Asianet News MalayalamAsianet News Malayalam

വളര്‍ച്ച 143 ശതമാനം, എതിരാളികളെ ഞെട്ടിച്ച് ടാറ്റ അള്‍ട്രോസ്

2021 ഫെബ്രുവരിയിലും വാഹനത്തിന് മികച്ച വില്‍പ്പനയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.  ഫെബ്രുവരിയില്‍ 143.48 ശതമാനത്തിന്റെ വാര്‍ഷിക വളര്‍ച്ചയാണ് മോഡലിനെന്ന്...

Tata Altroz shocks rivals by 143% sales grow
Author
Mumbai, First Published Mar 10, 2021, 2:13 PM IST

രാജ്യത്തെ പ്രമുഖ വാഹന നിര്‍മ്മതാക്കളായ ടാറ്റയുടെ ആദ്യത്തെ പ്രീമിയം ഹാച്ച് ബാക്ക് മോഡലാണ് അള്‍ട്രോസ്. 2020 ജനുവരിയിലാണ് അള്‍ട്രോസിനെ ടാറ്റ ആദ്യമായി വിപണിയില്‍ അവതരിപ്പിക്കുന്നത്.  ഒരു വര്‍ഷം കൊണ്ട് ജനപ്രിയ മോഡലായി മാറിയ അള്‍ട്രോസ് വിപണയില്‍ കുതിക്കുകയാണ്.

2021 ഫെബ്രുവരിയിലും വാഹനത്തിന് മികച്ച വില്‍പ്പനയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.  ഫെബ്രുവരിയില്‍ 143.48 ശതമാനത്തിന്റെ വാര്‍ഷിക വളര്‍ച്ചയാണ് മോഡലിനെന്ന് ഗാഡിവാഡി ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്യുന്നു.  2021 ഫെബ്രുവരിയില്‍ കാറിന്റെ മൊത്തം 6,832 യൂണിറ്റുകള്‍ നിരത്തിലെത്തിക്കാന്‍ ടാറ്റയ്ക്ക് സാധിച്ചു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ അള്‍ട്രോസിന്റെ വില്‍പ്പന 2,806 യൂണിറ്റായിരുന്നു. കഴിഞ്ഞ ഒമ്പത് വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന വില്‍പ്പനയാണ് 2021 ഫെബ്രുവരിയില്‍ കമ്പനിക്ക് ലഭിച്ചതും  ഈ വര്‍ഷം ജനുവരി അവസാനത്തോടെ അള്‍ട്രോസിന്‍റെ ടര്‍ബോ പതിപ്പും വിപണിയില്‍ എത്തിയിരുന്നു.

45 എക്‌സ് കൺസെപ്റ്റ് മോഡലെന്ന നിലയിൽ ടാറ്റ മോട്ടോഴ്‌സ് ആദ്യമായി 2018 ഫെബ്രുവരിയിൽ ഓട്ടോ എക്‌സ്‌പോയിൽ പ്രദർശിപ്പിച്ച വാഹനം,  തുടർന്ന് 2018 മാർച്ചിൽ ജനീവ ഇന്റർനാഷണൽ മോട്ടോർ ഷോയിലും പ്രദർശിപ്പിച്ചിരുന്നു.  ഫ്യൂച്ചറിസ്റ്റ് ഡിസൈനും അതിശയകരമായ പ്രൊഫൈലും കൊണ്ട് ഇരു ഷോകളിലും  45 എക്‌സ് കൺസെപ്റ്റ് പ്രേക്ഷകരെ അമ്പരപ്പിച്ചിരുന്നു.  2019 മാർച്ചിൽ ജനീവ ഇന്റർനാഷണൽ മോട്ടോർസ് ഷോയിലാണ് ടാറ്റ, അള്‍ട്രോസിനെ ലോകത്തിന് മുന്നില്‍ പരിചയപ്പെടുത്തുന്നത്. 'ആൽബട്രോസ്' എന്ന മനോഹരമായ കടൽ പക്ഷിയുടെ പേരിൽ നിന്നുമാണ് അൾട്രോസ് എന്ന പേര് ലഭിച്ചത്.  ഏറ്റവും വലിപ്പംകൂടിയ കടൽപ്പക്ഷിയാണ് ആൽബട്രോസ്.  

