Asianet News MalayalamAsianet News Malayalam

ഡീസല്‍ നെക്സോണുകളുടെ വില്‍പ്പന നിര്‍ത്തിയോ? ടാറ്റ പറയുന്നത് ഇങ്ങനെ

നെക്സോണ്‍ എക്‌സ്ഇ, എക്‌സ്‌സെഡ്, എക്‌സ്എംഎ, എക്‌സ്‌സെഡ്എ പ്ലസ് (എസ്) എന്നീ വേരിയന്റുകളുടെ വില്‍പ്പന  അവസാനിപ്പിച്ചെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍

Tata Nexon Diesel Variants Discontinued Reports Follow Up
Author
Mumbai, First Published Jun 13, 2021, 12:37 PM IST

മുംബൈ: ടാറ്റയുടെ ജനപ്രിയ മോഡലാണ് നെക്സോണ്‍. ഈ സബ്‌കോംപാക്റ്റ് എസ്‌യുവിയുടെ നാല് ഡീസല്‍ വേരിയന്റുകള്‍ നിര്‍ത്തിയതായി നേരത്തെ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എക്‌സ്ഇ, എക്‌സ്‌സെഡ്, എക്‌സ്എംഎ, എക്‌സ്‌സെഡ്എ പ്ലസ് (എസ്) എന്നീ വേരിയന്റുകളുടെ വില്‍പ്പനയാണ് അവസാനിപ്പിച്ചതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഇതിന് മറുപടിയായി ഔദ്യോഗിക പ്രസ്‍താവന പുറത്തിറക്കുകയാണ് ടാറ്റ മോട്ടോഴ്‌സ് എന്ന് ടീം ബിച്ച്‍പി റിപ്പോര്‍ട്ട് ചെയ്യുന്നു. കോംപാക്‌ട് എസ്‌യുവിയുടെ ഡീസൽ വേരിയന്റുകൾ മൊത്തത്തിൽ വെട്ടിക്കുറച്ചിട്ടില്ലെന്നാണ് കമ്പനി വ്യക്തമാക്കുന്നത്. 

നെക്‌സോണ്‍ ഉപഭോക്താക്കളുടെ ചോയ്‌സുകള്‍ ലളിതമാക്കുന്നതിനാണ് ചില ഡീസല്‍ വേരിയന്റുകള്‍ ഒഴിവാക്കുന്നതെന്ന് ടാറ്റ മോട്ടോഴ്‌സ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. നെക്സോണിന്റെ ഡീസൽ എഞ്ചിന് ശക്തമായ ഡിമാൻഡുണ്ടെന്ന് ഉറപ്പിച്ച് പറയുന്ന ടാറ്റ വിപണിയിലെ പ്രതികരണം വിലയിരുത്തുന്നത് കമ്പനി തുടരുകയാണെന്നും വ്യക്തമാക്കുന്നതായും ഡ്രൈവ് സ്‍പാര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യുന്നു. 'തെരഞ്ഞെടുത്ത വേരിയന്റുകൾ നിർത്തലാക്കുന്നു' എന്നും മറ്റ് ചില വേരിയന്റുകളിൽ അപ്‌ഡേറ്റുകൾ അവതരിപ്പിച്ചിട്ടുണ്ടെന്നും ടാറ്റ വ്യക്തമാക്കിയെന്നും ഡ്രൈവ് സ്‍പാര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യുന്നു. നിലവിലെ ഓൺലൈൻ ബുക്കിംഗ് പ്ലാറ്റ്ഫോം എസ്‌യുവിയുടെ ഡീസൽ വേരിയന്റിൽ XE, XMA, XZ, XZA + (S) വേരിയന്റുകൾ കാണിക്കാത്ത സാഹചര്യത്തിലാണ് ടാറ്റയുടെ ഈ മറുപടി എന്നാണ് റിപ്പോര്‍ട്ടുകള്‍. 

