Asianet News MalayalamAsianet News Malayalam

തുറുപ്പുചീട്ടിന്‍റെ പേരുമാറ്റി ടാറ്റയുടെ പൂഴിക്കടകന്‍, ചുവടുപിഴച്ച് ചൈനീസ് കമ്പനി!

എന്നാല്‍ ഇപ്പോഴിതാ വാഹനലോകത്തെയാകെ അമ്പരപ്പിച്ചുകൊണ്ട് ഈ മോഡലിന്‍റെ പുതിയ പേര് ടാറ്റ പുറത്തുവിട്ടിരിക്കുന്നു. ഒരുകാലത്ത് ടാറ്റയുടെ സൂപ്പർഹിറ്റ് വാഹനങ്ങളിലൊന്നായിരുന്ന സഫാരിയുടെ അതേ പേരിലാണ് പുതിയ മോഡലിന്‍റെ വരവ്.

Tata Gravitas to be launched as the new Tata Safari rival of MG Hector Plus
Author
Mumbai, First Published Jan 7, 2021, 3:44 PM IST

ഇന്ത്യയിലെ എസ്‌യുവി ശ്രേണി പിടിച്ചെടുക്കാനുള്ള ടാറ്റയുടെ ഒരു തുറുപ്പുചീട്ടിനെപ്പറ്റി ഏറെക്കാലമായി കേട്ടു തുടങ്ങിയിട്ട്.  ജനപ്രിയ എസ്‌യുവിയായ ഹാരിയറിന്റെ ഏഴ് സീറ്റര്‍ പതിപ്പായ ഈ മോഡല്‍ ഗ്രാവിറ്റാസ് എന്ന പേരിലായിരുന്നു പണിപ്പുരയില്‍ ഒരുങ്ങുന്നതെന്നായിരുന്നു ഇതുവരെയുള്ള വിവരങ്ങള്‍. എന്നാല്‍ ഇപ്പോഴിതാ വാഹനലോകത്തെയാകെ അമ്പരപ്പിച്ചുകൊണ്ട് ഈ മോഡലിന്‍റെ പുതിയ പേര് ടാറ്റ പുറത്തുവിട്ടിരിക്കുന്നു. ഒരുകാലത്ത് ടാറ്റയുടെ സൂപ്പർഹിറ്റ് വാഹനങ്ങളിലൊന്നായിരുന്ന സഫാരിയുടെ അതേ പേരിലാണ് പുതിയ മോഡലിന്‍റെ വരവെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. സഫാരി എന്ന് പേരിലായിരിക്കും വാഹനം എത്തുകയെന്നും ബുക്കിംഗ് ഉടന്‍ തുടങ്ങുമെന്നും ഓട്ടോ കാര്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

Tata Gravitas to be launched as the new Tata Safari rival of MG Hector Plus

ചൈനീസ് വാഹന നിര്‍മ്മാതാക്കളായ എംജിയുടെ ഹെക്ടര്‍ പ്ലസിന്‍റെ മുഖ്യ എതിരാളിയായി എത്തുന്ന ഈ വാഹനം റിപ്പബ്ലിക്ക് ദിനത്തില്‍ അവതരിപ്പിക്കപ്പെടുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കൊറോണ വൈറസ് വ്യാപനവും മറ്റും കാരണമാണ് കഴിഞ്ഞ ഓട്ടോ എക്സ്‍പോയിൽ അവതരിപ്പിച്ച ഗ്രാവിറ്റാസിന്റെ അരങ്ങേറ്റം വൈകിയത്. 2021 ജനുവരി 26ന് അവതരിപ്പിക്കുന്ന വാഹനം ഫെബ്രുവരിയോടെ വിപണിയിലേക്കും എത്തും എന്നാണ് റിപ്പോര്‍ട്ടുകള്‍. 

1998 ലാണ് ആദ്യ സഫാരി ഇന്ത്യന്‍ നിരത്തുകളിലേക്ക് എത്തുന്നത്.  ഇന്ത്യൻ വാഹനലോകത്തിന് അന്നുവരെ അന്യമായിരുന്നൊരു മോഡലായിരുന്നു ടാറ്റ സഫാരി. ടാറ്റയുടെ ആദ്യ എസ്‍യുവികളിലൊന്നായ സഫാരി പിന്നീട് ഇന്ത്യൻ വാഹനലോകത്തെ കരുത്തിന്റെ പ്രതീകമായി. ഇന്ത്യൻ സൈന്യത്തിൽ വരെ സാന്നിധ്യമറിയിച്ച ഈ എസ്‌യുവി 2019 ലാണ് നിരത്തൊഴിയുന്നത്. വിപണിയിൽ നിന്ന് പിൻമാറിയെങ്കിലും വാഹനപ്രേമികളുടെ മനസിൽ ചിരപ്രതിഷ്ഠ നേടിയ വാഹനമാണിത്. അതുകൊണ്ടുതന്നെ സഫാരി എന്ന പേരിന്റെ ജനപ്രീതി പുതിയ എസ്‌യുവിക്ക് ഒരു മുതൽക്കൂട്ടാകും എന്നാണ് ടാറ്റ പ്രതീക്ഷിക്കുന്നത്.

മോഡലിന്‍റെ പ്രൊഡക്ഷന്‍ പതിപ്പിന്‍റെ ഉള്‍പ്പെടെ വാഹനത്തിന്റെ പരീക്ഷണയോട്ടത്തിന്‍റെ ചിത്രങ്ങള്‍ നേരത്തെ നിരവധി തവണ പുറത്തുവന്നിരുന്നു. അടുത്തിടെയും ചില ചിത്രങ്ങള്‍ കൂടി പുറത്തുവന്നിരുന്നു.  മൂടിക്കെട്ടലുകള്‍ ഇല്ലാതെയുള്ള ചിത്രമാണ് കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഇതാദ്യമായാണ് വാഹനത്തെ മൂടിക്കെട്ടലുകളില്ലാതെ ദൃശ്യമാകുന്നത്. 

