Asianet News MalayalamAsianet News Malayalam

Tata : ഇനി ഉണ്ടാക്കുക ഉരുക്ക് വണ്ടികള്‍ മാത്രമല്ല; ചിപ്പ് ഫാക്ടറി തുടങ്ങാനും ടാറ്റ!

ചിപ്പ് പ്രതിസന്ധി വാഹന വ്യവസായത്തെ തളർത്തുമ്പോൾ, ഇന്ത്യയുടെ സ്വന്തം വാഹന നിര്‍മ്മാതാക്കളായ ടാറ്റ മോട്ടോഴ്‍സ് ഇന്ത്യയിൽ സ്വന്തമായി ചിപ്പ് കമ്പനി തുടങ്ങുന്നു

Tata Motors To Manufacture Semiconductor Chips
Author
Mumbai, First Published Nov 28, 2021, 1:01 PM IST

സെമി കണ്ടക്ടറുകള്‍ (Semiconductor) അഥവാ ചിപ്പുകള്‍ കിട്ടാക്കനിയായതോടെ ആഗോളതലത്തില്‍ വാഹന നിര്‍മ്മാണം വന്‍ പ്രതിസന്ധി നേരിടുകയാണ്. ഇതുകാരണം പല വാഹന നിര്‍മ്മാതാക്കളും ഉല്‍പ്പാദനം വെട്ടിക്കുറയ്ക്കാന്‍ നിര്‍ബന്ധിതരായിരിക്കുന്നു. വാഹന മേഖലയ്ക്ക് പുറമെ, മൊബൈല്‍ ഫോണ്‍, ലാപ്പ്‌ടോപ് തുടങ്ങിയ ഇലക്ട്രോണിക്‌സ് ഉത്പന്നങ്ങളുടെ നിര്‍മാണത്തേയും ചിപ്പ് ക്ഷാമം രൂക്ഷമായി ബാധിച്ചിട്ടുണ്ട്. 

നിലവിലുള്ള അർദ്ധചാലക പ്രതിസന്ധി ഓട്ടോമോട്ടീവ് വ്യവസായത്തെ തളർത്തുമ്പോൾ, ഇന്ത്യയുടെ സ്വന്തം വാഹന നിര്‍മ്മാതാക്കളായ ടാറ്റ മോട്ടോഴ്‍സ് ( Tata Motors) ഇന്ത്യയിൽ സ്വന്തമായി അർദ്ധചാലക അസംബ്ലി യൂണിറ്റ് സ്ഥാപിക്കാൻ ഒരുങ്ങുന്നതായിട്ടാണ് പുതിയ റിപ്പോര്‍ട്ട്. അർദ്ധചാലക അസംബ്ലിയും ടെസ്റ്റ് യൂണിറ്റും സ്ഥാപിക്കുന്നതിന് 300 മില്യൺ ഡോളർ വരെ നിക്ഷേപിക്കുന്നതിന് ടാറ്റ ഗ്രൂപ്പ് മൂന്ന് സംസ്ഥാനങ്ങളുമായി ചർച്ചകൾ നടത്തുന്നതായി റോയിട്ടേഴ്‌സിനെ ഉദ്ദരിച്ച് ഓട്ടോ കാര്‍ ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.

ഇതിനായി തമിഴ്‌നാട്, കർണാടക, തെലങ്കാന എന്നീ മൂന്ന് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുമായി ടാറ്റ ഗ്രൂപ്പ് ചർച്ചകൾ നടത്തുന്നതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. കൂടാതെ ഔട്ട്‌സോഴ്‌സ് ചെയ്‍ത അർദ്ധചാലക അസംബ്ലി ആൻഡ് ടെസ്റ്റ് (OSAT) പ്ലാന്റ് സ്ഥാപിക്കുന്നതിനുള്ള ഭൂമിക്കായി കമ്പനി അന്വേഷണം നടത്തുകയാണെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ഒരു OSAT പ്ലാന്റ് അർദ്ധചാലക ഫൗണ്ടറികളിൽ നിന്ന് സിലിക്കൺ വേഫറുകൾ ഉപയോഗിച്ചാണ് ചിപ്പ് നിര്‍മ്മാണം നടക്കുന്നത്. പാക്കേജുകൾ സിലിക്കൺ വേഫറുകളെ കൂട്ടിച്ചേർക്കുകയും ഒടുവിൽ അവയെ പൂർത്തിയായ അർദ്ധചാലക ചിപ്പുകളാക്കി മാറ്റുകയും ചെയ്യുന്നു.

