Asianet News MalayalamAsianet News Malayalam

ചൈനയ്‍ക്കുള്ള ടാറ്റയുടെ 'പണി' അവസാനഘട്ടത്തില്‍; പരീക്ഷണം തകൃതി!

ടാറ്റയും ജാഗ്വാര്‍ ലാന്‍ഡ് റോവറും സംയുക്തമായി വികസിപ്പിച്ച ഒമേഗ പ്ലാറ്റ്‌ഫോമിലാണ് ഈ സെവന്‍ സീറ്റര്‍ എസ്‍യുവിയുടെയും നിര്‍മ്മാണം. 

Tata Gravitas SUV Spied Again At Pune
Author
Pune, First Published Aug 7, 2020, 10:43 AM IST

ഇന്ത്യയിലെ എസ്‌യുവി ശ്രേണി പിടിച്ചെടുക്കാനുള്ള ടാറ്റയുടെ തുറുപ്പുചീട്ടാണ് പണിപ്പുരയില്‍ ഒരുങ്ങുന്ന ഗ്രാവിറ്റാസ് അഥവാ ജനപ്രിയ എസ്‌യുവി ഹാരിയറിന്റെ ഏഴ് സീറ്റര്‍ പതിപ്പ്. ചൈനീസ് വാഹന നിര്‍മ്മാതാക്കളായ എംജിയുടെ ഹെക്ടര്‍ പ്ലസിന്‍റെ മുഖ്യ എതിരാളിയായി എത്തുന്ന ഈ വാഹനത്തിന്റെ പരീക്ഷണയോട്ടത്തിന്‍റെ തിരക്കിലാണ് ടാറ്റ. 

മോഡലിന്‍റെ പ്രൊഡക്ഷന്‍ പതിപ്പിന്‍റെ ഉള്‍പ്പെടെ വാഹനത്തിന്റെ പരീക്ഷണയോട്ടത്തിന്‍റെ ചിത്രങ്ങള്‍ നേരത്തെ നിരവധി തവണ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ വീണ്ടും അത്തരമൊരു ചിത്രം കൂടി ക്യാമറകള്‍ കണ്ടെത്തിയിരിക്കുന്നു. പൂനെയിലെ നിരത്തുകളിലൂടെ മൂടിക്കെട്ടിയ നിലയില്‍ പരീക്ഷണയോട്ടം നടത്തുന്നതിനിടയിലാണ് ഇത്തവണ ഗ്രാവിറ്റാസ് ക്യാമറക്കണ്ണുകളില്‍ കുടുങ്ങിയത്.  

ടാറ്റയും ജാഗ്വാര്‍ ലാന്‍ഡ് റോവറും സംയുക്തമായി വികസിപ്പിച്ച ഒമേഗ പ്ലാറ്റ്‌ഫോമിലാണ് ഈ സെവന്‍ സീറ്റര്‍ എസ്‍യുവിയുടെയും നിര്‍മ്മാണം. നിലവില്‍ അഞ്ച് സീറ്ററാണ് ഹാരിയര്‍. ഇതിന്‍റെ ഇൻറീരിയറിൽ ഒരുനിര സീറ്റ് കൂടി അധികമായി ഉൾപ്പെടുത്തിയാവും ഗ്രാവിറ്റാസ് എത്തുക.

അഞ്ച് സീറ്റര്‍ എസ്‍യുവിയായ ഹാരിയറിന്റെ വിപുലീകൃത പതിപ്പാണ് പുതിയ ആറ് സീറ്റര്‍ ഗ്രാവിറ്റാസ്. ആറ്, ഏഴ് സീറ്റ് ഘടനയില്‍ വാഹനം വിപണിയില്‍ ലഭ്യമാകും. ആറ് സീറ്റര്‍ പതിപ്പിന് രണ്ടാം നിരയില്‍ ക്യാപ്റ്റന്‍ സീറ്റുകളും ഏഴ് സീറ്റര്‍ മോഡലില്‍ രണ്ടാമത്തെയും മൂന്നാമത്തെയും വരിയില്‍ ബെഞ്ച് തരത്തിലുള്ള സീറ്റുകള്‍ ഉണ്ടാകും.

18 ഇഞ്ച് ഡ്യുവല്‍ ടോണ്‍ അലോയി വീലുകള്‍, ഇന്റഗ്രേറ്റഡ് റൂഫ് റെയില്‍സ്, ഓട്ടോമാറ്റിക് ബൈ-സെനോണ്‍ ഹെഡ്‌ലാമ്പുകള്‍, ഇലക്ട്രിക് പാര്‍ക്കിംഗ് ബ്രേക്ക്, 8.8 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഫാന്‍ സ്പീഡ് കണ്‍ട്രോള്‍ ഉള്ള എസി വെന്റുകളും മൂന്നാം നിരയില്‍ യുഎസ്ബി ചാര്‍ജിംഗ് പോര്‍ട്ടും വാഹനത്തില്‍ കമ്പനി ഉള്‍പ്പെടുത്തിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

2.0 ലിറ്റർ ഡീസൽ എൻജിനാണ് ഗ്രാവിറ്റാസിന്‍റെയും ഹൃദയം എന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പക്ഷേ ട്യൂണിങ്ങിൽ മാറ്റം വരുത്തി കൂടുതൽ കരുത്ത് നൽകിയേക്കും എന്നും സൂചനകളുണ്ട്.

ഈ ബിഎസ് 6 എൻജിൻ 170 പിഎസ് പവറും 350 എന്‍എം ടോർക്കും സൃഷ്‍ടിക്കും. ആറ് സ്പീഡ് മാനുവലാണ് ട്രാൻസ്മിഷൻ. ഹ്യുണ്ടായിയുടെ സഹകരണത്തോടെ വികസിപ്പിച്ച ആറ് സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസിഷനും വാഹനത്തിലുണ്ടാകും. പെട്രോൾ എൻജിനിലും വാഹനം എത്തിയേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

ഈ വാഹനം ഉത്സവ സീസണിലോ 2021 തുടക്കത്തിലോ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്തായാലും പ്രീമിയം വാഹന ശ്രേണി വികസിപ്പിക്കുന്നതിന് ടാറ്റ മോട്ടോർസിനെ ഈ എസ്‌യുവി തീർച്ചയായും സഹായിക്കും. എംജി ഹെക്ടര്‍ പ്ലസിനെ കൂടാതെ മഹീന്ദ്ര XUV500, ഹ്യുണ്ടായി ക്രെറ്റയുടെ ഏഴു സീറ്റര്‍ പതിപ്പ് എന്നിവരാകും ഗ്രാവിറ്റാസിന്‍റെ മുഖ്യ എതിരാളികള്‍. 15 ലക്ഷം രൂപ മുതല്‍ 22 ലക്ഷം രൂപ വരെ വാഹനത്തിന് വില പ്രതീക്ഷിക്കാം എന്നാണ് റിപ്പോര്‍ട്ടുകള്‍. 

Follow Us:
Download App:
  • android
  • ios