14 ലക്ഷം രൂപ മുതൽ ആരംഭിക്കുന്ന നെക്‌സോൺ ഇവിയുമായി താരതമ്യപ്പെടുത്തുമ്പോൾ ടാറ്റ മോട്ടോഴ്‌സ് ഭാവിയിൽ കൂടുതൽ വിലകുറഞ്ഞ ഇവി പുറത്തിക്കിയേക്കുമെന്നും റിപ്പോര്‍ട്ടുകള്‍

രാജ്യത്തെ പ്രബല ആഭ്യന്തര വാഹന നിര്‍മ്മാതാക്കളായ ടാറ്റാ മോട്ടോഴ്‍സ് സമീപഭാവിയില്‍ മൊത്തം യാത്രാവാഹന വില്‍പ്പനയുടെ 25 ശതമാനം വരെ ഇലക്ട്രിക്ക് വാഹനങ്ങളാക്കാന്‍ ലക്ഷ്യമിടുന്നതായി റിപ്പോര്‍ട്ട്. മുംബൈ ആസ്ഥാനമായ കമ്പനിയുടെ 76-ാം വാര്‍ഷിക പൊതുയോഗത്തില്‍ എന്‍ ചന്ദ്രശേഖരനാണ് ഇക്കാര്യം വ്യക്തമാക്കിയതെന്ന് മണി കണ്ട്രോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

നിലവിലെ രണ്ടു ശതമാനത്തില്‍ നിന്നും ഇലക്ട്രിക്ക് വാഹനങ്ങളെ 25 ശതമാനമാക്കാനാണ് കമ്പനിയുടെ പദ്ധതി. ഇതിന്‍റെ ഭാഗമായി എല്ലാ വർഷവും ഒന്നോ രണ്ടോ ഇലക്ട്രിക് വാഹനങ്ങൾ പുറത്തിറക്കും. അങ്ങനെ 2025-നു മുമ്പായി യാത്രാവാഹന വിഭാഗത്തില്‍ പത്ത് ഇലക്ട്രിക്ക് വാഹന മോഡലുകള്‍ അവതരിപ്പിക്കും. കൂടുതല്‍ ദൂരപരിധി ലഭിക്കുന്ന ഇ-ടിഗോര്‍ ഈ സാമ്പത്തികവര്‍ഷംതന്നെ പുറത്തിറക്കും. കൂടുതല്‍ പേര്‍ക്ക് പ്രാപ്യമായ വിലയില്‍ വൈദ്യുതവാഹനം ലഭ്യമാക്കാനുള്ള പദ്ധതികളും കമ്പനി തയ്യാറാക്കിവരുകയാണ്.

"ഇലക്ട്രിക് വാഹനങ്ങൾക്ക് ഞങ്ങൾക്ക് വളരെ വലിയ ലക്ഷ്യമുണ്ട്. നിലവിലെ 2 ശതമാനം മുതൽ ഞങ്ങളുടെ വിൽപ്പനയുടെ 25 ശതമാനമെങ്കിലും ഇടത്തരം മുതൽ ദീർഘകാലത്തേക്ക് ഇവിയിൽ നിന്ന് ലഭിക്കാൻ ഞങ്ങൾ പദ്ധതിയിട്ടിട്ടുണ്ട്. 2025 -ന് മുമ്പ് ഞങ്ങൾ കുറഞ്ഞത് 10 മോഡലുകളെങ്കിലും പുറത്തിറക്കും. ഇതിലേക്ക് ഉചിതമായ സമയത്ത് ഇവി വിഭാഗത്തിന് മാത്രമായി ഒരു മൂലധന സമാഹരണവും ഞങ്ങൾ ചെയ്യും, "ചന്ദ്രശേഖരൻ പറഞ്ഞു.

