ടാറ്റയുടെ ആദ്യ പ്രീമിയം ഹാച്ച് ബാക്ക് മോഡലാണ് അള്‍ട്രോസ്. 2020 ജനുവരിയിലാണ് വാഹനത്തെ വിപണിയില്‍ അവതരിപ്പിക്കുന്നത്. നിലവില്‍ XE, XM, XT, XZ, XZ (O) എന്നീ വകഭേദങ്ങളായെത്തുന്ന ഈ വാഹനത്തിന്റെ പുതിയ മിഡ്-സ്പെക്ക് XM+ വേരിയൻറ് പുറത്തിറക്കാന്‍ ഒരുങ്ങുകയാണ് ടാറ്റ എന്ന് സിഗ്‍വീല്‍സ് റിപ്പോര്‍ട്ട് ചെയ്യുന്നു. 

അൾട്രോസ് XM+ക്ക് പെട്രോൾ, ഡീസൽ എഞ്ചിനുകളില്‍ ലഭ്യമാകുമെന്നും ഇതിൽ ഡീസലിനായുള്ള ഡെലിവറികൾ ഡിസംബറിൽ ആരംഭിക്കുമെന്നും ലോഞ്ച് ചെയ്‍ത ഉടൻ തന്നെ XM+ പെട്രോളിന്റെ ഡെലിവറികൾ ആരംഭിക്കും എന്നുമാണ് റിപ്പോര്‍ട്ടുകള്‍.

86 bhp കരുത്ത് ഉത്പാദിപ്പിക്കുന്ന 1.2 ലിറ്റർ പെട്രോൾ യൂണിറ്റും 90 bhp കരുത്ത് പുറപ്പെടുവിക്കുന്ന 1.5 ലിറ്റർ ഡീസൽ എഞ്ചിനും അൾട്രോസ് XM+ വേരിയന്റിൽ വാഗ്ദാനം ചെയ്യും. അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്സ് മാത്രമാണ് ട്രാൻസ്മിഷൻ ഓപ്ഷനിൽ വരുന്നത്. XM+ -ൽ ഒരു ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റിന്റെ സാന്നിദ്ധ്യം മോഡലിനെ കൂടുതൽ ആകർഷകമാക്കുന്നു.

ഡ്രൈവ് മോഡുകൾ, ഡ്യുവൽ എയർബാഗുകൾ, ABS+EBD, റിയർ പാർക്കിംഗ് സെൻസറുകൾ, പവർ വിൻഡോകൾ എന്നിവ അടിസ്ഥാന വേരിയന്റുകളിൽ നിന്നുള്ള കാരിയർ ഓവർ സവിശേഷതകളാണ്. ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, എന്നിവയ്ക്കൊപ്പം 7.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ്, സ്റ്റിയറിംഗ് മൗണ്ടഡ് ഓഡിയോ കൺട്രോളുകൾ, ഫുൾ വീൽ ക്യാപ്പുകളുള്ള 16 ഇഞ്ച് സ്റ്റീൽ വീലുകൾ, കീലെസ് എൻട്രി, വോയ്‌സ് റെക്കഗ്നിഷൻ പ്രവർത്തനം എന്നിവ പോലുള്ള അധിക സവിശേഷതകളാണ് ആൾട്രോസ് XM+ ൽ വരുന്നത്.

ഒരു വ്യക്തിക്ക് ആവശ്യമായ എല്ലാ ഉപകരണങ്ങളുമായാണ് ഇത് വരുന്നതെങ്കിലും ക്രൂയിസ് കൺട്രോൾ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, സെമി ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, കൂൾഡ് ഗ്ലോവ് ബോക്സ്, ഓട്ടോ ഹെഡ്‌ലാമ്പുകൾ, വൈപ്പറുകൾ എന്നിവ പോലുള്ള സവിശേഷതകൾ നഷ്‌ടപ്പെടുത്തുന്നു. ഹൈസ്ട്രീറ്റ് ഗോൾഡ്, അവന്യൂ വൈറ്റ്, ഡൗൺ‌ടൗൺ റെഡ്, മിഡ്‌ടൗൺ ഗ്രേ എന്നിങ്ങനെ നാല് മോണോടോൺ നിറങ്ങളിൽ മോഡൽ ലഭിക്കും. സ്കൈലൈൻ സിൽവർ ഷേഡിൽ ഈ വേരിയന്റ് കമ്പനി വാഗ്ദാനം ചെയ്യുന്നില്ല.

നിലവില്‍ വിപണിയില്‍ മികച്ച പ്രതികരണമാണ് വാഹനത്തിന്. 45 എക്‌സ് കൺസെപ്റ്റ് മോഡലെന്ന നിലയിൽ ടാറ്റ മോട്ടോഴ്‌സ് ആദ്യമായി 2018 ഫെബ്രുവരിയിൽ ഓട്ടോ എക്‌സ്‌പോയിൽ പ്രദർശിപ്പിച്ച വാഹനം,  തുടർന്ന് 2018 മാർച്ചിൽ ജനീവ ഇന്റർനാഷണൽ മോട്ടോർ ഷോയിലും പ്രദർശിപ്പിച്ചിരുന്നു.  ഫ്യൂച്ചറിസ്റ്റ് ഡിസൈനും അതിശയകരമായ പ്രൊഫൈലും കൊണ്ട് ഇരു ഷോകളിലും  45 എക്‌സ് കൺസെപ്റ്റ് പ്രേക്ഷകരെ അമ്പരപ്പിച്ചിരുന്നു.  ആശയം യാഥാർത്ഥ്യത്തിലേക്ക് വഴിമാറിക്കൊണ്ട്  ടാറ്റ മോട്ടോഴ്സ് 2019 മാർച്ചിൽ ജനീവ ഇന്റർനാഷണൽ മോട്ടോർസ് ഷോയിൽ വെച്ച് ആൽ‌ട്രോസ് ലോകത്തിന് അനാച്ഛാദനം ചെയ്‍തിരുന്നു. 'ആൽബട്രോസ്' എന്ന മനോഹരമായ കടൽ പക്ഷിയുടെ പേരിൽ നിന്നുമാണ് അൾട്രോസ് എന്ന പേര് ലഭിച്ചത്.  ഏറ്റവും വലിപ്പംകൂടിയ കടൽപ്പക്ഷിയാണ് ആൽബട്രോസ്.