ഐപിഎൽ ഔദ്യോഗിക വാഹനമാകാൻ ടാറ്റയുടെ കടല്‍പ്പക്ഷി
ടാറ്റ അടുത്തിടെ അവതരിപ്പിച്ച ആദ്യ പ്രീമിയം ഹാച്ച് ബാക്ക് മോഡലാണ് അള്‍ട്രോസ്. 2020 ജനുവരിയിലാണ് വാഹനത്തെ കമ്പനി വിപണിയില്‍ അവതരിപ്പിക്കുന്നത്. വിപണിയില്‍ മികച്ച പ്രതികരണമുള്ള  ഈ വാഹനം ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 2020-യുടെ ഔദ്യോഗിക വാഹനമാകുമെന്നാണ് പുതിയ റിപ്പോർട്ടുകള്‍. കഴിഞ്ഞ മൂന്ന് വര്‍ഷമായി ടാറ്റ മോട്ടോഴ്‌സ് ബിസിസിഐയുമായി സഹകരിക്കുന്നുണ്ട്. സെപ്റ്റംബര്‍ 19 മുതല്‍ ദുബായി, അബുദാബി, ഷാര്‍ജ തുടങ്ങിയ സ്ഥലങ്ങളില്‍ നടക്കുന്ന മത്സരങ്ങളില്‍ ടാറ്റ അല്‍ട്രോസ് പ്രദര്‍ശനത്തിനെത്തും എന്നാണ് റിപ്പോര്‍ട്ടുകള്‍. 

ഐപിഎല്ലും ഇന്ത്യയിലെ ഉത്സവ സീസണുകള്‍ പോലെ തന്നെ പ്രധാന്യമുള്ളതാണെന്നും ഈ ഉത്സവവുമായി സഹകരിക്കുന്നതില്‍ അഭിമാനമുണ്ടെന്നും ടാറ്റ മോട്ടോഴ്‌സ് മേധാവി അഭിപ്രായപ്പെട്ടു. 2018-ല്‍ ടാറ്റയുടെ കോംപാക്ട് എസ്‌.യു.വി. മോഡലായ നെക്‌സോണും 2019-ല്‍ പ്രീമിയം എസ്‌.യു.വിയായ ഹാരിയറുമായിരുന്നു ഐ.പി.എല്ലിന്റെ ഔദ്യോഗിക വാഹനങ്ങള്‍.

ഐ.പി.എല്ലുമായുള്ള സഹകരണത്തിന്റെ ഭാഗമായി രാജ്യത്തെ ടാറ്റ ഡീലര്‍ഷിപ്പുകളിലുട നീളം ഐപിഎല്‍ പോസ്റ്ററുകളും മറ്റും നല്‍കി അലങ്കരിക്കും. മാത്രമല്ല, മുന്‍ വര്‍ഷങ്ങളിലേത് പോലെ അള്‍ട്രോസ് സൂപ്പര്‍ സ്‌ട്രൈക്കര്‍ മൊബൈല്‍ ഗെയിമുകളും ഒരുക്കുന്നുണ്ട്. ആകര്‍ഷകങ്ങളായ സമ്മാനങ്ങളും ഇതിന്റെ ഭാഗമായി ടാറ്റ നല്‍കുന്നുണ്ട്. ഐ.പി.എല്‍. ക്രിക്കറ്റിന് വേദിയാകുന്ന യു.എ.ഇയിലെ മൂന്ന് സ്റ്റേഡിയത്തിലും അല്‍ട്രോസ് പ്രദര്‍ശനത്തിനെത്തുന്നുണ്ട്.

45 എക്‌സ് കൺസെപ്റ്റ് മോഡലെന്ന നിലയിൽ ടാറ്റ മോട്ടോഴ്‌സ് ആദ്യമായി 2018 ഫെബ്രുവരിയിൽ ഓട്ടോ എക്‌സ്‌പോയിൽ പ്രദർശിപ്പിച്ച വാഹനം,  തുടർന്ന് 2018 മാർച്ചിൽ ജനീവ ഇന്റർനാഷണൽ മോട്ടോർ ഷോയിലും പ്രദർശിപ്പിച്ചിരുന്നു.   'ആൽബട്രോസ്' എന്ന മനോഹരമായ കടൽ പക്ഷിയുടെ പേരിൽ നിന്നുമാണ് അൾട്രോസ് എന്ന പേര് ലഭിച്ചത്.  ഏറ്റവും വലിപ്പംകൂടിയ കടൽപ്പക്ഷിയാണ് ആൽബട്രോസ്.  

ഇംപാക്റ്റ് ഡിസൈൻ 2.0 ഭാഷയിൽ രൂപകൽപ്പന ചെയ്ത രണ്ടാമത്തെ വാഹനമായ  അള്‍ട്രോസ്, പുതിയ ആൽ‌ഫ ആർക്കിടെക്ച്ചറിൽ  ആദ്യമായി വികസിപ്പിച്ചെടുത്ത വാഹനം കൂടിയാണ്.  നിലവില്‍ XE, XM, XT, XZ, XZ (O) എന്നീ വകഭേദങ്ങളായെത്തുന്ന ഈ വാഹനത്തില്‍ ബിഎസ്-6 നിലവാരത്തിലുള്ള 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിനും 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിനുമാണ് കരുത്തേകുന്നത്. പെട്രോള്‍ എന്‍ജിന്‍ 86 പിഎസ് പവറും 113 എന്‍എം ടോര്‍ക്കും, ഡീസല്‍ 90 പിഎസ് പവറും 200 എന്‍എം ടോര്‍ക്കുമേകും. അഞ്ച് സ്പീഡ് മാനുവലാണ് ട്രാന്‍സ്‍മിഷന്‍. വൈകാതെ അല്‍ട്രോസില്‍ ഡ്യുവല്‍ ക്ലെച്ച് ട്രാന്‍സ്മിഷന്‍ ഒരുക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.