഖ്യാതി വീണ്ടും ഉയരാനാണ്​ സാധ്യത എന്നാണ് വാഹനലോകം പറയുന്നത്. 

പതിറ്റാണ്ടുകളായി നിരത്തുകളില്‍ നിറഞ്ഞുനിന്നിരുന്ന ഈ വാഹനം ഒരു ഇടവേളയ്ക്ക് ശേഷം 2019-ലാണ് വീണ്ടും ആഗോള വിപണിയില്‍ എത്തിയത്. മുമ്പ് കരുത്തായിരുന്നു ഡിഫന്‍ഡറിന്റെ മുഖമുദ്രയെങ്കില്‍ രണ്ടാം വരവില്‍ കരുത്തിനൊപ്പം മികച്ച സാങ്കേതികവിദ്യയുടെയും അകമ്പടിയിലാണ് ഈ വാഹനം എത്തിയത്. ലാന്‍ഡ് റോവറിന്റെ പുതുതലമുറ ഡി7എക്സ് ആര്‍ക്കിടെക്ച്ചറില്‍ മോണോകോക്ക് ഷാസിയിലാണ് ഡിഫന്‍ഡറിന്റെ രണ്ട് പതിപ്പുകളും ഒരുങ്ങിയിട്ടുള്ളത്. ത്രീ ഡോര്‍, ഫൈവ് ഡോര്‍ പതിപ്പുകളിലായി ബെയ്സ്, എസ്, എസ്.ഇ, എച്ച്.എസ്.ഇ, ഫസ്റ്റ് എഡിഷന്‍ എന്നീ അഞ്ച് വകഭേദങ്ങളിലാണ് ഈ വാഹനം പുറത്തിറങ്ങിയിട്ടുള്ളത്. 82.25 ലക്ഷം രൂപ മുതല്‍ 1.22 കോടി രൂപ ഡിഫന്‍ഡര്‍ 110-ന്റെ ഇന്ത്യയിലെ എക്സ്ഷോറും വില.

5018 എം.എം നീളവും 2105 എം.എം വീതിയും 1967 എം.എം ഉയരവും 3022 എം.എം. വീല്‍ബേസുമാണ് ഡിഫന്‍ഡറിലുള്ളത്. വാഹന ഭാഗങ്ങൾ വിദേശത്ത് തന്നെയാണ് നിർമ്മിക്കപെട്ടത്.2.0 ലിറ്റര്‍ നാല് സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനിലാണ് ഡിഫന്‍ഡറിനുള്ളത്. 292 ബിഎച്ച്പി പവറും 400 എന്‍എം ടോര്‍ക്കുമാണ് ഇതിന് കരുത്തേകുന്നത്. ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനിലെത്തുന്ന ഈ വാഹനത്തില്‍ ഓള്‍ വീല്‍ ഡ്രൈവ് സംവിധാനവും ഉണ്ട്. 12.3 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലെസ്റ്റർ, ഓവർ ദി എയർ അപ്ഡേറ്റ്സ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ നാല് സ്പോക്ക് മൾട്ടി ഫങ്ഷൻ സ്റ്റിയറിങ് വീൽ തുടങ്ങിയ ഫീച്ചറുകളുമുണ്ട് വാഹനത്തിന്. 

പത്ത് ഇഞ്ച് വലിപ്പത്തിലുള്ള പുതിയ പിവി പ്രോ ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റമാണ് സാങ്കേതികവിദ്യയില്‍ ഈ വാഹനത്തെ മിടുക്കനാക്കുന്നതില്‍ മുഖ്യന്‍. 12.3 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, ഓവര്‍ ദി എയര്‍ അപ്ഡേറ്റ്സ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍ നാല് സ്പോക്ക് മള്‍ട്ടി ഫങ്ഷന്‍ സ്റ്റിയറിങ് വീല്‍ തുടങ്ങി നിരവധി ഫീച്ചറുകള്‍ ഇന്റീരിയറിനെ സമ്പന്നമാക്കുന്നുണ്ട്. 145 ഡിഗ്രി വരെ ചെരിവുള്ള പ്രതലത്തില്‍ സഞ്ചരിക്കാന്‍ സാധിക്കുന്ന ടെറൈന്‍ റെസ്പോണ്‍സ് സംവിധാനവും ഇതിലുണ്ട്.