Asianet News MalayalamAsianet News Malayalam

രാജ്യത്തെ ഏറ്റവും വലിയ സോളാര്‍ കാർ പോർച്ചുമായി ടാറ്റ

രാജ്യത്തെ ഏറ്റവും വലിയ സൌരോര്‍ജ്ജ കാര്‍ പോര്‍ച്ചുമായി ടാറ്റാ മോട്ടോഴ്‍സ്

Tata Motors and Tata Power have jointly set up India's largest solar carport
Author
Mumbai, First Published Jun 19, 2021, 2:36 PM IST

മുംബൈ: രാജ്യത്തെ ഏറ്റവും വലിയ സൌരോര്‍ജ്ജ കാര്‍ പോര്‍ച്ചുമായി ടാറ്റാ മോട്ടോഴ്‍സ്. 30,000 ചതുരശ്ര മീറ്റർ വിസ്‍തൃതിയുള്ള കൂറ്റൻ സൗരോർജ കാർപോർച്ച് ടാറ്റയുടെ പുണെയിലെ ചിഖാലി ഫാക്ടറിയോട് അനുബന്ധിച്ചാണിത് ഒരുക്കിയിട്ടുള്ളതെന്ന് ബിസിനസ് ഇന്‍സൈഡര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ടാറ്റ പവറുമായി സഹകരിച്ചാണ് ടാറ്റാ മോട്ടോഴ്‍സ് ഈ സംവിധാനം ഒരുക്കിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഗ്രിഡുമായി സംയോജിപ്പിച്ചുള്ള രാജ്യത്തെ ഏറ്റവുംവലിയ സോളാർ കാർ പോർച്ചാണ് ഇതെന്ന് കമ്പനി പറയുന്നു. 

6.2 മെഗാവാട്ട് ശേഷിയുള്ള ഇവിടെ വർഷം 86.4 ലക്ഷം കിലോവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാൻ കഴിയും എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതുവഴി പ്രതിവർഷം 7,000 ടൺ കാർബൺ ബഹിര്‍ഗമനം കുറയ്ക്കാന്‍ കഴിയുമെന്നാണ് കണക്കാക്കപ്പെടുന്നത്. 30,000 ചതുരശ്ര മീറ്ററിൽ കൂടുതൽ വ്യാപിച്ചുകിടക്കുന്ന ഈ കാർ‌പോർച്ച് ഹരിത വൈദ്യുതി ഉൽ‌പാദിപ്പിക്കുക മാത്രമല്ല, പ്ലാന്റിലെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ കാറുകൾ‌ക്ക് കവർ പാർക്കിംഗ് സൌകര്യം നൽകുകയും ചെയ്യും.

2039 ലെ മൊത്തം സീറോ കാർബൺ എന്ന ലക്ഷ്യത്തിന്റെ ഭാഗമായി ടാറ്റ മോട്ടോഴ്‌സ് 2020 ഓഗസ്റ്റില്‍ ടാറ്റാ പവറുമായി കരാറിൽ ഏർപ്പെട്ടിരുന്നു. കൊവിഡ് 19 ന്റെ വെല്ലുവിളികൾക്കിടയിലും വെറും ഒമ്പത് മാസങ്ങള്‍ക്കകം ഇരു കമ്പനികളും ചേര്‍ന്ന് ഈ കാർ‌പോര്‍ച്ച് വികസപ്പിച്ചെടുക്കുകയായിരുന്നു.

ഊർജ്ജം സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് കമ്പനി എല്ലായ്പ്പോഴും ബോധവാന്മാരാണെന്ന് ടാറ്റ മോട്ടോഴ്‌സിലെ പാസഞ്ചർ വെഹിക്കിൾ ബിസിനസ് യൂണിറ്റ് പ്രസിഡന്റ് ശൈലേഷ് ചന്ദ്ര പറഞ്ഞു. കമ്പനിയുടെ എല്ലാ പ്രവർത്തനങ്ങൾക്കും 100% പുനരുപയോഗിക്കാവുന്ന ഊർജ്ജ സ്രോതസ്സ് കൈവരിക്കാൻ പ്രതിജ്ഞാബദ്ധരാണെന്നും അദ്ദേഹം വ്യക്തമാക്കി. 

വൺ ടാറ്റ സംരംഭമെന്ന നിലയിൽ, ടാറ്റ മോട്ടോഴ്‌സുമായി സഹകരിച്ച് ഇന്ത്യയിലെ ഏറ്റവും വലിയ സോളാർ കാർപോർച്ച് സ്ഥാപിച്ചതില്‍ അഭിമാനിക്കുന്നതായി ടാറ്റ പവർ സിഇഒയും എംഡിയും പ്രവീർ സിൻഹ പറഞ്ഞു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 


 

Follow Us:
Download App:
  • android
  • ios