ചിപ്പ് ഫാക്ടറിക്ക് സാധ്യതയുള്ള ചില സ്ഥലങ്ങൾ കമ്പനി ഇതിനകം പരിശോധിച്ചിട്ടുണ്ടെന്നും അടുത്ത മാസത്തോടെ അന്തിമ തീരുമാനം ഉണ്ടാകുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍. അർദ്ധചാലക ബിസിനസിലേക്ക് പ്രവേശിക്കാൻ ടാറ്റ ഗ്രൂപ്പ് മുമ്പും താൽപ്പര്യം പ്രകടിപ്പിച്ചിരുന്നു.  എന്നാൽ ഗ്രൂപ്പിന്റെ ഈ മേഖലയിലേക്കുള്ള ചുവടുവെപ്പിനെക്കകുറിച്ചുള്ള കൂടുതല്‍ വ്യക്തമായ വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നത് ഇതാദ്യമാണ്.

ടാറ്റാ മോട്ടോഴ്‍സിന്‍റെ ഈ നീക്കം കമ്പനിയുടെ ദീർഘകാല വളർച്ചയ്ക്ക് വളരെ നിർണായകമാണെന്ന് ചില കേന്ദ്രങ്ങളെ ഉദ്ദരിച്ച് ഓട്ടോ കാര്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. മാത്രമല്ല, ഹൈടെക് ഇലക്‌ട്രോണിക്‌സ്, ഡിജിറ്റൽ ബിസിനസ് എന്നിവയിൽ നിക്ഷേപം നടത്താനും ടാറ്റ ഗ്രൂപ്പിന് പദ്ധതിയുണ്ട്. അർദ്ധചാലക വ്യവസായത്തിലേക്കുള്ള ടാറ്റയുടെ മുന്നേറ്റം ഇലക്ട്രോണിക്‌സ് നിർമ്മാണത്തിനായി 'മേക്ക് ഇൻ ഇന്ത്യ' സംരംഭം മുന്നോട്ട് കൊണ്ടുപോകും. ടാറ്റയുടെ OSAT ബിസിനസിന്റെ സാധ്യതയുള്ള ക്ലയന്റുകളിൽ ഇന്‍റല്‍,  AMD തുടങ്ങിയ കമ്പനികളും ഉൾപ്പെടുന്നു.

അടുത്ത വർഷം അവസാനത്തോടെ ചിപ്പ് നിര്‍മ്മാണ ഫാക്ടറി പ്രവർത്തനക്ഷമമാകുമെന്നും 4,000 തൊഴിലാളികൾ വരെ ജോലി ചെയ്യുമെന്നും പ്രതീക്ഷിക്കുന്നതായി ഓട്ടോ കാര്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. ശരിയായ ചെലവിൽ വിദഗ്ധ തൊഴിലാളികളുടെ ലഭ്യത പദ്ധതിയുടെ ദീർഘകാല പ്രവർത്തനക്ഷമതയ്ക്ക് പ്രധാനമായിരിക്കും. 

