മാർച്ച് മാസത്തിൽ കിടിലന്‍ ഓഫറുകളുമായി ടാറ്റാ മോട്ടോഴ്‍സ്. ടിയാഗോ, ടിഗോര്‍, നെക്‌സോണ്‍, ഹാരിയര്‍ എസ്.യു.വി. എന്നീ മോഡലുകള്‍ക്കാണ് പ്രധാനമായും ആനുകൂല്യം ഒരുക്കിയിട്ടുള്ളതെന്നാണ് റിപ്പോര്‍ട്ടുകള്‍. 65000 രൂപയുടെ വരെ ഓഫറാണ് കമ്പനി നല്‍കുന്നതെന്ന് കാര്‍ ആൻഡ് ബൈക്ക് റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാൽ, അല്‍ട്രോസ്, സഫാരി എന്നീ വാഹനങ്ങളെ ഈ ആനുകൂല്യങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. 

എക്‌സ്‌ചേഞ്ച് ഓഫര്‍, കണ്‍സ്യൂമര്‍ സ്‌കീം, കോര്‍പറേറ്റ് സ്‌കീം എന്നിവയില്‍ ഉള്‍പ്പെടുത്തിയാണ് ടാറ്റ മോട്ടോഴ്‌സിന്റെ ഓഫറുകള്‍.  15,000 രൂപയുടെ ഡിസ്‌കൗണ്ടാണ് നെക്‌സോണിന് ടാറ്റ നല്‍കുന്നത്. കൂടാതെ, നെക്‌സോണിന്റെ ഡീസല്‍ എന്‍ജിന്‍ മോഡലുകള്‍ക്ക് എക്‌സ്‌ചേഞ്ച് ബോണസും നല്‍കുമെന്നാണ് സൂചന. ഇപ്പോള്‍ ഒരുക്കിയിട്ടുള്ള ആനുകൂല്യങ്ങളില്‍ പെട്രോള്‍ എന്‍ജിന്‍ നെക്‌സോണിനെ ഉള്‍പ്പെടുത്തിയിട്ടില്ല. 25,000 രൂപയുടെ ആനുകൂല്യമാണ് ടിയാഗോയ്ക്ക് പ്രഖ്യാപിച്ചിട്ടുള്ളത്. 15,000 രൂപയുടെ കണ്‍സ്യൂമര്‍ സ്‌കീമും 10,000 രൂപയുടെ എക്‌സ്‌ചേഞ്ച് ബോണസും ഉള്‍പ്പെടെയാണ് ഇത്. ടിഗോറിന് 15,000 രൂപയുടെ കണ്‍സ്യൂമര്‍ സ്‌കീമും 15,000 രൂപയുടെ എക്‌സ്‌ചേഞ്ച് ബോണസും ഉള്‍പ്പെടെ 30,000 രൂപയുടെ ആനുകൂല്യങ്ങളാണ് നൽകുക.

പ്രീമിയം മോഡലായ ഹാരിയറിന് 25,000 രൂപയുടെ കണ്‍സ്യൂമര്‍ സ്‌കീം, 40,000 രൂപയുടെ എക്‌സ്‌ചേഞ്ച് ഓഫറും ഉള്‍പ്പെടെ 65,000 രൂപയുടെ ആനുകൂല്യങ്ങളാണ് ടാറ്റ മോട്ടോഴ്‌സ് ഒരുക്കിയിട്ടുള്ളത്. എന്നാൽ, ഈ ഓഫര്‍ ടാറ്റ ഹാരിയറിന്റെ പ്രത്യേക പതിപ്പായ കാമോ എഡിഷന്‍, ഡാര്‍ക്ക് എഡിഷന്‍, ഉയര്‍ന്ന വകഭേദങ്ങളായ XZ+, XZA+ എന്നിവയ്ക്കും ലഭിക്കില്ല. അതേസമയം, 40,000 രൂപ വരെയുള്ള ക്യാഷ് ഡിസ്‌കൗണ്ട് ആണ് ഈ വാഹനം തിരഞ്ഞെടുക്കുന്നവര്‍ക്ക് ലഭിക്കുക എന്നാണ് ടാറ്റ മോട്ടോഴ്‌സ് അറിയിച്ചിരിക്കുന്നത്. ഈ വാഹനം തിരഞ്ഞെടുക്കുന്ന കോര്‍പറേറ്റുകള്‍ക്കായി പ്രത്യേക ആനുകൂല്യങ്ങള്‍ ടാറ്റ മോട്ടോഴ്‌സ് നല്‍കിയേക്കുമെന്നാണ് സൂചന.