വാഹനത്തിന്‍റെ പിന്നില്‍ നിന്നുള്ള ഈ ചിത്രത്തില്‍ വാഹനത്തിന്റെ ഡിസൈന്‍ പൂര്‍ണമായും വ്യക്തമാകുന്നുണ്ട്. എല്‍.ഇ.ഡി ടെയ്ല്‍ലാമ്പ്, ക്രോമിയം ലൈന്‍, ഹാച്ച്‌ഡോറിന്റെ താഴെയായി ഗ്രാവിറ്റാസ് ബാഡ്ജിങ്ങ്, സ്‌കിഡ് പ്ലേറ്റുകള്‍ നല്‍കിയുള്ള ഡ്യുവല്‍ ടോണ്‍ ബംമ്പര്‍ എന്നിവയാണ് പിന്‍വശത്തുള്ളത്. 

ടാറ്റയും ജാഗ്വാര്‍ ലാന്‍ഡ് റോവറും സംയുക്തമായി വികസിപ്പിച്ച ഒമേഗ പ്ലാറ്റ്‌ഫോമിലാണ് ഈ സെവന്‍ സീറ്റര്‍ എസ്‍യുവിയുടെയും നിര്‍മ്മാണം. നിലവില്‍ അഞ്ച് സീറ്ററാണ് ഹാരിയര്‍. ഇതിന്‍റെ ഇൻറീരിയറിൽ ഒരുനിര സീറ്റ് കൂടി അധികമായി ഉൾപ്പെടുത്തിയാവും ഗ്രാവിറ്റാസ് എത്തുക. മുഖഭാവത്തില്‍ ഹാരിയറും ഗ്രിവിറ്റാസും ഒരു പോലെയായിരിക്കുമെന്നാണ് ഓട്ടോ എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിച്ച കണ്‍സെപ്റ്റ് മോഡല്‍ വ്യക്തമാക്കിയത്. 

അഞ്ച് സീറ്റര്‍ എസ്‍യുവിയായ ഹാരിയറിന്റെ വിപുലീകൃത പതിപ്പാണ് പുതിയ ആറ് സീറ്റര്‍ ഗ്രാവിറ്റാസ്. ആറ്, ഏഴ് സീറ്റ് ഘടനയില്‍ വാഹനം വിപണിയില്‍ ലഭ്യമാകും. ആറ് സീറ്റര്‍ പതിപ്പിന് രണ്ടാം നിരയില്‍ ക്യാപ്റ്റന്‍ സീറ്റുകളും ഏഴ് സീറ്റര്‍ മോഡലില്‍ രണ്ടാമത്തെയും മൂന്നാമത്തെയും വരിയില്‍ ബെഞ്ച് തരത്തിലുള്ള സീറ്റുകള്‍ ഉണ്ടാകും.

18 ഇഞ്ച് ഡ്യുവല്‍ ടോണ്‍ അലോയി വീലുകള്‍, ഇന്റഗ്രേറ്റഡ് റൂഫ് റെയില്‍സ്, ഓട്ടോമാറ്റിക് ബൈ-സെനോണ്‍ ഹെഡ്‌ലാമ്പുകള്‍, ഇലക്ട്രിക് പാര്‍ക്കിംഗ് ബ്രേക്ക്, 8.8 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഫാന്‍ സ്പീഡ് കണ്‍ട്രോള്‍ ഉള്ള എസി വെന്റുകളും മൂന്നാം നിരയില്‍ യുഎസ്ബി ചാര്‍ജിംഗ് പോര്‍ട്ടും വാഹനത്തില്‍ കമ്പനി ഉള്‍പ്പെടുത്തിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

2.0 ലിറ്റർ ഡീസൽ എൻജിനാണ് ഗ്രാവിറ്റാസിന്‍റെയും ഹൃദയം എന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പക്ഷേ ട്യൂണിങ്ങിൽ മാറ്റം വരുത്തി കൂടുതൽ കരുത്ത് നൽകിയേക്കും എന്നും സൂചനകളുണ്ട്. ഈ ബിഎസ് 6 എൻജിൻ 170 പിഎസ് പവറും 350 എന്‍എം ടോർക്കും സൃഷ്‍ടിക്കും. ആറ് സ്പീഡ് മാനുവലാണ് ട്രാൻസ്മിഷൻ. ഹ്യുണ്ടായിയുടെ സഹകരണത്തോടെ വികസിപ്പിച്ച ആറ് സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസിഷനും വാഹനത്തിലുണ്ടാകും. പെട്രോൾ എൻജിനിലും വാഹനം എത്തിയേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

എംജി ഹെക്ടര്‍ പ്ലസിനെ കൂടാതെ മഹീന്ദ്ര XUV500, ഹ്യുണ്ടായി ക്രെറ്റയുടെ ഏഴു സീറ്റര്‍ പതിപ്പ് എന്നിവരാകും പുത്തന്‍ സഫാരിയുടെ മുഖ്യ എതിരാളികള്‍. 15 ലക്ഷം രൂപ മുതല്‍ 22 ലക്ഷം രൂപ വരെ വാഹനത്തിന് വില പ്രതീക്ഷിക്കാം എന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രീമിയം വാഹന ശ്രേണി വികസിപ്പിക്കുന്നതിന് ടാറ്റ മോട്ടോർസിനെ ഈ എസ്‌യുവി തീർച്ചയായും സഹായിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. 

Follow Us:
Download App:
  • android
  • ios