Asianet News MalayalamAsianet News Malayalam

ഇത് ആളെക്കൊല്ലും പപ്പടമല്ല, ടാറ്റയുടെ യശസുയര്‍ത്തിയ ഹെക്സ!

കഴിഞ്ഞ ദിവസം അപകടത്തില്‍പ്പെട്ട ഒരു ഹെക്‌സയാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ താരം

Tata Hexa  Crsah At Shimoga
Author
Shivamogga, First Published Apr 15, 2019, 6:57 PM IST

41,413 കിലോഗ്രാം ഭാരമുള്ള  വിമാനത്തെ അനായാസം കെട്ടിവലിക്കുന്ന വലിക്കുന്ന ടാറ്റ ഹെക്സയുടെ ദൃശ്യങ്ങള്‍ വാഹനപ്രേമികള്‍ മറന്നുകാണില്ല. കുഴിയില്‍ വീണ ഇന്നോവ ക്രിസ്റ്റയ്ക്കും മഹീന്ദ്ര സ്കോര്‍പ്പിയോയ്ക്കും രക്ഷകനായതും കനത്ത മഴയിൽ കടപുഴകി വീണ മരത്തിന്റെ അടിയിൽ നിന്നും രക്ഷപ്പെട്ടതും ഹെക്സയുടെ ചരിത്രത്തിലെ വീരഗാഥകളാണ്. 

ഇങ്ങനെ സുരക്ഷയുടെ കാര്യത്തില്‍ ടാറ്റയുടെ യശസ് വാനോളം ഉയര്‍ത്തിയ പ്രിമിയം ക്രോസോവറായ ഹെക്സയുടെ വീരകഥകള്‍ അവസാനിക്കുന്നില്ല. കഴിഞ്ഞ ദിവസം കര്‍ണാടകയിലെ ശിവമോഗയിലെ കുംസിയില്‍ അപകടത്തില്‍പ്പെട്ട ഒരു ഹെക്‌സയാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ താരം. 

നിയന്ത്രണം നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് റോഡില്‍ നിന്നും തെന്നിമാറി വൈദ്യുത ടവറിലേക്ക് വാഹനം ഇടിച്ചിറങ്ങി. അപകടത്തില്‍ വാഹനം പൂര്‍ണമായി തകര്‍ന്നെങ്കിലും വലിയ പരിക്കൊന്നും ഏല്‍ക്കാതെ യാത്രക്കാര്‍  രക്ഷപ്പെട്ടു. തകര്‍ന്ന വാഹനത്തിന്റെ ഡോറുകള്‍ അനായാസേന തുറന്നാണ് യാത്രികര്‍ പുറത്തെത്തിയത്. 

നായ റോഡിന് കുറുകെ ചാടിയതിനെ തുടര്‍ന്നാണ് അപകടം. നായയെ ഇടിക്കാതിരിക്കാനുള്ള  ശ്രമത്തിനിടെ നിയന്ത്രണം നഷ്‍ടമായ വാഹനം വൈദ്യുത ടവറിലേക്ക് ഇടിച്ചിറങ്ങി. ഇടിയുടെ ആഘാതത്തില്‍ വാഹനത്തിന്‍റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. 

ദൃഡതയേറിയ ഹൈഡ്രോഫോം ലാഡര്‍ ഷാസിയാണ് യാത്രികരെ രക്ഷിച്ചത്. വാഹനത്തിന്‍റെ  A പില്ലറുകള്‍ ഇടിയുടെ ആഘാതം ഫലപ്രദമായി പ്രതിരോധിച്ചു. വാഹനത്തിന്‍റെ മുന്നിലെ എയര്‍ബാഗുകള്‍ പുറത്തുവന്ന നിലയിലാണ്. അതിനാല്‍ അകത്തളത്തില്‍ ആഘാതം കാര്യമായി ഏറ്റില്ല. മുന്നില്‍ ഡ്രൈവറുടെയും സാഹയാത്രികന്റെയും സുരക്ഷ ഉറപ്പുവരുത്തിയതില്‍ ഈ എയര്‍ബാഗുകളും നിര്‍ണായകമായി. വാഹനത്തിന്‍റെ  ഉടമതന്നെയാണ് അപകടത്തില്‍ തകര്‍ന്ന ഹെക്‌സയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. ഹെക്‌സയുടെ പ്രാരംഭ XE മോഡലാണ് അപകടത്തില്‍പ്പെട്ടത്. 

ഈ മാര്‍ച്ചിലാണ് ഹെക്സയുടെ പരിഷ്‍കരിച്ച പതിപ്പിനെ ടാറ്റ അവതരിപ്പിക്കുന്നത്. അപ്പോള്‍ ഈ പ്രാരംഭ XE വകഭേദത്തെ കമ്പനി പിന്‍വലിച്ചിരുന്നു. 2016ലെ ദില്ലി ഓട്ടോ എക്സോപയില്‍ പ്രദര്‍ശിപ്പിച്ച ഹെക്സയെ 2017 ജനുവരിയിലാണ് ടാറ്റ വിപണിയിലെത്തിക്കുന്നത്. 

