ടാറ്റ ഉണ്ടാക്കുന്ന പുതിയ കമ്പനിയല്‍ കൂട്ടുകൂടാന്‍ ചൈനീസ് കമ്പനികള്‍ ഉള്‍പ്പെടെയുള്ളവര്‍
രാജ്യത്തെ ആഭ്യന്തര വാഹന നിര്‍മ്മാതാക്കളില്‍ പ്രബലരായ ടാറ്റ മോട്ടോഴ്‍സ്, പാസഞ്ചര്‍ വാഹനവിഭാഗം (PV) വേര്‍പ്പെടുത്തി പുതിയ കമ്പനി രൂപവരിക്കുന്നത് പരിഗണനയിലെന്ന് റിപ്പോര്‍ട്ട്. പുതിയ കമ്പനിയുടെ നിയന്ത്രണം നിലനിര്‍ത്തി 49 ശതമാനം വരെ ഓഹരികള്‍ കൈമാറുമെന്നും ഇതുമായി ബന്ധപ്പെട്ട് ചൈനീസ് കമ്പനികളുമായടക്കം ചര്‍ച്ചകള്‍ നടന്നെന്നുമാണ് റിപ്പോര്‍ട്ടുകള്‍.
ടാറ്റ മോട്ടോര്‍സില്‍ നിന്ന് യാത്രാ പാസഞ്ചര്‍ വിഭാഗത്തെ വേര്‍പെടുത്തി ഉപകമ്പനിയായ ടിഎംഎല്‍ ബിസിനസ് അനലിറ്റിക്സ് സര്‍വീസസില്‍ ലയിപ്പിക്കുന്നതിന് കമ്പനി അനുമതി നല്‍കിയിട്ടുണ്ട്. ഇതിന്‍റെ ഭാഗമായി ചൈനീസ് കമ്പനികളുമായും മറ്റും ചര്‍ച്ചകള്‍ നടന്നെങ്കിലും നടപടികള്‍ പ്രാരംഭഘട്ടത്തില്‍ തന്നെയാണെന്നാണ് സൂചന. ചൈനയിലെ ഗീലി, ചന്‍ഗാന്‍, ചെറി കമ്പനികളുമായി ചര്‍ച്ചനടന്നിരുന്നു. എന്നാല്‍, ഇന്ത്യയും ചൈനയും തമ്മില്‍ അതിര്‍ത്തിത്തര്‍ക്കത്തിന്റെ പേരില്‍ ബന്ധം വഷളായതോടെ നടപടികള്‍ അനിശ്ചിതത്വത്തിലാകുകയായിരുന്നു.
ടാറ്റ മോട്ടോഴ്‌സിന്റെ നിയന്ത്രണത്തിലുള്ള ജഗ്വാര്‍ ലാന്‍ഡ് റോവറിന്റെ ചൈനയിലെ പങ്കാളികൂടിയാണ് ചെറി ഓട്ടോമോട്ടീവ്. ചൈനീസ് വാഹനവിപണിയില്‍ ടാറ്റയുടെയും ജാഗ്വര്‍ ലാന്‍ഡ് റോവറിന്റെയും വാഹനങ്ങള്‍ എത്തിക്കുന്നതിനായി ടാറ്റയും ചെറിയും 2012-ല്‍ കരാറിലെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് 2014-ല്‍ ജാഗ്വര്‍ ലാന്‍ഡ് റോവറിന്റെ നിര്‍മാണശാല ചൈനയില്‍ തുറന്നത്.
ചൈനീസ് കമ്പനികളെ കൂടാതെ ഫ്രഞ്ച് കമ്പനിയായ പിഎസ്എ ഗ്രൂപ്പുമായും ടാറ്റ ചര്‍ച്ചകള്‍ നടത്തിയിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഫിയറ്റും പിഎസ്എയും ലയിച്ചതോടെ ഈ ചര്‍ച്ചകള്‍ നിഷ്‍ഫലമായതായാണ് റിപ്പോര്‍ട്ടുകള്‍. അടുത്ത വര്‍ഷം സിട്രണ്‍ C5 എയര്‍ക്രോസ് എസ്‌യുവിയുമായി ഇന്ത്യന്‍ വിപണിയില്‍ അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ് പിഎസ്എ.
എന്തായാലും 2021 മാര്‍ച്ച് 31-ഓടെ ടാറ്റയുടെ പുത്തന്‍ ഇടപാട് പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷ. ടാറ്റ മോട്ടോര്‍സ് പാസഞ്ചര്‍ വെഹിക്കിള്‍സ് ലിമിറ്റഡ് എന്നായിരിക്കും പുതിയ കമ്പനിയുടെ പേരെന്നും റിപ്പോര്‍ട്ടുകളുണ്ട്.
