ടാറ്റ മോട്ടോഴ്‌സ് പാസഞ്ചർ വെഹിക്കിൾസ് (TMPV) ദക്ഷിണാഫ്രിക്കൻ പാസഞ്ചർ വാഹന വിപണിയിൽ വീണ്ടും പ്രവേശിച്ചു. ഹാരിയർ, കർവ്വ്, പഞ്ച്, ടിയാഗോ എന്നീ നാല് മോഡലുകൾ അവതരിപ്പിച്ചു. മോട്ടസ് ഹോൾഡിംഗ്‍സുമായി ചേർന്നാണ് വിപണിപ്രവേശനം.
ഇന്ത്യയിലെ ഏറ്റവും വലിയ വാഹന നിർമ്മാതാക്കളിൽ ഒരാളായ ടാറ്റ മോട്ടോഴ്‌സിന്റെ അനുബന്ധ സ്ഥാപനമായ ടാറ്റ മോട്ടോഴ്‌സ് പാസഞ്ചർ വെഹിക്കിൾസ് (TMPV) ദക്ഷിണാഫ്രിക്കൻ പാസഞ്ചർ വാഹന വിപണിയിൽ വീണ്ടും പ്രവേശിച്ചു. ജോഹന്നാസ്ബർഗിലെ സാൻഡ്ടണിലുള്ള ഗാലേറിയയിൽ നടന്ന ലോഞ്ച് ഇവന്റിൽ ദക്ഷിണാഫ്രിക്കൻ ഉപഭോക്താക്കളുടെ വൈവിധ്യമാർന്ന മൊബിലിറ്റി ആവശ്യങ്ങൾ നിറവേറ്റുന്നതിനായി രൂപകൽപ്പന ചെയ്ത ഹാരിയർ, കർവ്വ്, പഞ്ച്, ടിയാഗോ എന്നീ നാല് മോഡലുകൾ അവതരിപ്പിച്ചു.
ദക്ഷിണാഫ്രിക്കയിലെ മുൻനിര ഓട്ടോമോട്ടീവ് ഗ്രൂപ്പായ മോട്ടസ് ഹോൾഡിംഗ്‍സുമായി ചേർന്നാണ് ടാറ്റയുടെ ദക്ഷിണാഫ്രിക്കൻ വിപണിപ്രവേശനം. ഇന്ത്യയിലെ വാഹന സുരക്ഷയുടെ കാര്യത്തിൽ മുൻനിര കമ്പനിയാണ് ടാറ്റ. ഇന്ത്യയുടെ ഔദ്യോഗിക സുരക്ഷാ റേറ്റിംഗ് സംവിധാനമായ ഭാരത് എൻസിഎപി (BNCAP), ഗ്ലോബൽ എൻസിഎപി (GNCAP) എന്നിവയുൾപ്പെടെ ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ട പുതിയ കാർ അസസ്‌മെന്റ് പ്രോഗ്രാമുകൾ പ്രകാരം എല്ലാ മോഡലുകൾക്കും നാല് അല്ലെങ്കിൽ അഞ്ച് സ്റ്റാറുകൾ റേറ്റുചെയ്‌ത ഒരു വാഹനനിര ടാറ്റാ മോട്ടോഴ്സ് വാഗ്ദാനം ചെയ്യുന്നു.
