2020 ഓട്ടോ എക്‌സ്‌പോയില്‍ പുതിയ എസ്‍യുവിയെ ടാറ്റ മോട്ടോഴ്‍സ് അവതരിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്. നെക്സോണിനും ഹാരിയറിനുമിടയ്ക്കു നില്‍ക്കുന്ന മോഡല്‍ ബ്ലാക്ക്ബേഡ് എന്ന കോഡ് നാമത്തിലാണ് ടാറ്റ മോട്ടോഴ്‍സ് വികസിപ്പിക്കുന്നത്.

പുറത്തിറങ്ങാനൊരുങ്ങുന്ന ആള്‍ട്രോസ് പ്രീമിയം ഹാച്ച്ബാക്കില്‍ നല്‍കിയിട്ടുള്ള ആല്‍ഫാ മോഡുലാര്‍ പ്ലാറ്റ്ഫോമിലായിരിക്കും ഈ എസ്‌യുവിയുടെയും നിര്‍മാണം.

നാലു മീറ്ററിൽ താഴെ നീളമുള്ള കോംപാക്ട് എസ്‌യുവികൾക്കുള്ള എക്സൈസ് ഡ്യൂട്ടി ഇളവ് ലക്ഷ്യമിട്ടാണു ടാറ്റ നെക്സോൺ അവതരിപ്പിച്ചത്. ആറു മുതൽ 11 ലക്ഷം രൂപ വരെയാണ് നെക്സോണിന്‍റെ വില. മുഴുവന്‍ എസ്‌യുവിയായ ഹാരിയറിന് 13 - 17 ലക്ഷം രൂപയാണു വില. ഇരു മോഡലുകൾക്കുമിടയിലെ വിടവ് നികത്തുകയാണ് പുതിയ വാഹനത്തിലൂടെ കമ്പനി ലക്ഷ്യമിടുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഹാരിയറില്‍ നല്‍കിയിട്ടുള്ള ഇംപാക്ട് 2.0 ഡിസൈന്‍ ശൈലിയായിരിക്കും ഈ വാഹനത്തിലും. ടാറ്റയുടെ സമീപകാല വാഹനങ്ങളെപ്പോലെ റേഞ്ച് റോവര്‍ വാഹനങ്ങളുടെ സൗന്ദര്യത്തോട് കിടപിടിക്കുന്നതാവും ഈ വാഹനവും.  അകത്തും പുറത്തുമായി നെക്സോണിലും ഹാരിയറിലും നല്‍കിയിട്ടുള്ള ഭൂരിഭാഗം ഫീച്ചറുകളും ഉള്‍ക്കൊള്ളിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

4.2 മീറ്റര്‍ നീളത്തിലായിരിക്കും ഈ വാഹനം ഒരുങ്ങുന്നത്. നെക്സോണിന് നാല് മീറ്ററും ഹാരിയറിന് 4.5 മീറ്ററുമാണ് നീളമുള്ളത്. 1.2 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനിലും 1.5 ലിറ്റര്‍ ടോര്‍ബോചാര്‍ജ്ഡ് ഡീസല്‍ എന്‍ജിനിലുമായിരിക്കും ഈ വാഹനം എത്തുകയെന്നാണ് വിവരം. ഇതിന് പുറമെ, ഹൈബ്രിഡ്, ഇലക്ട്രിക് കരുത്തുകളിലും വാഹനത്തെ പ്രതീക്ഷിക്കാം.

വില പിടിച്ചുനിർത്താനാണ് വാഹനത്തെ ആൽഫ പ്ലാറ്റ്ഫോമില്‍ അവതരിപ്പിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. എട്ടു മുതൽ 13 ലക്ഷം രൂപ വരെയാവും ബ്ലാക്ക്ബേഡിന്‍റെ വിലയെന്നാണ് സൂചനകള്‍.

2020 ദില്ലി ഓട്ടോ എക്സ്പോയില്‍ പ്രദര്‍ശിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്ന വാഹനം 2021-ല്‍ മാത്രമേ നിരത്തുകളിലെത്താന്‍ സാധ്യതയുള്ളൂ.