രാജ്യത്തെ സെഡാന്‍ ശ്രേണിയിലേക്ക് പുതിയൊരു വാഹനത്തിന്റെ പണിപ്പുരയിലാണ് ആഭ്യന്തര വാഹന നിര്‍മ്മാതാക്കളില്‍ പ്രബലരായ ടാറ്റയെന്ന് റിപ്പോര്‍ട്ടുകള്‍. 

2018 ജനീവ ഓട്ടോഷോയില്‍ പ്രദര്‍ശിപ്പിച്ച ഇ-വിഷന്‍ കണ്‍സെപ്റ്റ് മോഡലിനോട് സാമ്യമുള്ള ഡിസൈനിലായിരിക്കും ഈ പുതിയ സെഡാന്‍ എത്തുകയെന്നാണ് സൂചന.  മാരുതി സിയാസ്, ഹ്യുണ്ടായി വെര്‍ണ, ഹോണ്ട സിറ്റി എന്നീ വാഹനങ്ങളായിരിക്കും പ്രധാനമായും ടാറ്റയുടെ സെഡാന്റെ എതിരാളികള്‍.

ടാറ്റയുടെ പ്രീമിയം ഹാച്ച്ബാക്ക് മോഡലായ അല്‍ട്രോസിന് അടിസ്ഥാനമൊരുക്കുന്ന ആല്‍ഫ പ്ലാറ്റ്‌ഫോമിലാവും ഈ സെഡാനും ഒരുങ്ങുകയെന്നും ടാറ്റയുടെ പുതിയ ഇംപാക്ട് 2.0 ഡിസൈന്‍ ശൈലി ഈ വാഹനത്തിലും ഉണ്ടാകുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

നെക്‌സോണിന്റെ ഡീസല്‍ പതിപ്പിന് കരുത്തേകുന്ന 1.5 ലിറ്റര്‍ എന്‍ജിനിലും 1.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിനുമായിരിക്കും ഈ സെഡാന്‍റെ ഹൃദയം. ഓട്ടോമാറ്റിക്, മാനുവല്‍ ട്രാന്‍സ്മിഷനുകളില്‍ ഈ വാഹത്തില്‍ സ്ഥാനം പിടിക്കും. 

ലക്ഷ്വറി കാറുകളോട് കിടപിടിക്കുന്ന രൂപത്തിലായിരുന്നു ഇ-വിഷന്‍ കണ്‍സെപ്റ്റ് എത്തിയത്. ഫോര്‍ ഡോര്‍ കണ്‍സെപ്റ്റില്‍ നേര്‍ത്ത എല്‍ഇഡി ഹെഡ്ലൈറ്റാണ് മുന്‍ഭാഗത്തെ  ആകര്‍ഷണം. ബംബറില്‍ ഒഴുകി നടക്കുന്ന വിധത്തിലാണ് എല്‍ഇഡി ഡേ ടൈം റണ്ണിങ് ലൈറ്റ്. ഇതിന് മുകളിലായി ടാറ്റ ലോഗോ. പിന്നിലും എല്‍ഇഡിയാണ് ടെയില്‍ ലാംമ്പ്. ബൂട്ട് ലിഡിലാണ് ഇ-വിഷന്‍ ബാഡ്ജിങ്ങ്. 

ത്രീ സ്പോക്കാണ് സ്റ്റിയറിങ് വീല്‍, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ഡാഷ്‍ ബോര്‍ഡിലെ നീളമേറിയ ഡിസ്പ്ലേ, ബീജ് ലെതര്‍ അപ്ഹോള്‍ട്രെ തുടങ്ങിയവ അകത്തളത്തെ സമ്പന്നമാക്കുന്നു. ഡാഷ്ബോര്‍ഡിലും ഡോര്‍ ഹാന്‍ഡിലും വുഡണ്‍ ട്രിം പീസുകളും നല്‍കി. ഇലക്ട്രിക്കായി അഡ്ജസ്റ്റ് ചെയ്യാവുന്ന റിയര്‍ സീറ്റുകളും പ്രത്യേകതയാണ്.