നിലവില്‍ XM മോഡലിലാണ് ടാറ്റ ഹെക്‌സ നിര തുടങ്ങുന്നത്.  2.2 ലിറ്റര്‍ ഡീസല്‍ എഞ്ചിനാണ് ഹെക്‌സയുടെ ഹൃദയം. വരിക്കോര്‍ 320, വരിക്കോര്‍ 400 എന്നിങ്ങനെ രണ്ടു ട്യൂണിങ് നിലകള്‍ എഞ്ചിന്‍ യൂണിറ്റുകള്‍ക്കുണ്ട്. 150 bhp കരുത്തും 320 Nm torque ഉം വരിക്കോര്‍ 320 എഞ്ചിന് പരമാവധി സൃഷ്ടിക്കുമ്പോള്‍ വരിക്കോര്‍ 400 എഞ്ചിന്‍ 156 bhp കരുത്തും 400 Nm torque ഉം സൃഷ്‍ടിക്കും. 

ഇരട്ട വർണ റൂഫ് സാധ്യതകളും വ്യത്യസ്ത നിറത്തിലുള്ള അലോയ് വീലുമൊക്കെ ചേർന്ന് ഇംപാക്ട് ഡിസൈൻ ശൈലിയിലാണ് മാര്‍ച്ചില്‍ പുതിയ വാഹനത്തെ ടാറ്റ അവതരിപ്പിക്കുന്നത്. പരിഷ്‍കരിച്ച ഹെക്സയുടെ ഓട്ടമാറ്റിക് ട്രാൻസ്‍മിഷൻ, ഓൾ വീൽ ഡ്രൈവ് ലേ ഔട്ട് വകഭേദങ്ങളിൽ ഡയമണ്ട് കട്ട് അലോയ് വീലും ടാറ്റ മോട്ടോഴ്സ് ലഭ്യമാക്കുന്നു. മാനുവൽ ട്രാൻസ്മിഷൻ പതിപ്പുകളിലാവട്ടെ ചാർക്കോൾ ഗ്രേ നിറമുള്ള അലോയ് വീലുകളാണ്. 

ആറു സ്പീഡ് മാനുവല്‍, ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍ ഹെക്‌സയിലുണ്ട്. അതേസമയം 4x4 ഓള്‍ വീല്‍ ഡ്രൈവ് സംവിധാനം മാനുവല്‍ ഗിയര്‍ബോക്‌സുള്ള വരിക്കോര്‍ 400 പതിപ്പില്‍ മാത്രമെയുള്ളൂ. എബിഎസ്, ഇബിഡി, എഞ്ചിന്‍ ഇമൊബിലൈസര്‍, സെന്‍ട്രല്‍ ലോക്കിംഗ്, ചൈല്‍ഡ് സേഫ്റ്റി ലോക്ക്, പവര്‍ ഡോര്‍ ലോക്ക്, ഹെഡ്ലാമ്പ് ബീം അഡ്‍ജസ്റ്റര്‍, സൈഡ് എയര്‍ബാഗുകള്‍, ബ്രേക്ക് അസിസ്റ്റ്, ഹില്‍ അസിസ്റ്റ്, ഇലക്ട്രോണിക് സ്റ്റബിലിറ്റി പ്രോഗ്രാം, ട്രാക്ഷാന്‍ കണ്‍ട്രോള്‍ എന്നിങ്ങനെ ഹെക്‌സയുടെ പ്രത്യേകതകള്‍ നീളുന്നു. 

ആൻഡ്രോയ്ഡ് ഓട്ടോ കണക്ടിവിറ്റി സഹിതമുള്ള, ഹർമാൻ നിർമിത ഏഴ് ഇഞ്ച് ടച് സ്ക്രീൻ ഇൻഫൊടെയ്ൻമെന്റ് സംവിധാനത്തിൽ പുതുതലമുറ സാങ്കേതികവിദ്യയാണ് 2019 ഹെക്സയിൽ ടാറ്റ മോട്ടോഴ്സ് ലഭ്യമാക്കുന്നത്. ഹെക്സയുടെ എല്ലാ വകഭേദത്തിലും ഇതേ ഇൻഫൊടെയ്ൻമെന്റ് സംവിധാനമുണ്ട്. അഞ്ചു നിറങ്ങളിൽ വിൽപ്പനയ്ക്കുള്ള 2019 ഹെക്സയിൽ ഇൻഫിനിറ്റി ബ്ലാക്ക്, ടൈറ്റാനിയം ഗ്രേ എന്നീ രണ്ട് ഇരട്ട വർണ റൂഫും ലഭ്യമാണ്. 12.99 ലക്ഷം മുതലാണു 2019 ഹെക്സ ശ്രേണിയുടെ ദില്ലി ഷോറൂം വില. 

Image Courtesy: Gadiwadi dot com

Follow Us:
Download App:
  • android
  • ios