Asianet News MalayalamAsianet News Malayalam

എതിരാളികളെ 'എയറിലാക്കി', പറന്ന് പറന്ന് പറന്ന് ടാറ്റയുടെ കടല്‍പ്പക്ഷി!

അൾട്രോസിന്‍റെ ഉൽപാദനം ഒരുലക്ഷം എന്ന നാഴികക്കല്ല് പിന്നിട്ടു.  അവതരിപ്പിച്ച് 20 മാസത്തിനുള്ളിൽ ആണ് ഈ നേട്ടം

Tata Altroz Reaches 1 Lakh Production Milestone in 20 Months
Author
Mumbai, First Published Sep 29, 2021, 8:57 AM IST

രാജ്യത്തെ പ്രമുഖ വാഹന നിര്‍മ്മതാക്കളായ ടാറ്റയുടെ (Tata Motors) ആദ്യത്തെ പ്രീമിയം ഹാച്ച് ബാക്ക് മോഡലാണ് (Premium Hatch Back) അള്‍ട്രോസ് (Altroz). 2020 ജനുവരിയിലാണ് അള്‍ട്രോസിനെ ടാറ്റ ആദ്യമായി വിപണിയില്‍ അവതരിപ്പിക്കുന്നത്. വളരെപ്പെട്ടെന്ന് ജനപ്രിയ മോഡലായി മാറിയ അള്‍ട്രോസ് വിപണിയില്‍ കുതിക്കുകയാണ്.

ഇപ്പോള്‍ അൾട്രോസിന്‍റെ ഉൽപാദനം ഒരുലക്ഷം എന്ന നാഴികക്കല്ല് പിന്നിട്ടിരിക്കുകയാണെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.  അവതരിപ്പിച്ച് 20 മാസത്തിനുള്ളിൽ ആണ് ഈ നേട്ടമെന്നും കാറിന്റെ 1,00,000 -ാമത്തെ യൂണിറ്റ് ടാറ്റ മോട്ടോഴ്സിന്റെ പൂനെയിലെ നിർമ്മാണ ശാലയിൽ നിന്ന് പുറത്തിറങ്ങിയെന്നും ബിസിനസ് സ്റ്റാന്‍ഡേര്‍ഡ്‍സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഈ വെല്ലുവിളി നിറഞ്ഞ സമയങ്ങളിൽ ഒരു വലിയ നാഴികക്കല്ല് പിന്നിട്ടതിൽ സന്തുഷ്ടരാണെന്നുംപ്രീമിയം ഹാച്ച്ബാക്ക് വിഭാഗത്തിൽ വൈവിധ്യമാർന്ന ഓപ്ഷനുകൾ വാഗ്ദാനം ചെയ്യുന്ന കമ്പനിയുടെ ന്യൂ ഫോറെവർ ശ്രേണിയിൽ ആൾട്രോസ് ഒരു അഭിമാനമാണെന്നും ഈ നേട്ടത്തെക്കുറിച്ച് സംസാരിക്കുമ്പോൾ, ടാറ്റ മോട്ടോഴ്സിന്റെ പിവിബിയു സെയിൽസ്, മാർക്കറ്റിംഗ് ആന്‍ഡ് കസ്റ്റമർ കെയർ വൈസ് പ്രസിഡന്റ് രാജൻ അംബ പറഞ്ഞതായി ഇന്ത്യന്‍ ഓട്ടോസ് ബ്ലോഗ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇന്ന് രാജ്യത്ത് വില്‍പ്പനയ്ക്ക് എത്തുന്ന ഏറ്റവും സുരക്ഷിതമായ പ്രീമിയം ഹാച്ച്ബാക്ക് വാഹനമാണ് ആള്‍ട്രോസ്. 5 സ്റ്റാർ ഗ്ലോബൽ എൻസിഎപി സുരക്ഷാ റേറ്റിംഗുള്ള ഇന്ത്യയിലെ ഏക ഹാച്ച്ബാക്കാണ് ടാറ്റ ആൾട്രോസ്. കമ്പനിയുടെ ആൽഫ (അജൈൽ ലൈറ്റ് ഫ്ലെക്സിബിൾ അഡ്വാൻസ്ഡ്) ആർക്കിടെക്ചർ ഉപയോഗിക്കുന്ന ആദ്യ ടാറ്റ കാർ കൂടിയാണിത്. പ്രീമിയം ഹാച്ച്ബാക്കിന് 20% ത്തിലധികം വിപണി വിഹിതമുണ്ട്, കൂടാതെ 2021 മാർച്ചിൽ 7,550 യൂണിറ്റുകളുടെ വിൽപ്പന കൈവരിക്കുകയും ചെയ്തു. കൂടാതെ FY22 ലെ പ്രതിമാസ ശരാശരി വിൽപ്പന 6,000 യൂണിറ്റാണ്.

