രാജ്യത്തെ രണ്ട് പ്രമുഖ് വാഹന നിര്‍മ്മാതാക്കളാണ് മാരുതി സുസുക്കിയും ടാറ്റ മോട്ടോഴ്‍സും. ഇരു കമ്പനികളെയും ഹൃദയത്തില്‍ സൂക്ഷിക്കുന്ന ആയിരക്കണക്കിന് വാഹന പ്രേമികളും രാജ്യത്തുണ്ട്. ഇപ്പോള്‍ വാഹന പ്രേമികള്‍ക്കിടയില്‍ ചര്‍ച്ചയാകുകയാണ് ടാറ്റ മോട്ടോഴ്‍സിന്‍റെ ഒരു പുതിയ പരസ്യം. 

"ഞങ്ങൾ അത്ര എളുപ്പത്തിൽ തകരില്ല" എന്നാണ് ടാറ്റ ടിയാഗോയുടെ പുതിയ പരസ്യത്തിന്‍റെ തലക്കെട്ട്. തകർന്ന ഒരു കോഫി കപ്പിന്‍റെ ചിത്രം നൽകിയാണ് ടാറ്റയുടെ ഈ ട്വീറ്റ് എന്ന് റഷ് ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇത് മാരുതിയെ പരിഹസിക്കുന്നതാണെന്നാണ് വാഹനലോകത്തെ അടക്കം പറച്ചില്‍. കാരണം കഴിഞ്ഞ ദിവസം നടന്ന ഏറ്റവും പുതിയ ഗ്ലോബൽ എൻകാപ് ക്രാഷ് ടെസ്റ്റിൽ മാരുതിയുടെ മൈക്രോ എസ്‍യുവി എസ്-പ്രസോയുടെ ദയനീയപ്രകടനം വന്‍ വാര്‍ത്തയായിരുന്നു. സുരക്ഷാ പരിശോധനയില്‍ പൂജ്യം സ്റ്റാറായിരുന്നു എസ്-പ്രെസോയ്ക്ക് ലഭിച്ചത്. ഇതിനു തൊട്ടുപിന്നാലെയാണ് ടാറ്റയുടെ ഈ പരസ്യം എന്നതാണ് ശ്രദ്ധേയം. 

എസ്-പ്രെസോയുടെ മുഖ്യ എതിരാളിയായ ടിയാഗോക്ക്​ നാല്​ സ്​റ്റാർ റേറ്റിങ്ങാണുള്ളത്​​. തകർന്ന കോഫി മഗ്ഗി​ന്‍റെ ചിത്രത്തോടൊപ്പം സുരക്ഷിതമായി നിങ്ങൾ കഴിയു​മ്പോൾ മാത്രമാണ്​ ഡ്രൈവിങ്​ വളരെ രസകരമാകുന്നത്​ എന്ന വാചകവും ടാറ്റ കുറിച്ചിട്ടുണ്ട്​. ഇതൊക്കെ ലക്ഷ്യമിടുന്നത് മാരുതിയെ തന്നെയാണെന്നാണ് വാഹനലോകം പറയുന്നത്. ഡ്രൈവിംഗ് മികച്ച അനുഭവമാണ്. എന്നാല്‍ അത് സുരക്ഷ ഉണ്ടെങ്കില്‍ മാത്രം. ഡ്രൈവിംഗ് സുരക്ഷിതമാക്കാന്‍ പുതിയ ടിയാഗോ ഇന്നുതന്നെ ബുക്ക് ചെയ്യൂ എന്നും ടാറ്റാ മോട്ടോഴ്‍സ് ട്വീറ്റ് ചെയ്യുന്നു.

