ഇന്ത്യൻ വിപണിയിലേക്ക് പുതിയൊരു കുഞ്ഞൻ എസ്‌യുവിയെ എത്തിക്കാനുള്ള ഒരുക്കത്തിലാണ് ടാറ്റ മോട്ടോഴ്‍സ് എന്ന് ഏറെക്കാലമായി കേട്ടുതുടങ്ങിയിട്ട്. ഹോണ്‍ബില്‍ എന്ന കോഡുനാമത്തിലുള്ള ഈ മിനി എസ്‍യുവി ദില്ലി ഓട്ടോ എക്സ്‍പോയില്‍ കണ്‍സെപ്റ്റ് എച്ച്2 എക്‌സ് എന്ന പേരില്‍ പ്രദര്‍ശനത്തിനെത്തിയിരുന്നു. 2020 നവംബറില്‍ ഈ വാഹനം നിരത്തില്‍ എത്തുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ കൊവിഡ് 19 വൈറസ് വ്യാപനം കാരണം വരവ് വൈകി. 

ഈ വര്‍ഷത്തിന്റെ ആദ്യപാദത്തില്‍ ഈ വാഹനം വില്‍പ്പനയ്ക്ക് എത്തും എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. വാഹനം പരീക്ഷണയോട്ടത്തിലാണെന്നും ഈ വര്‍ഷം തന്നെ വാഹനം എത്തുമെന്നും കാര്‍ ആന്‍ഡ് ബൈക്ക് റിപ്പോര്‍ട്ട് ചെയ്യുന്നു. പുതുവര്‍ഷത്തില്‍ ടാറ്റ നിരയില്‍ നിന്ന് നിരവധി മോഡലുകളാണ് വിപണിയില്‍ അണിനിരക്കാന്‍ ഒരുങ്ങുന്നത്. അതില്‍ ഹാരിയര്‍ അടിസ്ഥാനമാക്കിയുള്ള ഗ്രാവിറ്റാസ് ഏഴ് സീറ്റര്‍ എസ്‍യുവി, ഡ്യുവല്‍ ക്ലച്ച് ഓട്ടോമാറ്റിക് ഗിയര്‍ബോക്സോടുകൂടിയ ആള്‍ട്രോസിന്റെ ടര്‍ബോചാര്‍ജ്ഡ് പതിപ്പ്, ഹെക്‌സയുടെ സഫാരി എഡിഷന്‍, ആള്‍ട്രോസ് ഇലക്ട്രിക് എന്നിവയെല്ലാം ഉള്‍പ്പെടുന്നു. ഗ്രാവിറ്റാസിനെ ജനുവരിയില്‍ എത്തിച്ചതിനു ശേഷമായിരിക്കും മൈക്രോ എസ്‍യുവി നിരത്തുകളില്‍ എത്തുകയെന്നാണ് റിപ്പോര്‍ട്ടുകള്‍.

2018 ഓട്ടോ എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിച്ച എച്ച്2എക്‌സ് കണ്‍സെപ്റ്റാണ് കുറേക്കൂടി മെച്ചപ്പെടുത്തി എച്ച്ബിഎക്‌സ് കണ്‍സെപ്റ്റായിട്ടാണ് 2020 എക്സ്‍പോയില്‍ പ്രദര്‍ശിപ്പിച്ചത്. ഇത്രനാളും ഈ കണ്‍സെപ്റ്റ് ഹോണ്‍ബില്‍ എന്ന കോഡ് നാമത്തിലാണ് അറിയപ്പെട്ടിരുന്നത്. 

ടാറ്റ അള്‍ട്രോസ് നിര്‍മിച്ച അതേ ആല്‍ഫ പ്ലാറ്റ്‌ഫോം ടാറ്റ എച്ച്ബിഎക്‌സ് അടിസ്ഥാനമാക്കും. റെനോ ക്വിഡ്, മാരുതി സുസുകി എസ്-പ്രെസോ എന്നിവയേക്കാള്‍ വലുപ്പം കൂടുതലായിരിക്കും. 86 ബിഎച്ച്പി കരുത്ത് ഉല്‍പ്പാദിപ്പിക്കുന്ന 1.2 ലിറ്റര്‍ റെവോട്രോണ്‍ പെട്രോള്‍ എന്‍ജിനായിരിക്കും പ്രൊഡക്ഷന്‍ മോഡലിന് കരുത്തേകുന്നത്. 5 സ്പീഡ് മാന്വല്‍ ട്രാന്‍സ്മിഷന്‍, എഎംടി എന്നിവ ഓപ്ഷനുകളായിരിക്കും. 

മിനി എസ്‌യുവി കണ്‍സെപ്റ്റിന്റെ മുന്‍വശത്ത് സ്‍പ്‍ളിറ്റ് ഹെഡ്‌ലാംപ് രൂപകല്‍പ്പനയാണ്. മുകളില്‍ ഡേടൈം റണ്ണിംഗ് ലൈറ്റും ടേണ്‍ ഇന്‍ഡിക്കേറ്ററുകളും നല്‍കി. താഴെ ഹെഡ്‌ലൈറ്റുകള്‍ സ്ഥാപിച്ചു. വലിയ ഗ്രില്‍, സി പില്ലറില്‍ റിയര്‍ ഡോര്‍ ഹാന്‍ഡിലുകള്‍, ഡുവല്‍ ടോണ്‍ അലോയ് വീലുകള്‍, പിറകിലെ ബംപറില്‍ നമ്പര്‍ പ്ലേറ്റിന് സ്ഥലം എന്നിവ പ്രത്യേകതകളാണ്. നോബി ടയറുകളാണ് കണ്‍സെപ്റ്റ് കാറില്‍ കാണുന്നത്. സ്‌പെയര്‍ വീല്‍ റൂഫിലെ കാരിയറില്‍ ഉറപ്പിച്ചിരിക്കുന്നു. കാബിനില്‍, ഉയര്‍ന്നുനില്‍ക്കുന്ന ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം സവിശേഷതയാണ്.

ഏകദേശം 4.5 ലക്ഷം മുതല്‍ ഏഴ് ലക്ഷം രൂപ വരെയാണ് കുഞ്ഞന്‍ HBX ന് വില പ്രതീക്ഷിക്കുന്നത്. മാരുതി സുസുക്കി ഇഗ്നിസ്, മാരുതി സുസുക്കി എസ്-പ്രെസോ, മഹീന്ദ്ര KUV NXT, റെനോ ക്വിഡ് എന്നിവയായിരിക്കും പ്രധാന എതിരാളികള്‍.