മുംബൈ: പുതിയ വാറന്റി പാക്കേജുമായി ടാറ്റ മോട്ടോഴ്‍സ്. ഹാരിയര്‍ എസ്‍യുവിക്കായാണ് പെന്‍റാ കെയർ എന്ന പാക്കേജിനെ കമ്പനി അവതരിപ്പിക്കുന്നത്

ഹാരിയർ ഡാർക്ക്‌ എഡിഷൻ വാഹനങ്ങൾ പുറത്തിറക്കിയതിന് തൊട്ടുപിന്നാലെയാണ് ഹാരിയറിനായി പ്രത്യേക വാറന്റി പദ്ധതി അവതരിപ്പിച്ചത്. ആദ്യ ഘട്ടത്തിൽ രണ്ട് വർഷത്തെ വാറന്റി പാക്കേജാണ്‌ ലഭ്യമായിരുന്നത്. പുതിയ വാറന്റി പാക്കേജിന്റെ വരവോടെ ഹാരിയർ ഉപയോക്താക്കൾക്ക് അഞ്ചുവർഷം സർവീസിനെ സംബന്ധിച്ച് യാതൊരു വിഷമതകളുമില്ലാതെ വാഹനം ഉപയോഗിക്കാം. ഹാരിയർ സ്വന്തമാക്കി 90ദിവസങ്ങൾക്കുള്ളിൽ 25,960രൂപയെന്ന പ്രത്യേക നിരക്കിൽ പെന്റാ കെയർ  വാറന്റി പാക്കേജ് സ്വന്തമാക്കാം.

പുതിയ പദ്ധതിയിലൂടെ എഞ്ചിൻ, എഞ്ചിൻ മാനേജ്മെന്റ് സംവിധാനം, എ സി, ഗിയർ ബോക്സും ട്രാൻസ്‍മിഷൻ, ഫ്യുൽ സംവിധാനം, ഡ്രൈവർ ഇൻഫർമേഷൻ തുടങ്ങിയ ഏറ്റവും പ്രധാനപ്പെട്ട നിരവധി വാഹന ഭാഗങ്ങൾക്ക് കിലോമീറ്റർ പരിധിയില്ലാതെ അഞ്ച് വർഷ വാറന്റി ലഭിക്കും. കൂടാതെ ക്ലച്ച്, സസ്‌പെൻഷൻ എന്നിവയുടെ ഏതൊരു കേടുപാടുകൾക്കും  50,000കിലോമീറ്റർ വരെ വാറന്റി ലഭ്യമാകും. കൂടുതൽ വിവരങ്ങൾക്ക് അടുത്തുള്ള ടാറ്റ മോട്ടോർസ് ഡീലർഷിപ്പ് സന്ദർശിക്കുക.