ഫോബ്‍സിന്‍റെ ആഗോള വാഹന നിർമാതാക്കളുടെ പട്ടികയിൽ അഞ്ചാം സ്ഥാനം നേടി ടാറ്റ മോട്ടോഴ്‍സ്. ലോകത്ത് ആദരിക്കപ്പെടുന്ന കമ്പനികളുടെ പട്ടികയില്‍ 31ആം സ്ഥാനവും ടാറ്റ നേടി.  കഴിഞ്ഞ വര്‍ഷത്തെ 71 ആം സ്ഥാനത്തു നിന്നാണ് ഈ കുതിച്ചുകയറ്റം.

സാമൂഹിക പ്രതിബദ്ധത, വിശ്വാസ്യത, സേവന/നിർമാണ മേഖലയിലെ പ്രകടനം, തൊഴിൽദാതാവ് എന്ന നിലയിലുള്ള പ്രകടനം തുടങ്ങി ഒട്ടേറെ മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയാണു ലോകത്ത് ആദരിക്കപ്പെടുന്ന കമ്പനികളുടെ പട്ടിക ഫോബ്‍സ് തയാറാക്കിയത്. അൻപതോളം രാജ്യങ്ങളിൽ നിന്നായി 15000 ഓളം പേർക്കിടയില്‍ നടത്തിയ അഭിപ്രായ സർവേയിലൂടെയാണ് ഫോബ്‍സ് പട്ടിക തയ്യാറാക്കിയത്. ഈ പട്ടികയിൽ ആകെ 2,000 കമ്പനികളാണുള്ളതെന്നാണ് ടാറ്റ മോട്ടോഴ്‍സ് പറയുന്നത്. 

ഇന്‍ഫോസിസ്, എച്ച്ഡിഎഫ്, ടിസിഎസ് ഉള്‍പ്പെടെ മറ്റ് പതിനേഴോളം ഇന്ത്യന്‍ കമ്പനികളും ഈ പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.