ടാറ്റ മോട്ടോഴ്‌സും മാരുതി സുസുക്കിയും തമ്മിലുള്ള ട്വിറ്റർ യുദ്ധം അവസാനിക്കുന്ന ലക്ഷണമില്ല. പൊട്ടിയ കോഫി കപ്പിന്‍റെ ചിത്രം ഉപയോഗിച്ചുള്ള പരസ്യത്തിലൂടെ മാരുതി എസ് - പ്രെസോയെ ട്രോളിയ ടാറ്റ വീണ്ടും പുതിയ ട്രോളുമായി മാരുതിക്ക് എതിരെ എത്തിയിരിക്കുകയാണെന്നാണ് ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നത്. വാഗൺആറിന്റെ സുരക്ഷാ റേറ്റിംഗിനെയാണ് ഇത്തവണ ടാറ്റ പരിഹസിക്കുന്നത്. എന്നാല്‍ ഇത്തവണ മാരുതിയും അടങ്ങിയിരുന്നില്ല. വാഗണ്‍ ആറിന്‍റെ വില്‍പ്പന കണക്കുകള്‍ നിരത്തി മാരുതിയും തിരിച്ചടിച്ചതായിട്ടാണ് റിപ്പോര്‍ട്ടുകള്‍.

തകര്‍ന്ന ഒരു തടിവണ്ടിയുടെ ചിത്രം പങ്കുവച്ചായിരുന്നു ടാറ്റയുടെ ട്രോള്‍. ആരെങ്കിലും നിങ്ങളുടെ വണ്ടിയെ തകര്‍ക്കും മുമ്പ് ടിയാഗോ വാങ്ങാനും സുരക്ഷിതരായിരിക്കാനുമാണ് അടിക്കുറിപ്പ് പറയുന്നത്. ഇവിടെ കാര്‍ട്ട് എന്നതിലെ R എന്ന അക്ഷരം വലുതാക്കിയാണ് എഴുതിയിരിക്കുന്നത്. അതായത് (caRt) എന്നാണ് എഴുതിയിരിക്കുന്നത്. ഈ വലിയ ആര്‍ വാഗണ്‍ ആറിനെ ട്രോളിയതാണെന്നാണ് റിപ്പോര്‍ട്ടുകള്‍. കാരണം വാഗണ്‍ ആര്‍ എന്നതിന്‍റെ സമാന ഡിസൈനിലാണ് ഈ അക്ഷരവും. 2019 ൽ നടന്ന ഗ്ലോബൽ എൻ‌സി‌എപി ക്രാഷ് ടെസ്റ്റില്‍ വാഗൺ ആറിന് സുരക്ഷയില്‍ രണ്ട് സ്റ്റാർ റേറ്റിംഗുകൾ മാത്രമേ നേടാനായുള്ളൂ. എന്നാല്‍ വാഗൺ‌ആറിന്റെ നേരിട്ടുള്ള എതിരാളിയായ ടാറ്റയുടെ ടിയാഗോയാകട്ടെ നാല് സ്റ്റാർ സുരക്ഷാ റേറ്റിംഗാണ് നേടിയത്. 

എന്നാല്‍ ടാറ്റയുടെ ട്രോളിനെ ലക്ഷ്യമാക്കി മറുപടിയെന്നപോലെ മാരുതി സുസുക്കിയും ഒരു കുറിപ്പ് പങ്കുവെച്ചു. 24 ലക്ഷത്തില്‍ അധികം കുടുംബങ്ങൾ ഞങ്ങളെ‌ വിശ്വസിക്കുന്നുവെന്നും ഈ കുടുംബങ്ങളുമായുള്ള ശക്തമായ ഹൃദയബന്ധമാണ് ഞങ്ങളെ ഞങ്ങളാക്കുന്നതുമെന്ന അടിക്കുറിപ്പോടെ ഒരു വാഗൺ‌ആറിന്റെ ചിത്രം സഹിതമായിരുന്നു മാരുതിയുടെ ട്വീറ്റ്. 

മാരുതിയിൽ നിന്ന് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മോഡലുകളിൽ ഒന്നായ വാഗൺ ആർ, ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന മികച്ച അഞ്ച് കാറുകളുടെ പ്രതിമാസ പട്ടികയിൽ സ്ഥിരസാനിധ്യവുമാണ്. എന്നാല്‍ ടാറ്റാ മോട്ടോഴ്‌സിന്റെ കാറുകൾ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന 10 കാറുകളുടെ പട്ടികയിൽ ഉൾപ്പെടുന്നില്ലെന്നും ഇതു തന്നെയാണ് മാരുതി പരിഹസിച്ചതെന്നും ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

വാഗൺ‌ആറിന് മുമ്പ്, ടാറ്റ മോട്ടോഴ്‌സ് മാരുതിയുടെ  മാരുതിയുടെ മൈക്രോ എസ്‍യുവി എസ്-പ്രസോയെയും പരിഹസിച്ചിരുന്നു. ഏറ്റവും പുതിയ ഗ്ലോബൽ എൻകാപ് ക്രാഷ് ടെസ്റ്റിൽഎസ്-പ്രസോയുടെ ദയനീയപ്രകടനം വന്‍ വാര്‍ത്തയായിരുന്നു. സുരക്ഷയില്‍ പൂജ്യം റേറ്റിംഗായിരുന്നു എസ്-പ്രെസോ നേടിയത്. "ഞങ്ങൾ അത്ര എളുപ്പത്തിൽ തകരില്ല" എന്നായിരുന്നു അന്ന് ടാറ്റ ടിയാഗോയുടെ പരസ്യത്തിന്‍റെ തലക്കെട്ട്. തകർന്ന ഒരു കോഫി കപ്പിന്‍റെ ചിത്രം നൽകിയായിരുന്നു ടാറ്റയുടെ ഈ ട്വീറ്റ്.

ടാറ്റയുടെ ഈ ട്വീറ്റ്​ ശ്രദ്ധയിൽപ്പെട്ട​തോടെ ഗ്ലോബല്‍ എന്‍സിഎപി പ്രസിഡന്റും സിഇഒയുമായ ഡേവിഡ് വാര്‍ഡ്​ പ്രതികരണവുമായി രംഗത്തെത്തിയതും വാര്‍ത്തയായിരുന്നു. മാരുതി ഉറക്കത്തില്‍ നിന്നും ഉണരുകയും കോഫി മണക്കുകയും ചെയ്യേണ്ട സമയമായെന്നും ടാറ്റയുടെ ട്വീറ്റ് ആസ്വദിക്കുന്നുവെന്നുമായിരുന്നു അദ്ദേഹത്തിന്‍റെ മറുപടി. മെച്ചപ്പെട്ട ഒരു വിപണി കെട്ടിപ്പെടുക്കുന്നതിന് ആരോഗ്യകരമായ മത്സരം പോലെ മറ്റൊന്നുമില്ലെന്നും ഇത്തരം ആരോഗ്യകരമായ പ്രവണതകൾ കൂടുതൽ സുരക്ഷിത വാഹനങ്ങളെ നിർമ്മിക്കാൻ സഹായിക്കുമെന്നും  അദ്ദേഹം ട്വീറ്റ് ചെയ്‍തിരുന്നു.