ടാറ്റയുടെ പ്രീമിയം അർബൻ സെഗ്മെന്റിലുള്ള ഏറ്റവും പുതിയ ഹാച്ച്ബാക്കായ അൾട്രോസിനെ വാഹനപ്രേമികള്‍ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്.  അള്‍ട്രോസിന്റെ പുതിയ ടീസര്‍ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് ടാറ്റ.

2018 ഓട്ടോ എക്സ്പോയിലായിരുന്നു 45എക്സ് എന്ന കൺസെപ്റ്റ് മോഡലിന്‍റെ ആദ്യാവതരണം. ഇതിനാണ് പിന്നീട് അള്‍ട്രോസ് എന്ന പേരു നല്‍കിയത്.  'ആൽബട്രോസ്' എന്ന മനോഹരമായ കടൽ പക്ഷിയുടെ പേരിൽ നിന്നുമാണ് അൾട്രോസ് എന്ന പേര് ലഭിച്ചത്.  ഏറ്റവും വലിപ്പംകൂടിയ കടൽപ്പക്ഷിയാണ് ആൽബട്രോസ്.  

ഡീസല്‍ എന്‍ജിനില്‍ മാത്രമായിരിക്കും ഈ വാഹനം ആദ്യമെത്തുക എന്നാണ് സൂചനകള്‍. ടാറ്റയുടെ കോംപാക്ട് എസ്‌യുവിയായ നെക്സോണിലെ 1.2 ലിറ്റര്‍ ത്രീ സിലിണ്ടര്‍ പെട്രോള്‍, 1.5 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ ഡീസല്‍ എന്‍ജിനുകളാണ് അള്‍ട്രോസില്‍ ആദ്യം പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ 1.5 ലിറ്റര്‍ നാല് സിലിണ്ടര്‍ റെവോടോര്‍ക് എന്‍ജിനില്‍ മാത്രമാണ് അള്‍ട്രോസ് എത്തുകയെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.  നെക്‌സോണിന്റെ ഡീസല്‍ മോഡലിന് കരുത്ത് പകരുന്നതും ഇതേ എഞ്ചിന്‍ തന്നെയാണ്. 93 പിഎസ് പവറും 210 എന്‍എം ടോര്‍ക്കും അള്‍ട്രോസിലെ 1.5 ലിറ്റര്‍ എന്‍ജിന്‍ ഉത്പാദിപ്പിക്കും. അതേസമയം, നെക്‌സോണ്‍ 110 പിഎസ് പവറും 260 എന്‍എം ടോര്‍ക്കുമാണ് സൃഷ്‍ടിക്കുന്നത്. അഞ്ച് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ് മാത്രമായിരിക്കും അള്‍ട്രോസിലെ ട്രാന്‍സ്‍മിഷന്‍.

2020 തുടക്കത്തില്‍തന്നെ അല്‍ട്രോസ് പുറത്തിറക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ബലേനോയ്ക്കും ഐ 20 ക്കുമൊപ്പം ഹോണ്ട ജാസും അള്‍ട്രോസിന്‍റെ മുഖ്യ എതിരാളികളായിരിക്കും.