Asianet News MalayalamAsianet News Malayalam

ഫോര്‍ഡും ടാറ്റയും തമ്മിലെന്ത്? മുഖ്യനെക്കണ്ട് മുതലാളി, നിമിഷങ്ങള്‍ക്കകം ടാറ്റ ഓഹരിവില കുതിച്ചു!

ഇതുസംബന്ധിച്ച വാർത്തകള് പുറത്തുവന്നതിനെത്തുടർന്ന് ടാറ്റയുടെ ഓഹരിവില കഴിഞ്ഞ ദിവസം കുതിച്ചുയര്‍ന്നതായാണ് റിപ്പോര്‍ട്ടുകള്‍. 

Tata Motors shares rise after N Chandrasekaran meet with TN CM
Author
Mumbai, First Published Oct 8, 2021, 9:45 PM IST

രാജ്യത്തെ കാർ ഉൽപ്പാദനത്തിൽ നിന്ന് പിന്മാറിയ ഐക്കണിക്ക് അമേരിക്കന്‍ (US) വാഹന നിര്‍മ്മാതാക്കളായ ഫോർഡിന്റെ (Ford) പ്ലാന്റുകൾ ടാറ്റ മോട്ടോഴ്‍സ് (Tata Motors) ഏറ്റെടുത്തേക്കും എന്ന് റിപ്പോര്‍ട്ട്. ഗുജറാത്തിലും (Gujarat) തമിഴ്‌നാട്ടിലുമുള്ള (Tamil Nadu) പ്ലാന്റുകളുടെ കാര്യത്തിലാണ് ചർച്ച. തൊഴിൽ നഷ്ടപ്പെടുമെന്ന് ഭയന്ന നിരവധി തൊഴിലാളികൾക്ക് പ്രതീക്ഷയേകുന്നതാണ് ഈ വാർത്ത.

ഇതുസംബന്ധിച്ച് ടാറ്റ സൺസ് ചെയർമാൻ എൻ ചന്ദ്രശേഖരൻ തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനുമായി കഴിഞ്ഞദിവസം കൂടിക്കാഴ്‍ച നടത്തിയിരുന്നു.  അതേസമയം ഇതുസംബന്ധിച്ച വാർത്തകള് പുറത്തുവന്നതിനെത്തുടർന്ന് ടാറ്റയുടെ ഓഹരിവില കഴിഞ്ഞ ദിവസം കുതിച്ചുയര്‍ന്നതായാണ് റിപ്പോര്‍ട്ടുകള്‍. 12.02 ശതമാനം വരെ ഉയർന്നതായി ഇന്ഷോര്‍ട്‍സ് ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്യുന്നു. ബുധനാഴ്‍ചത്തെ 336 രൂപ നിലവാരത്തിൽനിന്ന് 40.40 രൂപ കയറി 376.40 രൂപയിലാണ് ടാറ്റ മോട്ടോഴ്‌സ് ഓഹരികൾ വ്യാഴാഴ്ച വ്യാപാരം അവസാനിപ്പിച്ചത്. മോർഗൻ സ്റ്റാൻലി കമ്പനിയുടെ റേറ്റിങ് ഉയർത്തിയതും ഓഹരി വിലയിൽ പ്രതിഫലിച്ചിട്ടുണ്ട്. 2024-ഓടെ കമ്പനിയുടെ ബാധ്യതകൾ ഒഴിവാക്കാനാകുമെന്നും മോർഗൻ സ്റ്റാൻലി വിലയിരുത്തുന്നു.

2008 മാർച്ച് മാസത്തിൽ ഫോർഡിന്റെ പക്കൽ നിന്നും ജാഗ്വർ ലാന്റ് റോവർ 2.3 ബില്യൺ ഡോളറിന് ടാറ്റ വാങ്ങിയിരുന്നു. ഈ ഇടപാട് നടക്കുകയാണെങ്കിൽ ഫോർഡിന്റെ അസറ്റ് ടാറ്റ വാങ്ങുന്ന രണ്ടാമത്തെ ഇടപാടായിരിക്കുമിത്. 

രാജ്യത്ത് പരിസ്ഥിതി സൗഹൃദ വാഹന രംഗത്ത് വൻ കുതിപ്പ് നടത്തുകയാണ് ടാറ്റ. അതിനാൽ തന്നെ തമിഴ്നാട്ടിലെയും ഗുജറാത്തിലെയും പ്ലാന്റുകൾ ടാറ്റയ്ക്ക് വലിയ നേട്ടമാകും. രാജ്യത്ത് നിലവിൽ മൂന്ന് പാസഞ്ചർ കാർ നിർമ്മാണ പ്ലാന്റുകളാണ് ടാറ്റയ്ക്കുള്ളത്. അതിലൊന്ന് ഫിയറ്റ് ക്രിസ്‌ലറുമായി ചേർന്നുള്ളതാണ്. ടാറ്റ മോട്ടോഴ്‌സിന് നിലവിൽ തമിഴ്‌നാട്ടിൽ വാഹന നിർമാണശാലയില്ല. എതിരാളികൾ പലതും ചിപ്പ് ക്ഷാമത്തിൽ പ്ലാന്റുകൾ അടച്ചിടാൻ നിർബന്ധിതമാകുമ്പോഴും ആവശ്യം മുൻനിർത്തി കമ്പനിയുടെ യാത്രാവാഹന നിർമാണശാലകൾ രണ്ടു ഷിഫ്റ്റിൽ പ്രവർത്തിക്കുന്നുണ്ട്.

ടാറ്റയുടെ എസ്‌യുവികൾക്കു ഈ പ്ലാന്റ് യോജിക്കുമോ എന്ന കാര്യത്തില്‍ അന്വേഷണം നടക്കുന്നുണ്ടാന്നാണ് റിപ്പോര്‍ട്ടുകള്‍. ഫോര്‍ഡ് ഇന്ത്യയിലെ ഉന്നതൻ ഏതാനും ദിവസം മുൻപു രാജി വച്ച് ടാറ്റയിൽ എത്തിയതും ഏറ്റെടുക്കൽ അഭ്യൂഹങ്ങൾക്ക് ശക്തി പകരുന്നു. ചെന്നൈ പ്ലാന്റ് ഏറ്റെടുക്കാനായി സ്റ്റാലിൻ ക്ഷണിച്ചെന്നും കൂടിക്കാഴ്ച നടന്നെന്നും ടാറ്റ അധികൃതർ സമ്മതിക്കുന്നുണ്ടെങ്കിലും മറ്റു കാര്യങ്ങളിൽ പ്രതികരിക്കാൻ  തയാറായിട്ടില്ല. 

തമിഴ്നാട്ടിൽ ടാറ്റയ്ക്ക് ഇപ്പോൾ പ്ലാന്റില്ല. എന്നാൽ ഗുജറാത്തിൽ ഫോർഡിന്റെ പ്ലാന്റിനോട് തൊട്ടടുത്ത് ടാറ്റ മോട്ടോർസിനും കാർ നിർമ്മാണ പ്ലാന്റുണ്ട്. ഫോർഡ് പിന്മാറിയതോടെ പ്ലാന്റ് നടത്തിപ്പിന് മറ്റൊരു കമ്പനിയെ കണ്ടെത്താനുള്ള കഠിന ശ്രമത്തിലാണ് തമിഴ്നാട് സർക്കാർ.

Follow Us:
Download App:
  • android
  • ios