ഇന്ത്യൻ വാഹന ഭീമനായ ടാറ്റ മോട്ടോഴ്‌സ് ഇറ്റാലിയൻ വാണിജ്യ വാഹന നിർമ്മാതാക്കളായ ഇവെക്കോ ഗ്രൂപ്പിനെ ഏകദേശം 38,098 കോടി രൂപയ്ക്ക് വാങ്ങാൻ തയ്യാറെടുക്കുന്നതായി റിപ്പോർട്ട്.
ഇന്ത്യൻ വാഹന ഭീമനായ ടാറ്റ മോട്ടോഴ്‌സ് ഇറ്റാലിയൻ വാണിജ്യ വാഹന നിർമ്മാതാക്കളായ ഇവെക്കോ ഗ്രൂപ്പിനെ വാങ്ങാൻ തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. ഇവെക്കോയെ 3.8 ബില്യൺ യൂറോയ്ക്ക് (ഏകദേശം 38,098 കോടി രൂപ) വാങ്ങാൻ ടാറ്റ മോട്ടോഴ്‌സ് തയ്യാറെടുക്കുകയാണെന്നാണ് പുതിയ റിപ്പോർട്ടുകൾ. ടാറ്റ ഗ്രൂപ്പിന്റെ ഇതുവരെയുള്ള രണ്ടാമത്തെ വലിയ ഇടപാടും ഇതുവരെയുള്ള ടാറ്റ മോട്ടോഴ്‌സിന്റെ ഏറ്റവും വലിയ ഇടപാടുമാണിതെന്ന് പറയപ്പെടുന്നു. 2007 ന്റെ തുടക്കത്തിൽ, സ്റ്റീൽ നിർമ്മാതാക്കളായ കോറസിനെ ടാറ്റ 9.23 ബില്യൺ യൂറോയ്ക്ക് ഏറ്റെടുത്തിരുന്നു.
ബ്രാൻഡിന്റെ പ്രധാന ഓഹരി ഉടമയായ ആഗ്നെല്ലി കുടുംബവുമായുള്ള ഈ കരാറിൽ, ടാറ്റ മോട്ടോഴ്‌സ് ഒരു ഓഹരിക്ക് 14.1 യൂറോ (ഡിവിഡന്റുകൾ ഉൾപ്പെടെ) വാഗ്ദാനം ചെയ്യും, ഇത് ഇവെക്കോയുടെ പ്രതിരോധ ബിസിനസിൽ നിക്ഷേപിക്കുന്നതിന് പ്രതീക്ഷിക്കുന്ന 5.5-6 യൂറോ (ഡിവിഡന്റ് ഒഴികെ) ഷെയറിന് ക്രമീകരിക്കപ്പെടും. ഈ ക്രമീകരിച്ച ഓഹരി വില 34-41 ശതമാനം കൂടുതലാണ്.
ടാറ്റാ ഗ്രൂപ്പുമായുള്ള കരാർ, പ്രതിരോധ ബിസിനസ്സ് ഒഴികെയുള്ള ഇവെക്കോ ഗ്രൂപ്പിന്റെ എല്ലാ സാധാരണ ഓഹരികൾക്കും ഒരു സ്വമേധയാ ഉള്ള ടെൻഡർ വഴിയായിരിക്കും നടത്തുക. ടാറ്റാ മോട്ടോഴ്‌സിന്റെ പൂർണ ഉടമസ്ഥതയിലുള്ള ഡച്ച് ആസ്ഥാനമായുള്ള ഒരു യൂണിറ്റ് വഴിയായിരിക്കും ഈ ഓഫർ നടത്തുക. ഇവെക്കോ ബോർഡ് ഈ ഇടപാടിന് അംഗീകാരം നൽകി. 27.1 ശതമാനം ഓഹരിയും 43.1 ശതമാനം വോട്ടവകാശവുമുള്ള ഇവെക്കോയുടെ ഭൂരിപക്ഷ ഓഹരി ഉടമയായ എക്സോർ എൻ.വി., അതിന്റെ ഓഹരികൾ ടെൻഡർ ചെയ്യാൻ സമ്മതിച്ചു.
ടാറ്റ ഗ്രൂപ്പും ഇവെക്കോ ഗ്രൂപ്പും തമ്മിലുള്ള ഈ കരാർ പൂർത്തിയാകുമ്പോൾ, ഇവെക്കോ ഇറ്റാലിയൻ സ്റ്റോക്ക് എക്സ്ചേഞ്ച് യൂറോനെക്സ്റ്റ് ലിസ്റ്റിൽ നിന്ന് ഡീലിസ്റ്റ് ചെയ്യപ്പെടുകയും ടാറ്റ മോട്ടോഴ്‌സിന്റെ പൂർണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായി മാറുകയും ചെയ്യും. ഈ കരാറിനുശേഷവും, ടൂറിനിൽ ആസ്ഥാനം നിലനിർത്താനും യൂറോപ്പിലുടനീളം ബ്രാൻഡും നിർമ്മാണവും തുടരാനുമുള്ള അവകാശം ഇവെക്കോ ഗ്രൂപ്പിന് ഉണ്ടായിരിക്കും എന്നാണ് റിപ്പോർട്ടുകൾ.