എക്‌സ്ഇ ഒഴിവാക്കിയതോടെ എക്‌സ്എം വേരിയന്റാണ് ഇപ്പോള്‍ ബേസ് ഡീസല്‍ വേരിയന്റ്. ടോപ് ഡീസല്‍ വേരിയന്റ് എക്‌സ്‌സെഡ്എ പ്ലസ് ഡിടി(ഒ). ഇപ്പോള്‍ 12 പെട്രോള്‍ വേരിയന്റുകളിലും എട്ട് ഡീസല്‍ വേരിയന്റുകളിലും ടാറ്റ നെക്‌സോണ്‍ ലഭിക്കും. നേരത്തെ നെക്‌സോണ്‍ എസ്‌യുവിയുടെ ‘ടെക്‌ടോണിക് ബ്ലൂ’ കളര്‍ ഓപ്ഷന്‍ നിര്‍ത്തലാക്കിയിരുന്നു. മാത്രമല്ല, പുതിയ അഞ്ച് സ്‌പോക്ക് ഡയമണ്ട് കട്ട് അലോയ് വീലുകള്‍ അവതരിപ്പിക്കുകയും ചെയ്തു.

1.2 ലിറ്റര്‍ റെവോട്രോണ്‍ പെട്രോള്‍, 1.5 ലിറ്റര്‍ റെവോടോര്‍ക്ക് ഡീസല്‍ എന്നീ രണ്ട് എന്‍ജിന്‍ ഓപ്ഷനുകളിലാണ് ടാറ്റ നെക്‌സോണ്‍ ലഭിക്കുന്നത്. ടര്‍ബോ പെട്രോള്‍ എന്‍ജിന്‍ 118 ബിഎച്ച്പി കരുത്തും 170 എന്‍എം ടോര്‍ക്കുമാണ് പരമാവധി ഉല്‍പ്പാദിപ്പിക്കുന്നത്. ഡീസല്‍ മോട്ടോര്‍ പരമാവധി പുറപ്പെടുവിക്കുന്നത് 108 ബിഎച്ച്പി കരുത്തും 260 എന്‍എം ടോര്‍ക്കുമാണ്. 6 സ്പീഡ് മാന്വല്‍, 6 സ്പീഡ് എഎംടി എന്നിവയാണ് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകള്‍.

2017 സെപ്റ്റംബറിലാണ് ടാറ്റ ആദ്യ നെക്സോണിനെ വിപണിയില്‍ അവതരിപ്പിക്കുന്നത്. മാറ്റമില്ലാത്തെ ഡിസൈനില്‍ ഏറെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയ ടാറ്റ അതെല്ലാം കാറ്റില്‍പ്പറത്തുന്ന ഡിസൈന്‍ മികവ് സ്വന്തമാക്കിയാണ് പുതിയ താരത്തെ പുറത്തിറക്കിയത്. മൂന്നരവർഷത്തോളം എടുത്തായിരുന്നു ടാറ്റ മോട്ടോഴ്‌സ് നെക്‌സോണിനെ കമ്പനി രൂപകല്‍പ്പന ചെയ്‍ത് അവതരിപ്പിച്ചത്.  

നിലവില്‍ ടാറ്റ മോട്ടോഴ്‌സിന്റെ ബെസ്റ്റ് സെല്ലിംഗ് മോഡലുകളിലൊന്നാണ് നെക്‌സോണ്‍. പ്രതിമാസം ശരാശരി 6,000 മുതല്‍ 7,000 വരെ യൂണിറ്റ് നെക്‌സോണുകള്‍ വിറ്റുപോകുന്നുണ്ടെന്നാണ് കണക്കുകള്‍. നിലവില്‍ ടാറ്റ മോട്ടോഴ്സിന്റെ ബെസ്റ്റ് സെല്ലിംഗ് മോഡലുകളിലൊന്നാണ് നെക്സോണ്‍. ഇതുവരെ രണ്ട് ലക്ഷം യൂണിറ്റ് നെക്സോണ്‍ നിര്‍മിച്ചതായി കഴിഞ്ഞ ദിവസം ടാറ്റ മോട്ടോഴ്സ് പ്രഖ്യാപിച്ചിരുന്നു. ഗ്ലോബല്‍ എന്‍കാപ് നടത്തിയ ഇടി പരിശോധനയില്‍ 5 സ്റ്റാര്‍ റേറ്റിംഗ് നേടിയ ഇന്ത്യയിലെ ആദ്യ കാറാണ് ടാറ്റ നെക്സോണ്‍.  ഫ്ളെയിം റെഡ്, ഫോലിയെജ് ഗ്രീന്‍, ഡേടോണ ഗ്രേ, കാല്‍ഗറി വൈറ്റ്, പ്യുര്‍ സില്‍വര്‍ എന്നീ അഞ്ച് നിറങ്ങളില്‍ മാത്രമാണ് ടാറ്റ നെക്സോണ്‍ ലഭിക്കുന്നത്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

Follow Us:
Download App:
  • android
  • ios