2020 ജനുവരിയിലാണ് അള്‍ട്രോസിനെ ടാറ്റ ആദ്യമായി വിപണിയില്‍ അവതരിപ്പിക്കുന്നത്. നിലവില്‍ XE, XM, XT, XZ, XZ (O) എന്നീ വകഭേദങ്ങളായെത്തുന്ന ഈ വാഹനത്തില്‍ ബിഎസ്-6 നിലവാരത്തിലുള്ള 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിനും 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിനുമാണ് കരുത്തേകുന്നത്. പെട്രോള്‍ എന്‍ജിന്‍ 86 പിഎസ് പവറും 113 എന്‍എം ടോര്‍ക്കും, ഡീസല്‍ 90 പിഎസ് പവറും 200 എന്‍എം ടോര്‍ക്കുമാണ് സൃഷ്‍ടിക്കുന്നത്. അഞ്ച് സ്പീഡ് മാനുവലാണ് ട്രാന്‍സ്‍മിഷന്‍.  ക്രാഷ് ടെസ്റ്റില്‍ അഞ്ച് സ്റ്റാര്‍ സുരക്ഷാ റേറ്റിങും വാഹനം സ്വന്തമാക്കിയിട്ടുണ്ട്. ഇന്ന് രാജ്യത്ത് വില്‍പ്പനയ്ക്ക് എത്തുന്ന ഏറ്റവും സുരക്ഷിതമായ പ്രീമിയം ഹാച്ച്ബാക്ക് വാഹനമാണ് ആള്‍ട്രോസ്. ടാറ്റയുടെ ആല്‍ഫ പ്ലാറ്റ്ഫോമിലാണ് വാഹനത്തിന്റെ നിര്‍മ്മാണം. ഇംപാക്റ്റ് 2.0 ഡിസൈന്‍ ശൈലിയില്‍ എത്തുന്ന രണ്ടാമത്തെ ടാറ്റ വാഹനം കൂടിയാണിത്.

XT, XZ, XZ+  എന്നീ മൂന്ന് വേരിയന്റുകളിലാണ് അല്‍ട്രോസ് ടര്‍ബോ പെട്രോള്‍ എന്‍ജിന്‍ എത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ടാറ്റ നെക്‌സോണില്‍ നല്‍കിയിട്ടുള്ള പെട്രോള്‍ ടര്‍ബോ എന്‍ജിനാണ് അല്‍ട്രോസിലും. 11.9 സെക്കന്റില്‍ ഇത് പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കും. ടര്‍ബോ എന്‍ജിന് പുറമെ, 1.2 ലിറ്റര്‍ നാച്വറലി ആസ്പിരേറ്റഡ് പെട്രോള്‍, 1.5 ഡീസല്‍ എന്‍ജിനുകളിലാണ് ടര്‍ബോ എത്തുന്നത്. 

അഞ്ച് നിറങ്ങളിലാണ് അല്‍ട്രോസ് ടര്‍ബോ പെട്രോള്‍ മോഡല്‍ വിപണിയില്‍ എത്തുക. ഹാര്‍ബര്‍ ബ്ലു, ഹൈ സ്ട്രീറ്റ് ഗോള്‍ഡ്, മിഡ്ടൗണ്‍ ഗ്രേ, ഡൗണ്‍ടൗണ്‍ റെഡ്, അവന്യു വൈറ്റ് എന്നിവയാണ് അല്‍ട്രോസിലെ നിറങ്ങള്‍. ടര്‍ബോ എന്‍ജിനിലേക്ക് മാറിയതോടെ ZX+ എന്ന വേരിയന്റ് നല്‍കി അല്‍ട്രോസ് നിര വിപുലമാക്കിയിട്ടുണ്ട്. ടര്‍ബോ ബാഡ്‍ജിംഗ് മാറ്റി നിര്‍ത്തിയാല്‍ ഡിസൈനില്‍ കാര്യമായ മാറ്റം വരുത്താതെയാണ് പുതിയ അല്‍ട്രോസ് എത്തുന്നത്.

Follow Us:
Download App:
  • android
  • ios