മിഡ്-സൈസ് എസ്‌യുവി സെഗ്മെന്‍റിലെ വില്‍പ്പന കണക്കുകള്‍ പുറത്തുവരുമ്പോള്‍ ചൈനീസ് - കൊറിയന്‍ കമ്പനികളെ മലയര്‍ത്തിയടിച്ച് ടാറ്റ

2021 സെപ്റ്റംബര്‍ മാസത്തിലെ മിഡ്-സൈസ് എസ്‌യുവി (Mid Size SUV) സെഗ്മെന്‍റിലെ വില്‍പ്പന കണക്കുകള്‍ പുറത്ത്. 7.75 ശതമാനം ഇടിവാണ് ഈ സെഗ്മെന്റില്‍ രേഖപ്പെടുത്തിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. 

ടാറ്റ ഹാരിയറും ജീപ്പ് കോംപസും ഒഴികെയുള്ള എല്ലാ മോഡലുകളുടെയും വില്‍പ്പനയില്‍ ഇടിവാണ് റിപ്പോര്‍ട്ട് ചെയ്‍തിരിക്കുന്നത്. ഈ വിഭാഗത്തിലെ മൊത്തം വില്‍പ്പനയില്‍ 2021 ഓഗസ്റ്റിലെ 12,805 യൂണിറ്റുകളെ അപേക്ഷിച്ച് 2021 സെപ്റ്റംബറില്‍ മൊത്തം 11,813 യൂണിറ്റുകള്‍ മാത്രമാണ് വിറ്റത്.

സെപ്റ്റംബറില്‍, എംജി ഹെക്ടറിനും ഹ്യുണ്ടായി അല്‍കാസറിനുമെതിരെ ഹാരിയര്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ഇതോടെ വിഭാഗത്തില്‍ ഒന്നാമതെത്താനും മോഡലിന് സാധിച്ചു. മൊത്തം 2,821 യൂണിറ്റുകള്‍ ഈ മാസം വിറ്റപ്പോള്‍, 2021 ഓഗസ്റ്റില്‍ 2,743 യൂണിറ്റുകള്‍ മാത്രമാണ് കമ്പനി വിറ്റിരുന്നത്. ഹാരിയറിന്റെ പ്രതിമാസ വില്‍പ്പന കണക്കുകള്‍ താരതമ്യം ചെയ്താല്‍ 2.84 ശതമാനമാണ് വളര്‍ച്ച. മുന്‍ മാസത്തില്‍, ഹാരിയര്‍ മൂന്നാം സ്ഥാനത്തായിരുന്നു. അല്‍കസാര്‍ (3,486 യൂണിറ്റുകള്‍), ഹെക്ടര്‍ (3,276 യൂണിറ്റുകള്‍) എന്നിവയ്ക്ക് പിന്നിലാണ്. സെപ്റ്റംബറിലെ ഹാരിയര്‍ വിപണി വിഹിതം 23.88 ശതമാനം ആണ്.

സെപ്റ്റംബറില്‍ 2,722 യൂണിറ്റ് വില്‍പ്പനയുമായി ഹെക്ടര്‍ പട്ടികയില്‍ രണ്ടാമതാണ്. പ്രതിമാസ വില്‍പ്പനയില്‍ 16.91 ശതമാനം ഇടിവാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഓഗസ്റ്റ് മാസത്തെ അപേക്ഷിച്ച് ഹെക്ടര്‍ സെപ്റ്റംബര്‍ വിപണി വിഹിതം 23.04 ശതമാനം ആണ്. ഏകദേശം 2.54 ശതമാനത്തിന്‍റേതാണ് ഇടിവ്. 

ശ്രേണിയില്‍ മൂന്നാം സ്ഥാനത്ത് 1,929 യൂണിറ്റുകളുടെ വില്‍പ്പനയുള്ള അല്‍ക്കസറാണ്. പ്രതിമാസ വില്‍പ്പന 44.38 ശതമാനം കുറഞ്ഞുവെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. അതോടൊപ്പം വിപണി വിഹിതവും വലിയ രീതിയില്‍ ഇടിഞ്ഞു. നിലവില്‍ വിപണി വിഹിതം 16.33 ശതമാനം ആണ്, ഓഗസ്റ്റിനെ അപേക്ഷിച്ച് 10.75 ശതമാനം ഇടിവാണ് ഉണ്ടായിരിക്കുന്നത്.

