ജനപ്രിയ എസ്​യുവി ഹാരിയറിന്‍റെ ഏഴ്​ സീറ്റർ വകഭേദവുമായി ടാറ്റ. ഗ്രാവിറ്റാസ്​ എന്നുപേരിട്ട ഈ വാഹനം 2020ൽ ഇന്ത്യയിലെത്തും.  ഹാരിയറുമായി ഡിസൈനിൽ കാര്യമായ വ്യത്യാസങ്ങളൊന്നുമില്ലാത്ത ഗ്രാവിറ്റാസിനെ  2019 ജനീവ മോ​ട്ടോർ ഷോയിലാണ്​ ആദ്യം അവതരിപ്പിച്ചത്​.

ടാറ്റയും ജാഗ്വാര്‍ ലാന്‍ഡ് റോവറും സംയുക്തമായി വികസിപ്പിച്ച ഒമേഗ പ്ലാറ്റ്‌ഫോമിലാണ് സെവന്‍ സീറ്റര്‍ എസ്‍യുവിയുടെയും നിര്‍മ്മാണം. നിലവില്‍ അഞ്ച് സീറ്ററാണ് ഹാരിയര്‍. ഇതിന്‍റെ ഇൻറീരിയറിൽ ഒരുനിര സീറ്റ്​ കൂടി അധികമായി ഉൾപ്പെടുത്തിയാവും ഗ്രാവിറ്റാസ് എത്തുക. 2.0 ലിറ്റർ ഡീസൽ എൻജിനാണ്​ ഗ്രാവിറ്റാസി​ന്‍റെയും ഹൃദയം. പക്ഷേ ട്യൂണിങ്ങിൽ മാറ്റം വരുത്തി കൂടുതൽ കരുത്ത്​ നൽകും. 

ഈ ബിഎസ്​ 6 എൻജിൻ 170 പിഎസ്​ പവറും 350 എന്‍എം ടോർക്കും സൃഷ്‍ടിക്കും. ആറ്​ സ്​പീഡ്​ മാനുവലാണ്​ ട്രാൻസ്​മിഷൻ. ഹ്യുണ്ടായിയുടെ സഹകരണത്തോടെ വികസിപ്പിച്ച ആറ്​ സ്​പീഡ്​ ഓ​ട്ടോമാറ്റിക്​ ട്രാൻസിഷനും വാഹനത്തിലുണ്ടാകും. പെട്രോൾ എൻജിനിലും വാഹനം എത്തിയേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. 

 ഫെബ്രുവരിയില്‍ നടക്കാനിരിക്കുന്ന 2020 ഇന്ത്യ ഓട്ടോ എക്‌സ്‌പോയിലായിരിക്കും ഇതിന്റെ ആദ്യ പ്രദര്‍ശനം. വാഹനത്തിന്റെ വില സംബന്ധിച്ച വിവരങ്ങളൊന്നും ടാറ്റ വ്യക്തമാക്കിയിട്ടില്ല. 15 ലക്ഷം റേഞ്ചിലായിരിക്കും വാഹനത്തിന്റെ പ്രാരംഭ വിലയെന്നാണ് സൂചനകള്‍.