വാഹന ഇറക്കുമതി, രാജ്യവ്യാപക വിതരണം, സമഗ്രമായ വിൽപ്പനാനന്തര പിന്തുണ എന്നിവയിലെ മോട്ടസ് ഹോൾഡിംഗ്‌സിന്റെ പതിറ്റാണ്ടുകളുടെ വൈദഗ്ധ്യവും ടാറ്റാ മോട്ടോഴ്സിന്‍റെ അത്യാധുനിക നവീകരണവും എഞ്ചിനീയറിംഗ് മികവും സംയോജിപ്പിച്ചുകൊണ്ട്, ഈ പങ്കാളിത്തം ദക്ഷിണാഫ്രിക്കൻ ഉപഭോക്താക്കൾക്ക് ആകർഷകമായ ഒരു മൂല്യം നൽകുന്നുവെന്ന് കമ്പനി പറയുന്നു. ഈ സഹകരണം ശക്തവും വികസിച്ചുകൊണ്ടിരിക്കുന്നതുമായ ഡീലർ ശൃംഖല, വിശ്വസനീയമായ സേവന അടിസ്ഥാന സൗകര്യങ്ങൾ, തടസമില്ലാത്ത ഉടമസ്ഥാവകാശ അനുഭവങ്ങൾ തുടങ്ങിയവ ഉറപ്പാക്കുന്നു. ദക്ഷിണാഫ്രിക്കൻ ഓട്ടോമോട്ടീവ് വിപണിയിൽ ഉടനീളം ഗുണനിലവാരം, സൗകര്യം, ഉപഭോക്തൃ സംതൃപ്‍തി എന്നിവയിൽ പുതിയ മാനദണ്ഡങ്ങൾ സ്ഥാപിക്കാൻ പ്രതിജ്ഞാബദ്ധരാണെന്നും ഇരുകമ്പനികളും പറയുന്നു.
ദക്ഷിണാഫ്രിക്കയിൽ രാജ്യവ്യാപകമായി 40 ഡീലർഷിപ്പുകളുടെ ഒരു ശൃംഖലയിലൂടെ ടാറ്റാ മോട്ടോഴ്സ് പ്രവർത്തനം ആരംഭിക്കും. 2026 ആകുമ്പോഴേക്കും ഇത് 60 ആയി വികസിപ്പിക്കാനും ദക്ഷിണാഫ്രിക്കയിൽ ഉടനീളം വിശാലമായ പ്രവേശനക്ഷമതയും ശക്തമായ ഉപഭോക്തൃ പിന്തുണയും ഉറപ്പാക്കാനുമാണ് പദ്ധതി. ടെക്‌നീഷ്യൻമാർ, സെയിൽസ് പ്രൊഫഷണലുകൾ, വിൽപ്പനാനന്തര ടീമുകൾ എന്നിവർക്കുള്ള നൈപുണ്യ വികസനം, തൊഴിലവസരങ്ങൾ സൃഷ്‍ടിക്കൽ, പരിശീലന പരിപാടികൾ എന്നിവയിൽ കമ്പനി നിക്ഷേപം നടത്തും. കൂടാതെ, പ്രമുഖ ധനകാര്യ സ്ഥാപനങ്ങളുമായുള്ള തന്ത്രപരമായ പങ്കാളിത്തം മത്സരാധിഷ്‍ഠിത ധനസഹായ പരിഹാരങ്ങൾ വാഗ്ദാനം ചെയ്യും, ഇത് ദക്ഷിണാഫ്രിക്കൻ ഉപഭോക്താക്കൾക്ക് ഉയർന്ന നിലവാരമുള്ള മൊബിലിറ്റി കൂടുതൽ സാധ്യമാക്കും.
ദക്ഷിണാഫ്രിക്കയിലേക്കുള്ള തങ്ങളുടെ തിരിച്ചുവരവ് ടാറ്റ മോട്ടോഴ്‌സിന്റെ ആഗോള യാത്രയിലെ ഒരു സുപ്രധാന നാഴികക്കല്ലാണെന്ന് ടാറ്റ മോട്ടോഴ്‌സ് പാസഞ്ചർ വെഹിക്കിൾ ലിമിറ്റഡിന്റെയും ടാറ്റ പാസഞ്ചർ ഇലക്ട്രിക് മൊബിലിറ്റി ലിമിറ്റഡിന്‍റെയും മാനേജിംഗ് ഡയറക്ടർ ശൈലേഷ് ചന്ദ്ര പറഞ്ഞു.