സെപ്റ്റംബറില്‍ 1,500 യൂണിറ്റ് വില്‍പ്പനയുമായി ടാറ്റ സഫാരി നാലാം സ്ഥാനത്തെത്തി. 2021 ഓഗസ്റ്റില്‍ വിറ്റ 1,762 യൂണിറ്റുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ പ്രതിമാസ വില്‍പ്പനയില്‍ 14.87 ശതമാനം ഇടിവാണ് കമ്പനി റിപ്പോര്‍ട്ട് ചെയ്യുന്നത്. വിപണി വിഹിതം 12.70 ശതമാനം ആണ്, വില്‍പ്പനയെ അടിസ്ഥാനമാക്കി 1.06 ശതമാനത്തിന്റെ ഇടിവാണ് വിപണി വിഹിതത്തില്‍ ഉണ്ടായിരിക്കുന്നത്.

അടുത്തിടെ പുറത്തിറക്കിയ മഹീന്ദ്ര XUV700 സെപ്റ്റംബറില്‍ 1,370 യൂണിറ്റുകളുടെ വില്‍പ്പനയോടെ അഞ്ചാമതാണ്. പ്രദര്‍ശനത്തിനും ടെസ്റ്റ് ഡ്രൈവിനുമായി ഇന്ത്യയിലുടനീളമുള്ള ഡീലര്‍മാര്‍ക്ക് അയച്ച യൂണിറ്റുകളാണിത്. XUV700 വിപണി വിഹിതം 11.60 ശതമാനം ആണ്. ഡെലിവറികള്‍ ആരംഭിക്കുമ്പോള്‍, വരും മാസങ്ങളില്‍ XUV700 പട്ടികയില്‍ മുന്നേറാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഏകദേശം 3 മണിക്കൂറിനുള്ളില്‍ 50,000 യൂണിറ്റുകളുടെ ബുക്കിംഗ് എസ്‌യുവിക്ക് ലഭിച്ചത് വലിയ വാര്‍ത്തയായിരുന്നു.

2018 ഓട്ടോ എക്സ്പോയിൽ H5X എന്ന പേരിൽ അവതരിപ്പിച്ച വാഹനമാണ് ഹാരിയർ. തുടര്‍ന്ന് 2019 ജനുവരി ആദ്യവാരമാണ് വാഹനത്തെ ടാറ്റ വിപണിയില്‍ അവതരിപ്പിച്ചത്. കുറഞ്ഞ വിലയില്‍ ശക്തമായ സുരക്ഷയും വമ്പന്‍ സാങ്കേതികവിദ്യയും സമ്മാനിച്ച വാഹനത്തിന് അന്നുമുതല്‍ വിപണിയില്‍ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. 

ജാഗ്വാർ ആന്റ് ലാന്റ് റോവറുമായി ചേർന്ന് ഒപ്ടിമൽ മോഡുലാർ എഫിഷ്യൻറ് ഗ്ലോബൽ അഡ്വാൻസ്ഡ് സാങ്കേതികവിദ്യയനുസരിച്ച് വാഹനത്തിന്‍റെ രൂപകല്‍പ്പന. ജാഗ്വാർ ആന്‍റ് ലാന്‍ഡ് റോവറിന്‍റെ ഡി8 പ്ലാറ്റ് ഫോമിലാണ് വാഹനം നിർമ്മിച്ചിരിക്കുന്നത്. 2.2 ദശലക്ഷം കിലോമീറ്റർ വരുന്ന ദുർഘടമായ പാതകളിലൂടെ ഹാരിയർ ഡ്രൈവ് ചെയ്ത് പരീക്ഷണങ്ങൾ നടത്തിയിട്ടുണ്ട്. പൂനെയിലെ 90 ശതമാനവും ഓട്ടോമേറ്റഡായ പുതിയ അസംബ്ലി ലൈനിലാണ് ഹാരിയർ നിർമ്മിച്ചിരിക്കുന്നത്. XE, XM, XT, XT+, XZ, XZ+ എന്നിങ്ങനെ ആറ് വ്യത്യസ്‌ത വകഭേദങ്ങളിലായി 22 ഓളം വേരിയന്റുകളാണ് ഹാരിയറില്‍ ടാറ്റ വാഗ്‌ദാനം ചെയ്യുന്നത്. 