45 എക്‌സ് കൺസെപ്റ്റ് മോഡലെന്ന നിലയിൽ ടാറ്റ മോട്ടോഴ്‌സ് ആദ്യമായി 2018 ഫെബ്രുവരിയിൽ ഓട്ടോ എക്‌സ്‌പോയിൽ പ്രദർശിപ്പിച്ച വാഹനം,  തുടർന്ന് 2018 മാർച്ചിൽ ജനീവ ഇന്റർനാഷണൽ മോട്ടോർ ഷോയിലും പ്രദർശിപ്പിച്ചിരുന്നു.  ഫ്യൂച്ചറിസ്റ്റ് ഡിസൈനും അതിശയകരമായ പ്രൊഫൈലും കൊണ്ട് ഇരു ഷോകളിലും  45 എക്‌സ് കൺസെപ്റ്റ് പ്രേക്ഷകരെ അമ്പരപ്പിച്ചിരുന്നു.  2019 മാർച്ചിൽ ജനീവ ഇന്റർനാഷണൽ മോട്ടോർസ് ഷോയിലാണ് ടാറ്റ, അള്‍ട്രോസിനെ ലോകത്തിന് മുന്നില്‍ പരിചയപ്പെടുത്തുന്നത്. 'ആൽബട്രോസ്' എന്ന മനോഹരമായ കടൽ പക്ഷിയുടെ പേരിൽ നിന്നുമാണ് അൾട്രോസ് എന്ന പേര് ലഭിച്ചത്.  ഏറ്റവും വലിപ്പംകൂടിയ കടൽപ്പക്ഷിയാണ് ആൽബട്രോസ്.   ടാറ്റയുടെ ആല്‍ഫ പ്ലാറ്റ്ഫോമിലാണ് വാഹനത്തിന്റെ നിര്‍മ്മാണം. ഇംപാക്റ്റ് 2.0 ഡിസൈന്‍ ശൈലിയില്‍ എത്തുന്ന രണ്ടാമത്തെ ടാറ്റ വാഹനം കൂടിയാണിത്.

നിലവില്‍ XE, XM, XT, XZ, XZ (O) എന്നീ വകഭേദങ്ങളായെത്തുന്ന ഈ വാഹനത്തില്‍ ബിഎസ്-6 നിലവാരത്തിലുള്ള 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിനും 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിനുമാണ് കരുത്തേകുന്നത്. പെട്രോള്‍ എന്‍ജിന്‍ 86 പിഎസ് പവറും 113 എന്‍എം ടോര്‍ക്കും, ഡീസല്‍ 90 പിഎസ് പവറും 200 എന്‍എം ടോര്‍ക്കുമാണ് സൃഷ്‍ടിക്കുന്നത്. അഞ്ച് സ്പീഡ് മാനുവലാണ് ട്രാന്‍സ്‍മിഷന്‍.  ഇത് ഡാർക്ക് റേഞ്ചിൽ ലഭ്യമാണ് കൂടാതെ ഐആർഎ കണക്റ്റഡ് കാർ ടെക്നോളജി, ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ്, ലീതെറെറ്റ് സീറ്റുകൾ, 7 ഇഞ്ച് ടിഎഫ്ടി ഡിജിറ്റൽ ക്ലസ്റ്റർ, ആർ 16 ഡയമണ്ട്-കട്ട് അലോയ് വീലുകൾ, ക്രൂയിസ് കൺട്രോൾ, റിയർ എസി തുടങ്ങി എല്ലാ വകഭേദങ്ങളിലും നിരവധി പ്രീമിയം ഫീച്ചറുകൾ വാഗ്ദാനം ചെയ്യുന്നു. 

Follow Us:
Download App:
  • android
  • ios