രാജ്യത്തെ വാഹനപ്രേമികളെ ഗൃഹാതുരതയിലേക്ക് വഴിനടത്തുന്ന വാഹനങ്ങളിലൊന്നാണ് ടാറ്റ സിയറ. 90-കളില്‍ ടാറ്റയില്‍ നിന്ന് ആദ്യമായി പുറത്തിറങ്ങിയ ത്രീ ഡോര്‍ എസ്‌യുവിയായിരുന്നു സിയറ.  2000-ത്തോടെ നിരത്തൊഴിഞ്ഞ ഈ വാഹനം ഇപ്പോള്‍ തിരിച്ചുവരവിന്‍റെ പാതയിലാണ്. 

ഇലക്ട്രിക്ക് കരുത്തിലാവും വാഹനത്തിന്‍റെ രണ്ടാംവരവ്. നടന്നുകൊണ്ടിരിക്കുന്ന ദില്ലി ഓട്ടോ എക്സ്പോയില്‍ സിയറയുടെ ഇലക്ട്രിക് കണ്‍സെപ്റ്റ് ടാറ്റ അവതരിപ്പിച്ചു. 

ടാറ്റ അള്‍ട്രോസ് നിര്‍മിച്ചിരിക്കുന്ന അതേ ആല്‍ഫ പ്ലാറ്റ്‌ഫോമാണ് ടാറ്റ സിയറ ഇവി അടിസ്ഥാനമാക്കുന്നത്. ഫ്യൂച്ചറിസ്റ്റിക് രൂപകല്‍പ്പനയോടൊപ്പം ഒറിജിനല്‍ എസ്‌യുവിയുടെ ഡിസൈന്‍ സൂചകങ്ങളും ലഭിച്ചിരിക്കുന്നു. ഗ്രില്ലിന്റെ അഭാവം മുന്നില്‍ നിഴലിക്കുന്നുണ്ട്. നേര്‍ത്ത എല്‍ഇഡി ഹെഡ്‌ലൈറ്റ്, ഡ്യുവല്‍ ടോണ്‍ മസ്‌കുലര്‍ ബമ്പര്‍, ലൈറ്റുകളായി നല്‍കിയിട്ടുള്ള സ്‌കിഡ് പ്ലേറ്റ്, ബ്ലാക്ക് ക്ലാഡിങ്ങുകള്‍ എന്നിവയാണ് ഈ വാഹനത്തിന്റെ മുന്‍വശത്തെ അലങ്കരിക്കുന്നത്. 

വശങ്ങള്‍ ഐതിഹാസിക സിയറയുടെ തനിപകര്‍പ്പാണ്. റൂഫ് വരെ നീളുന്ന ഗ്ലാസുകളായിരുന്നു സിയറയുടെ ഹൈലൈറ്റ്. ഡ്യുവല്‍ ടോണ്‍ അലോയി വീലുകളും ഇതിലുണ്ട്. പിന്നിലും വലിയ ഗ്ലാസുകളാണ് നല്‍കിയിരിക്കുന്നത്. ഹാച്ച് ഡോറില്‍ മുഴുവനുള്ള എല്‍ഇഡി സ്ട്രിപ്പും ഡ്യുവല്‍ ടോണ്‍ ബമ്പറുമുള്ളതാണ് പിന്‍വശം. ചതുരാകൃതിയുള്ള വീല്‍ആര്‍ച്ചുകള്‍ ലഭിച്ചതോടെ ആകര്‍ഷകത്വം വര്‍ധിച്ചു. പിറകില്‍, ഒരറ്റം മുതല്‍ മറ്റേ അറ്റം വരെ നീളത്തിലുള്ള എല്‍ഇഡി ടെയ്ല്‍ലാംപ് നല്‍കിയിരിക്കുന്നു. 

മുകളിലേക്ക് വളഞ്ഞിരിക്കുന്നതാണ് വശങ്ങളിലെ വിന്‍ഡോകള്‍. കണ്‍സെപ്റ്റ് വാഹനത്തിന്റെ വലതുഭാഗത്ത് രണ്ടാമതൊരു ഡോര്‍ ഇല്ല. എന്നാല്‍ ഇടതുവശത്ത് നിരക്കിനീക്കാവുന്ന റിയര്‍ ഡോര്‍ നല്‍കിയിരിക്കുന്നു. കാബിനില്‍ വിശ്രമമുറികളില്‍ കാണുന്നതുപോലെ സീറ്റിംഗ് നല്‍കിയിരിക്കുന്നു. പിറകില്‍ ബെഞ്ച് സീറ്റ് സ്ഥാപിച്ചു. പിന്‍സീറ്റ് യാത്രക്കാരുമായി മുഖാമുഖം സംസാരിക്കണമെങ്കില്‍ മുന്നിലെ പാസഞ്ചര്‍ സീറ്റ് തിരിക്കാന്‍ കഴിയും.

നീളം, വീതി, ഉയരം എന്നിവ യഥാക്രമം 4,150 എംഎം, 1,820 എംഎം, 1,675 എംഎം എന്നിങ്ങനെയാണ്. 2,450 മില്ലി മീറ്ററാണ് വീല്‍ബേസ്. ഇലക്ട്രിക് പവര്‍ട്രെയ്ന്‍ സംബന്ധിച്ച വിശദാംശങ്ങള്‍ തല്‍ക്കാലം ലഭ്യമല്ല. 

1991 മുതല്‍ 2000 വരെയാണ് ടാറ്റ സിയറ 3 ഡോര്‍ എസ്‌യുവി നിര്‍മിച്ചിരുന്നത്. ഓഫ് റോഡ് ലക്ഷ്യമാക്കി പുറത്തിറക്കിയ ഈ വാഹനത്തില്‍ 2.0 ലിറ്റര്‍ പ്യൂഷെ എക്സ്‍ഡി88 എന്‍ജിനാണ് പ്രവര്‍ത്തിച്ചിരുന്നത്. 1948 സിസിയില്‍ 63 എച്ച്പി കരുത്താണ് സിയറ ഉത്പാദിപ്പിച്ചിരുന്നത്. അഞ്ച് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സില്‍ ഫോര്‍ വീല്‍ ഡ്രൈവ് വാഹനമായിരുന്നു ഇത്. ടാറ്റ സ്‌പോര്‍ട്ട്, ടെല്‍ക്കോസ്‌പോര്‍ട്ട്, ഗ്രാന്‍ഡ് ടെല്‍ക്കോസ്‌പോര്‍ട്ട് എന്നീ പേരുകളിലും വാഹനം അറിയപ്പെട്ടിരുന്നു.