ബസുകൾ, ട്രക്കുകൾ, മറ്റ് നിരവധി വലിയ വാണിജ്യ വാഹനങ്ങൾ എന്നിവ നിർമ്മിക്കുന്ന ഒരു പ്രധാന ഇറ്റാലിയൻ വാണിജ്യ വാഹന നിർമ്മാതാക്കളാണ് ഇവെക്കോ ഗ്രൂപ്പ്. ഈ കരാറിനുശേഷം, ടാറ്റ മോട്ടോഴ്‌സിന് യൂറോപ്യൻ വിപണിയിലും ശക്തമായ സാന്നിധ്യം സ്ഥാപിക്കാൻ കഴിയും. ആഗോള വിപണിയിൽ സ്ഥാനം പിടിക്കുന്നതിൽ ടാറ്റയ്ക്ക് ഈ കരാർ വളരെ ഗുണം ചെയ്യും.
ഇവെക്കോ എന്നത് ഇൻഡസ്ട്രിയൽ വെഹിക്കിൾസ് കോർപ്പറേഷന്റെ ചുരുക്കപ്പേരാണ്. ഇറ്റലിയിലെ ടൂറിൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഈ ഇറ്റാലിയൻ കമ്പനി മൾട്ടിനാഷണൽ ട്രാൻസ്പോർട്ട് വാഹനങ്ങൾ നിർമ്മിക്കുന്നു. ലൈറ്റ്, മീഡിയം, ഹെവി കൊമേഴ്‌സ്യൽ വാഹനങ്ങൾ നിർമ്മിക്കുന്ന ഈ കമ്പനിയുടെ വാഹനനിരയിൽ നിരവധി ശക്തമായ ഇലക്ട്രിക് വാഹനങ്ങളും ഉൾപ്പെടുന്നു. ഇറ്റാലിയൻ, ഫ്രഞ്ച്, ജർമ്മൻ ബ്രാൻഡുകളുടെ ലയനത്തിനുശേഷം 1975 ലാണ് ഇവെക്കോ എന്ന പേര് ആദ്യമായി പ്രത്യക്ഷപ്പെട്ടത്.
യൂറോപ്പ്, ചൈന, റഷ്യ, ഓസ്‌ട്രേലിയ, ലാറ്റിൻ അമേരിക്ക എന്നിവിടങ്ങളിൽ കമ്പനിക്ക് നിർമ്മാണ പ്ലാന്റുകളുണ്ട്, കൂടാതെ ഇവെക്കോ 160 ലധികം രാജ്യങ്ങളിൽ വാഹനങ്ങൾ വിൽക്കുന്നു. ഈ രാജ്യങ്ങളിൽ കമ്പനിക്ക് 5,000 ത്തിലധികം വിൽപ്പന ഔട്ട്‌ലെറ്റുകളും ഉപഭോക്തൃ സേവന കേന്ദ്രങ്ങളുമുണ്ട്. ഏകദേശം 1,50,000 വാണിജ്യ വാഹനങ്ങളാണ് കമ്പനിയുടെ ആഗോള ഉത്പാദനം എന്നാണ് റിപ്പോർട്ടുകൾ.
2004 ൽ, ടാറ്റ മോട്ടോഴ്‌സ് ദേവൂ കൊമേഴ്‌സ്യൽ വെഹിക്കിൾ കമ്പനിയെ ഏറ്റെടുത്തു. ആഗോള ട്രക്ക്, ബസ് നിർമ്മാതാവാകുന്നതിനുള്ള ഒരു വലിയ ചുവടുവയ്പ്പായി ഇത് കണക്കാക്കപ്പെട്ടിരുന്നു. ഇപ്പോൾ കമ്പനി ഇറ്റാലിയൻ വാണിജ്യ വാഹന നിർമ്മാതാക്കളായ ഇവെക്കോ ഗ്രൂപ്പിനെ വാങ്ങാനുള്ളനീക്കം ടാറ്റ മോട്ടോഴ്‌സിന്‍റെ വാണിജ്യ വാഹന നിർമ്മാതാവ് എന്ന പേര് കൂടുതൽ ശക്തിപ്പെടുത്തും.
