2017 സെപ്റ്റംബറിലാണ് ടാറ്റ ആദ്യ നെക്സോണിനെ വിപണിയില്‍ അവതരിപ്പിക്കുന്നത്. മാറ്റമില്ലാത്തെ ഡിസൈനില്‍ ഏറെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയ ടാറ്റ അതെല്ലാം കാറ്റില്‍പ്പറത്തുന്ന ഡിസൈന്‍ മികവ് സ്വന്തമാക്കിയാണ് പുതിയ താരത്തെ പുറത്തിറക്കിയത്. മൂന്നരവർഷത്തോളം എടുത്തായിരുന്നു ടാറ്റ മോട്ടോഴ്‌സ് നെക്‌സോണിനെ രൂപകല്‍പ്പന ചെയ്‍ത് അവതരിപ്പിച്ചത്. ഇപ്പോഴിതാ നെക്സോണ്‍ നിരത്തിലെത്തിയിട്ട് മൂന്നുവര്‍ഷം തികഞ്ഞിരിക്കുന്നു. 

വാഹനത്തിന്‍റെ ഉല്‍പ്പാദനം മൂന്നു വര്‍ഷം കൊണ്ട് 1.50 ലക്ഷം യൂണിറ്റ് പിന്നിട്ടെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. പുണെയ്ക്കടുത്ത് രഞ്ജൻഗാവിലുള്ള ശാലയിൽ നിന്ന് 1,50,000–ാമത് നെക്സോണ്‍ നിരത്തിലെത്തുന്നത്. 2018 സെപ്റ്റംബറിലായിരുന്നു നെക്സോണ്‍ ഉൽപ്പാദനം 50,000 യൂണിറ്റ് തികഞ്ഞത്. തുടർന്ന് കഴിഞ്ഞ വർഷം സെപ്റ്റംബറിൽ നെക്സോണ്‍ ഉൽപ്പാദനം ഒരു ലക്ഷം യൂണിറ്റും പിന്നിട്ടു. 

വാഹനലോകത്ത് ടാറ്റയുടെ മുഖച്ഛായ മാറ്റിയ വാഹനമാണ് നെക്സോണ്‍. 17 ലക്ഷം കിലോമീറ്റര്‍ പ്രിലോഞ്ച് ടെസ്റ്റ് ഡ്രൈവ് നടത്തിയും മൈനസ് 20 മുതൽ പ്ലസ് 50 വരെയുള്ള കാലാവസ്ഥകളിൽ ഓടിച്ചും സമുദ്ര നിരപ്പുമുതൽ 18,000 അടി ഉയരെ വരെ ഓടിച്ചു കയറ്റിയുമൊക്കെ കർശനമായ പരീക്ഷണ നിരീക്ഷണങ്ങൾക്കു ശേഷമായിരുന്നു മൂന്നു വര്‍ഷങ്ങള്‍ക്കു മുമ്പ് നെക്‌സോൺ അന്തിമരൂപം പ്രാപിച്ചത്. ടാറ്റയുടെ മാത്രമല്ല ഇന്ത്യയുടെ തന്നെ യശസ് വാനോളം ഉയര്‍ത്തിയ വാഹനമാണ് കോംപാക്ട് എസ് യു വി നെക്‌സോൺ.  ഗ്ലോബൽ NCAP നടത്തിയ ഇടി പരീക്ഷയില്‍ ഫൈവ് സ്റ്റാര്‍ റേറ്റിങ് സ്വന്തമാക്കിയാണ് നെക്സോണ്‍ രാജ്യത്തിന്‍റെ അഭിമാനമായത്.