പരമാവധി 170 bhp കരുത്തിൽ 350 Nm torque ഉത്പാദിപ്പിക്കുന്ന ഫിയറ്റിൽ നിന്നുള്ള 2.0 ലിറ്റർ ക്രയോടെക് ഡീസൽ എഞ്ചിനാണ് ടാറ്റ ഹാരിയറിന്റെ ഹൃദയം. ആറ് സ്പീഡ് മാനുവൽ അല്ലെങ്കിൽ ഹ്യുണ്ടായിയിൽ നിന്നും കടമെടുത്ത ആറു സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷൻ ഉപയോഗിച്ച് വാഹനം തെരഞ്ഞെടുക്കാം. എസ്‌യുവിയിൽ 8.8 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റി, കണക്റ്റഡ് കാർ-ടെക്, പനോരമിക് സൺറൂഫ് തുടങ്ങിയ സംവിധാനങ്ങളെല്ലാം കമ്പനി വാഗ്‌ദാനം ചെയ്യുന്നുണ്ട്. ഒപ്പം സെനോൺ എച്ച്ഐഡി പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, 6-വേ ഇലക്ട്രിക്കലി ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ്, 9-സ്പീക്കർ ജെബിഎല്ലിൽ നിന്നുള്ള പ്രീമിയം ഓഡിയോ സിസ്റ്റം, ക്രൂയിസ് കൺട്രോൾ, ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിനായുള്ള 7 ഇഞ്ച് ഡിസ്പ്ലേ, ഒരു ഓട്ടോ-ഡിമ്മിംഗ് ഐആർവിഎം, മൾട്ടിപ്പിൾ ഡ്രൈവ് മോഡുകൾ തുടങ്ങിയവയും ടാറ്റ ഹാരിയറിലെ പ്രധാന സവിശേഷതകളാണ്.

ഹിൽ ഹോൾഡ് കൺട്രോൾ, ഹിൽ ഹോൾഡ് ഡിസെന്റ്, ഇബിഡിയുള്ള എബിഎസ്, 6 എയർബാഗുകൾ, ട്രാക്ഷൻ കൺട്രോൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, റോൾഓവർ മിറ്റിഗേഷൻ, റിയർ പാർക്കിംഗ് സെൻസറുകൾ, റിവേഴ്സ് പാർക്കിംഗ് ക്യാമറ തുടങ്ങിയവ ഹാരിയറിന് സുരക്ഷ ഒരുക്കുന്നു. ഡേറ്റോണ ഗ്രേ, കാമോ ഗ്രീൻ, ഡാർക്ക് (ഒബറോൺ ബ്ലാക്ക്), ഓർക്കസ് വൈറ്റ്, കാലിപ്സോ റെഡ് എന്നിങ്ങനെ അഞ്ച് നിറങ്ങളിൽ അണിഞ്ഞൊരുങ്ങിയാണ് ടാറ്റ ഹാരിയർ വിപണിയിൽ എത്തുന്നത്. ഇവയെ ഓർക്കസ് വൈറ്റ്, കാലിപ്സോ റെഡ് എന്നിവയെ വ്യത്യസ്തമായ കറുത്ത മേൽക്കൂരയുമായി ജോടിയാക്കാനും സാധിക്കും. 

എംജി ഹെക്‌ടര്‍, ജീപ്പ് കോംപസ്, മഹീന്ദ്രയുടെ പുതിയ XUV700, പഴയ XUV500 തുടങ്ങിയ മോഡലുകളാണ് ടാറ്റ ഹാരിയറിന്‍റെ വിപണിയിലെ മുഖ്യ എതിരാളികള്‍. 14.39 ലക്ഷം രൂപ മുതൽ 21.90 ലക്ഷം രൂപ വരെയാണ് ഹാരിയർ എസ്‌യുവിയുടെ ഇന്ത്യയിലെ എക്സ്ഷോറൂം വില.