ഇന്ത്യയിലെ ഇലക്ട്രിക് പാസഞ്ചർ വാഹന വിപണിയുടെ സിംഹഭാഗവും ടാറ്റയ്ക്കാണ്. നെക്‌സൺ ഇവിയിൽ പ്രവർത്തിക്കുന്ന ടാറ്റ ആഭ്യന്തര ഇവി വിപണിയുടെ 77 ശതമാനവും നിയന്ത്രിക്കുന്നു. നെക്‌സോൺ ഇവിക്ക് 14-16 ആഴ്ച വരെ നീളുന്ന ബുക്കിംഗ് ഉണ്ടെന്ന് കമ്പനി അടുത്തിടെ അറിയിച്ചിരുന്നു. നെക്സോൺ ഡീസൽ വേരിയന്റിനെപ്പോലെ തന്നെ ആവശ്യക്കാർ വർദ്ധിച്ചിരിക്കുകയാണ് ഇലക്ട്രിക് പതിപ്പിനും. 2021 ഏപ്രിൽ മുതൽ ജൂൺ വരെയുള്ള പാദത്തിൽ നെക്സോൺ ഇവിയുടെ വിൽപന വർദ്ധിച്ചു. നെക്‌സോൺ ഇ.വിയുടെ ഇക്കാലയളവിലെ വിൽപന 1,715 യൂണിറ്റാണ്. രാജ്യത്ത് പലയിടങ്ങളിലും നെക്‌സോൺ ഇവിയുടെ വിൽപ്പന ഡീസൽ വേരിയന്റിന്റെ വിൽപ്പനയെ മറികടന്നതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. 

14 ലക്ഷം രൂപ മുതൽ ആരംഭിക്കുന്ന നെക്‌സോൺ ഇവിയുമായി താരതമ്യപ്പെടുത്തുമ്പോൾ ടാറ്റ മോട്ടോഴ്‌സ് ഭാവിയിൽ കൂടുതൽ വിലകുറഞ്ഞ ഇവി പുറത്തിക്കിയേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ടാറ്റാ ഏസിന്റെ ഇലക്ട്രിക് പതിപ്പ് അല്ലെങ്കിൽ സമാനമായ വാഹനം പോലുള്ള അവസാന മൈൽ ആപ്ലിക്കേഷനായി EV- കൾ സമാരംഭിക്കാനുള്ള പദ്ധതികൾക്ക് പുറമേയാണിത്. ഈ മിനി ട്രക്കുകൾ നഗരത്തിനകത്തെ വാണിജ്യ ആവശ്യങ്ങൾക്കായി ലക്ഷ്യമിടുന്നവയാണ്.

2022 ൽ കമ്പനിൾ ഉയർന്ന ശ്രേണിയിലുള്ള ടിഗോർ ഇവി പുറത്തിറക്കുമെന്നും ഭാവിയിൽ കൂടുതൽ താങ്ങാവുന്ന ഇവികളും പ്രതീക്ഷിക്കാമെന്നും ചന്ദ്രശേഖരൻ പറയുന്നു. ഗ്രൂപ്പ് കമ്പനിയായ ടാറ്റാ പവറുമായി ചേർന്ന് ടാറ്റ മോട്ടോഴ്‍സ് രാജ്യമെമ്പാടും ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കാൻ പ്രവർത്തിക്കുകയാണ്. ടാറ്റ മോട്ടോഴ്സ് അതിന്റെ ചാർജിംഗ് ഇൻഫ്രാസ്ട്രക്ചർ ചുരുങ്ങിയത് 25 നഗരങ്ങളിലേക്കും വ്യാപിപ്പിക്കുകയാണെന്നും വരും വർഷങ്ങളിൽ കുറഞ്ഞത് 10,000 ചാർജിംഗ് സ്റ്റേഷനുകൾ ഉണ്ടാവുക എന്നതാണ് ലക്ഷ്യമെന്നും ചന്ദ്രശേഖരൻ കൂട്ടിച്ചേർത്തു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona