Asianet News MalayalamAsianet News Malayalam

ഗുജറാത്തിന് 25 ആംബുലന്‍സുകള്‍ നല്‍കി ടാറ്റ, 90 എണ്ണം കൂടി പണിപ്പുരയില്‍

ഗുജറാത്തിലെ ആരോഗ്യ വകുപ്പിന് വിങ്ങര്‍ ആംബുലന്‍സുകൾ കൈമാറി ടാറ്റ മോട്ടോഴ്‌സ്

Tata Motors to supply 115 winger ambulances to Gujarat govt
Author
Mumbai, First Published Jun 13, 2021, 4:08 PM IST

ഗുജറാത്തിലെ ആരോഗ്യ വകുപ്പിന് വിങ്ങര്‍ ആംബുലന്‍സുകൾ കൈമാറി ടാറ്റ മോട്ടോഴ്‌സ് . 25 വിങ്ങര്‍ ആംബുലന്‍സുകളാണ് ടാറ്റ ഗുജറാത്ത് സര്‍ക്കാരിന് നല്‍കിയിരിക്കുന്നതെന്ന് ഫിനാന്‍ഷ്യല്‍ എക്സ്‍പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.  ഈ ആംബുലന്‍സുകളുടെ 115 യൂണിറ്റുകളാണ് ഗുജറാത്ത് ആരോഗ്യ വകുപ്പ് ആവശ്യപ്പെട്ടിരുന്നതെന്നും ഇതില്‍ 25 എണ്ണമാണ് ഇപ്പോള്‍ കൈമാറിയിരിക്കുന്നതെന്നുമാണ് റിപ്പോര്‍ട്ടുകള്‍. 

ഗവണ്‍മെന്റ് ഇ-മാര്‍ക്കറ്റപ്ലേസ് മുഖേനയാണ് ടാറ്റ മോട്ടോഴ്‌സിന് ആംബുലന്‍സിനുള്ള ഓര്‍ഡറുകള്‍ ലഭിക്കുന്നത്. എ.ഐ.എസ് 125 സ്റ്റാന്റേഡ് പ്രകാരമായിരിക്കണം ആംബുലന്‍സുകള്‍ ഡിസൈന്‍ ചെയ്യാനെന്നാണ് ഓര്‍ഡറില്‍ നിര്‍ദേശിച്ചിട്ടുള്ളത്. കരാര്‍ അനുസരിച്ച് അവശേഷിക്കുന്ന 90 ആംബുലന്‍സുകള്‍ വൈകാതെ തന്നെ ആരോഗ്യ വകുപ്പിന് കൈമാറും. 

കൊവിഡ്-19 വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് ഇത്രയും വാഹനങ്ങള്‍ ഒരുമിച്ച് നല്‍കിയിരിക്കുന്നത്. ബേസിക് ലൈഫ് സപ്പോര്‍ട്ട് സംവിധാനങ്ങളുടെ അകമ്പടിയോടെയാണ് ഈ ആംബുലന്‍സുകള്‍ ഒരുക്കിയിട്ടുള്ളത്. ഗുജറാത്തിലെ പ്രധാന നഗരങ്ങളിലെ ഉപയോഗത്തിനായാണ് ആദ്യ ഘട്ടമായി എത്തിയ ഈ ആംബുലന്‍സുകള്‍ വിനിയോഗിക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഡ്രൈവര്‍ പാര്‍ട്ടീഷന്‍ സംവിധാനം ഉള്‍പ്പെടെ കോവിഡ് രോഗികളുമായി യാത്ര ചെയ്യാന്‍ കഴിയുന്ന രീതിയിവലാണ് ഈ ആംബുലന്‍സുകള്‍ ഒരുക്കിയിട്ടുള്ളതെന്നാണ് ടാറ്റ മോട്ടോഴ്‌സ് അറിയിച്ചിരിക്കുന്നത്. മോണോകോക്ക് ഷാസിയില്‍ ഒരുങ്ങിയിട്ടുള്ള ഈ വാഹനത്തില്‍ ഇന്റിപെന്‍ഡന്റ് സസ്‌പെന്‍ഷനും നല്‍കിയിരിക്കുന്നത് മികച്ച യാത്ര അനുഭവം നല്‍കുമെന്നാണ് കമ്പനിയുടെ വാദം.

കൊവിഡ് ഒന്നാം ഘട്ടത്തില്‍ മഹാരാഷ്‍ട്രയിലെ വിവിധ പ്രദേശങ്ങളില്‍ ടാറ്റ വിങ്ങര്‍ ആംബുലന്‍സുകള്‍ നല്‍കിയിരുന്നു.  ബൃഹദ്‌ മുംബൈ മുനിസിപ്പല്‍ കോര്‍പറേഷന്(ബി.എം.സി.) ടാറ്റയുടെ പുതിയ 20 വിങ്ങര്‍ ആംബുലന്‍സുകള്‍ 2020 ജൂലൈയിലാണ് നല്‍കിയത്. പിന്നാലെ 2020 സെപ്‍റ്റംബറില്‍ പുണെ ജില്ലയിലെ ഗ്രാമങ്ങളിൽ കോവിഡ് 19 ബാധിതർക്കു വൈദ്യ സഹായമെത്തിക്കാനും വിങ്ങര്‍ ആംബുലന്‍സുകള്‍ ടാറ്റ നല്‍കിയിരുന്നു. പുതിയ കോഡ് പ്രകാരം ടൈപ് ബി വിഭാഗം ആംബുലൻസുകൾ രോഗികളെ ആശുപത്രിയിലെത്തിക്കാൻ മാത്രം ഉപയോഗിക്കാനുള്ളതാണ്. അതേസമയം ടൈപ് സി അഥവാ ബേസിക് ലൈഫ് സപ്പോർട്ട് ആംബുലൻസിൽ രോഗികളെ നിരീക്ഷിക്കാനുള്ള അടിസ്ഥാന സൗകര്യങ്ങളും മറ്റും സജ്ജീകരിച്ചിട്ടുണ്ട്. അത്യാസന്ന നിലയിലുള്ള രോഗികളുടെ യാത്രയ്ക്കായി തീവ്രപരിചരണ സൗകര്യത്തോടെ രൂപകൽപ്പന ചെയ്യുന്ന ആംബുലൻസുകളാണ് ടൈപ് ഡി അഥവാ അഡ്വാൻസ്ഡ് ലൈഫ് സപ്പോർട്ട് വിഭാഗത്തിൽപെടുന്നത്. ഡീഫിബ്രില്ലേറ്റർ, ട്രാൻസ്പോർട്ട് വെന്റിലേറ്റർ, ബ്ലഡ് പ്രഷർ അപ്പാരട്ടസ്, സ്കൂപ് സ്ടെച്ചർ, സ്പൈൻ ബോർഡ് തുടങ്ങി സർവസന്നാഹവുമായാണ് ഐ സി യു ആംബുലൻസ് എന്നു വിളിപ്പേരുള്ള ഗ്രൂപ് ഡി ആംബുലൻസുകള്‍ എത്തുന്നത്.

വ്യത്യസ്‍ത ആവശ്യങ്ങൾക്ക് ഉപകരിക്കുന്നതും വൈവിധ്യപൂർണവുമായ പ്ലാറ്റ്ഫോമാണു വിങ്ങറിന്റേതെന്ന് ടാറ്റ മോട്ടോഴ്സ് പറയുന്നു. രാജ്യത്തു ലഭ്യമായ ഏറ്റവും വിജയകരമായ ആംബുലൻസ് പ്ലാറ്റ്ഫോമിലൊന്നാണു വിങ്ങർ എന്നും ബി എസ് 6 എൻജിനോടെ എത്തുന്ന വിങ്ങർ രോഗികളുടെ യാത്രയ്ക്ക് തികച്ചും അനുയോജ്യമായ ആംബുലൻസ് ആണെന്നും കമ്പനി അവകാശപ്പെടുന്നു. ടാറ്റ മോട്ടോഴ്‌സ് 2020 ദില്ലി ഓട്ടോ എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിച്ച പുതിയ വിങ്ങറിനെ അടിസ്ഥാനമാക്കി ഒരുങ്ങിയ ആംബുലന്‍സാണ് ഇത്. 2.2 ലിറ്റര്‍ ഡൈകോര്‍ എന്‍ജിനാണ് വിങ്ങറിന് കരുത്തേകുന്നത്. ഈ എഞ്ചിന്‍ 98 പിഎസ് പവറും 200 എന്‍എം ടോര്‍ക്കും സൃഷ്‍ടിക്കും. രോഗികളുടെയും മറ്റും സുഖയാത്ര ഉറപ്പാക്കുന്നതിനായി മുകച്ച സസ്‌പെന്‍ഷന്‍ സംവിധാനമാണ് ഇതില്‍ നല്‍കിയിട്ടുള്ളത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

Follow Us:
Download App:
  • android
  • ios