ഈ പരസ്യത്തിലെ കൌതുകം ഇവിടം കൊണ്ടും തീരുന്നില്ല. ടാറ്റയുടെ ഈ ട്വീറ്റ്​ ശ്രദ്ധയിൽപ്പെട്ട​തോടെ ഗ്ലോബല്‍ എന്‍സിഎപി പ്രസിഡന്റും സിഇഒയുമായ ഡേവിഡ് വാര്‍ഡ്​ പ്രതികരണവുമായി രംഗത്തെത്തി. മാരുതി ഉറക്കത്തില്‍ നിന്നും ഉണരുകയും കോഫി മണക്കുകയും ചെയ്യേണ്ട സമയം ആണെന്നും ടാറ്റയുടെ ട്വീറ്റ് ആസ്വദിക്കുന്നുവെന്നും അദ്ദേഹം കുറിച്ചു. മെച്ചപ്പെട്ട ഒരു വിപണി കെട്ടിപ്പെടുക്കുന്നതിന് ആരോഗ്യകരമായ മത്സരം പോലെ മറ്റൊന്നുമില്ലെന്നും ഇത്തരം ആരോഗ്യകരമായ പ്രവണതകൾ കൂടുതൽ സുരക്ഷിത വാഹനങ്ങളെ നിർമിക്കാൻ സഹായിക്കുമെന്നും  അദ്ദേഹം ട്വീറ്റ് ചെയ്‍തു.

ഗ്ലോബൽ ന്യൂ കാർ അസ്സെസ്സ്മെന്റ് പ്രോഗ്രാം ക്രാഷ് ടെസ്റ്റ് റിപ്പോർട്ട് അനുസരിച്ച് അപകട സമയത്ത് എസ്-പ്രെസോയുടെ മുൻ സീറ്റിൽ സഞ്ചരിക്കുന്നവരുടെ കഴുത്തിന്റെ ഭാഗത്തും നെഞ്ചിലും ക്ഷതം സംഭവിക്കാനുള്ള സാദ്ധ്യത കൂടുതലാണ്. പരീക്ഷണത്തിനായി വാഹനത്തില്‍ ഘടിപ്പിച്ച ഡമ്മി യാത്രക്കാര്‍ക്ക് വലിയ രീതിയില്‍ അപകടത്തിന്റെ ആഘാതമേറ്റെന്നാണ് റിപ്പോര്‍ട്ടുകള്‍. മുതിര്‍ന്നവരുടെ സുരക്ഷ മികച്ച രീതിയില്‍ ഉറപ്പാക്കുന്ന വാഹനങ്ങള്‍ക്ക് 17 പോയിന്റ് വരെ ലഭിക്കും. എന്നാല്‍ പൂജ്യം മാര്‍ക്കാണ് എസ് പ്രസോക്ക് ലഭിച്ചത്. അതേസമയം, ക്രാഷ്​ ടെസ്​റ്റ്​ ഫലത്തെ സംബന്ധിച്ച്​​ പ്രതികരണവുമായി മാരുതി സുസുക്കിയും രംഗത്തെത്തി. ഇന്ത്യയിലെ നിലവിലുള്ള എല്ലാ സുരക്ഷാ നടപടിക്രമങ്ങളും പൂർത്തീകരിച്ചാണ് തങ്ങളുടെ വാഹനങ്ങൾ വിപണിയില്‍ എത്തിയിരിക്കുന്നത് എന്നാണ് മാരുതി സുസുക്കി അധികൃതർ വ്യക്തമാക്കുന്നത്.

മാരുതി സുസുക്കി എസ്-പ്രെസോയ്ക്കൊപ്പം ഹ്യുണ്ടായി ഗ്രാൻഡ് ഐ10 നിയോസ്, കിയ സെൽറ്റോസ് തുടങ്ങിയ കാറുകളുടെ ഗ്ലോബൽ എൻകാപ് ക്രാഷ് ടെസ്റ്റ് ഫലങ്ങളും കഴിഞ്ഞദിവസമാണ് പുറത്തുവന്നത്.  ഹ്യൂണ്ടായി ഗ്രാൻഡ് ഐ 10 നിയോസ് രണ്ട് സ്റ്റാറും സെൽറ്റോസ് മൂന്ന് സ്റ്റാറുമാണ് ഇടിപരീക്ഷയില്‍ നേടിയത്.