അതേസമയം ആഗോളതലത്തിൽ വാഹനവ്യവസായത്തെ സെമികണ്ടക്ടര്‍ ക്ഷാമം പ്രതിസന്ധിയിലാക്കിയിട്ട്​ ഏറെക്കാലമായി. ആധുനികമായ ഒരു വാഹനത്തിൽ ഏകദേശം 1000 ചിപ്പുകള്‍ ഉപയോഗിക്കുന്നതായാണ്​ കണക്കുകള്‍​.  കൊവിഡ് വ്യാപനത്തിന്‍റെ പശ്​ചാത്തലത്തിൽ വ്യക്തിഗത കമ്പ്യൂട്ടറുകൾക്കും ടാബ്‌ലെറ്റുകൾക്കും സ്‍മാർട്ട്‌ഫോണുകൾക്കുമുള്ള വർധിച്ച ആവശ്യകതയാണ്​ പ്രശ്​നത്തിന് കാരണമായത്. ചിപ്പ്​ നിർമാതാക്കൾ വാഹനവ്യവസായത്തിലേക്ക്​ കൂടുതൽ സപ്ലെ നൽകുന്നതിൽ താൽപ്പര്യം കാണിക്കാത്തതാണ്​​ പ്രശ്​നം രൂക്ഷമാക്കുന്നത്​​. ഉല്‍പ്പാദനം വെട്ടിക്കുറയ്ക്കുന്നതിനൊപ്പം ചില അത്യാധുനിക ഫീച്ചറുകള്‍ വാഹനത്തില്‍ നിന്ന് ഒഴിവാക്കുന്നതിനു വരെ വാഹന നരി‍മ്മാതാക്കളെ നിര്‍ബന്ധിതരാക്കിയിരിക്കുകയാണ് ചിപ്പ് ക്ഷാമം. 

ആഗോളതലത്തില്‍ അനുഭവപ്പെടുന്ന ചിപ്പ് ക്ഷാമം 2022 അവസാനത്തോടെ ഭാഗികമായി കുറയ്ക്കാന്‍ സാധിക്കുമെങ്കിലും 2023-ഓടെ മാത്രമേ പൂര്‍ണമായി പരിഹരിക്കപ്പെടൂവെന്നാണ് സെമി കണ്ടക്ടര്‍ ചിപ്പ് നിര്‍മാതാക്കളായ എസ്.ടി. മൈക്രോ ഇലക്ട്രോണിക്‌സ് മേധാവി ജീന്‍ മാര്‍ക്ക് അടുത്തിടെ അറിയിച്ചത്. ചിപ്പ് ക്ഷാമം മൂലം വണ്ടക്കമ്പനികളുടെ 2021 ലെ വരുമാനത്തില്‍ 110 ബില്യണ്‍ ഡോളറിന്റെ കുറവുണ്ടാകുമെന്ന് കണ്‍സള്‍ട്ടിംഗ് കമ്പനിയായ അലിക്‌സ് പാര്‍ട്‌ണേഴ്‌സ് നേരത്തെ വ്യക്തമാക്കിയിരുന്നു.  നേരത്തെ 61 ബില്യണ്‍ ഡോളറിന്റെ കുറവുണ്ടാകുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. ഈ പ്രതിസന്ധി 3.9 ദശലക്ഷം വാഹനങ്ങളുടെ നിര്‍മ്മാണത്തെ ബാധിക്കുമെന്നും അലിക്‌സ് പാര്‍ട്‌ണേഴ്‌സ് ചൂണ്ടിക്കാട്ടുന്നു.  2020ൽ കൊവിഡ് ലോകത്ത് പിടിമുറുക്കിയതോടെ ഉൽപാദനം കുറഞ്ഞതാണ് ചിപ്പുകൾ ലോക വിപണിയിൽ ആവശ്യത്തിന് ലഭ്യമല്ലാതാക്കിയത്. വിവിധ മേഖലകളിൽ ഒരേ പ്രതിസന്ധിയായി ഇത് നിലനിൽക്കുന്നുണ്ട്. അടുത്ത വർഷം വരെ തുടരുമെന്നും മുന്നറിയിപ്പുണ്ട്.  

Follow Us:
Download App:
  • android
  • ios