1.2 ലിറ്റർ ടർബോ-പെട്രോൾ, 1.5 ലിറ്റർ ടർബോ-ഡീസൽ എന്നിങ്ങനെ രണ്ട് എഞ്ചിൻ ഓപ്ഷനുകളാണ് നെക്‌സൺ വിപണിയില്‍ എത്തുന്നത്. പെട്രോൾ യൂണിറ്റ് 120 bhp കരുത്തും 170 Nm ടോർക്കും ഉല്‍പ്പാദിപ്പിക്കും. ഡീസൽ എഞ്ചിൻ‌ 110 bhp കരുത്തും 260 Nm ടോർക്കും പുറപ്പെടുവിക്കുന്നു. ഈ രണ്ട് എഞ്ചിനുകളും ആറ് സ്പീഡ് മാനുവൽ അല്ലെങ്കിൽ ആറ് സ്പീഡ് AMT ഗിയർബോക്സുകളാണ് ട്രാന്‍സ്‍മിഷന്‍. ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, iRA കണക്റ്റഡ് കാർ ടെക് എന്നിവ ഉപയോഗിച്ച് നിങ്ങൾക്ക് 7.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും ലഭിക്കും. 

ഈ വർഷം ആദ്യമാണു മലിനീകരണ നിയന്ത്രണത്തിൽ ബി എസ് 6 നിലവാരമുള്ള നെക്സോണ്‍ വിപണിയില്‍ എത്തിയത്. പിന്നാലെ 2020 സെപ്റ്റംബറില്‍ ഇന്ത്യയിൽ സൺറൂഫ് സഹിതം വിൽപനയ്ക്കെത്തുന്ന ഏറ്റവും വില കുറഞ്ഞ കാർ എന്ന പെരുമയും  ടാറ്റ നെക്സോണ്‍ സ്വന്തമാക്കി. ഇടത്തരം വേരിയന്‍റായ എക്സ്.എം, എക്സ്.എം.എ എന്നിവ പരിഷ്ക്കരിച്ച് എക്സ്.എം(എസ്). എക്സ്.എം.എ(എ) എന്നിങ്ങനെ രണ്ടു മോഡലുകളെയാണ് കമ്പനി പുതിയതായി അവതരിപ്പിച്ചത്. നെക്സോൺ എക്സ്.എം(എസ്)ന് 8.36 ലക്ഷം രൂപയാണ് എക്സ് ഷോറൂം വില. നെക്സോണിന്‍റെ ഉയർന്ന വേരിയന്‍റുകളിൽ മാത്രമുള്ള ഇലക്ട്രിക് സൺറൂഫ്, ഓട്ടോമാറ്റിക് ഹെഡ് ലാംപ്, റെയിൻ സെൻസിങ് വൈപ്പർ, സ്റ്റിയറിങ് മൌണ്ടഡ് കൺട്രോൾസ് എന്നീ സവിശേഷതകളും എക്സ്.എം(എസ്)-ൽ ഉണ്ട്.

ഇതുവരെ ബിഎസ്ആറ് എൻജിനോടെയെത്തുന്ന ഹോണ്ട ജാസ് സെഡ്എക്സ് ആയിരുന്നു സൺറൂഫോടെ ലഭ്യമായിരുന്ന ഏറ്റവും വില കുറഞ്ഞ കാർ. എന്നാൽ ജാസിന്റെ ഷോറൂം വില 8.74 ലക്ഷം രൂപയായിരുന്നു. ടാറ്റ നെക്സോണിന്റെ പുതിയ പതിപ്പുകൾ എത്തിയതോടെ സൺറൂഫുള്ള കാറിന്റെ വിലയിൽ 37,000 രൂപയോളം കുറവു വന്നു. 

മേൽപറഞ്ഞ അധിക ഫീച്ചറുകൾ കൂടാതെ നിലവിലുള്ള നെക്സോൺ എക്സ്.എം- ൽ ഉള്ള ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം, പ്രൊജക്ടർ ഹെഡ് ലാംപിനൊപ്പമുള്ള എൽഇഡി ഡിആർഎലുകൾ, ഡ്രൈവർ-കോ ഡ്രൈവർ എയർബാഗുകൾ, ഹിൽ ഹോൾഡ് കൺട്രോൾ, ഹാർമന്‍റെ കണക്ട്നെക്സ്റ്റ് ഇൻഫോടെയിൻമെന്‍റ് സിസ്റ്റം, മൾട്ടി ഡ്രൈവ് മോഡുകൾ(എക്കോ, സിറ്റി, സ്പോർട്) എന്നിവയും പുതിയ വേരിയന്‍റിലുണ്ടാകും.