മുംബൈ: സിപ്ട്രോൺ സാങ്കേതിക വിദ്യയിൽ  ആദ്യത്തെ നെക്‌സോൺ ഇവി അവതരിപ്പിക്കാൻ ഒരുങ്ങി ടാറ്റ മോട്ടോർസ്. പേഴ്‍സണൽ ഇലക്ട്രിക് വെഹിക്കിൾ വിഭാഗത്തിൽ 2019-2020സാമ്പത്തിക വർഷത്തിലെ നാലാം പാദത്തിലാകും പുതിയ ഇലക്ട്രിക് നെക്‌സോൺ വിപണിയിൽ എത്തുകയെന്ന് കമ്പനി വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. 

നെക്‌സൺ ഇവി അവതരിപ്പിക്കുന്നതില്‍ അഭിമാനിക്കുന്നതായും കട്ടിംഗ് എഡ്‍ജ് സിപ്‌ട്രോൺ സാങ്കേതികവിദ്യ ഉപയോഗിച്ച് പ്രവർത്തിക്കുന്ന വാഹനം ഇന്ന് ഇവി വിപണിയിൽ നിലനിൽക്കുന്ന പ്രതിബന്ധങ്ങളെ പരിഹരിക്കുമെന്നും ആവേശകരമായ ഓൺ-റോഡ് പ്രകടനം നൽകുകയും, കാർബൺ   പുറന്തള്ളൽ പൂജ്യം ശതമാനം ആയി ഉറപ്പാക്കുകയും ചെയ്യുമെന്നും ടാറ്റാ മോട്ടോഴ്‌സ് ലിമിറ്റഡ് ഇലക്ട്രിക് മൊബിലിറ്റി ആൻഡ് കോർപ്പറേറ്റ് സ്ട്രാറ്റജി പ്രസിഡന്റ് ശൈലേഷ് ചന്ദ്ര പറഞ്ഞു. 

പുതിയ സാങ്കേതിക വിദ്യ കാര്യക്ഷമമായ ഉയർന്ന വോൾട്ടേജ് സിസ്റ്റം, സിപ്പി പ്രകടനം, 300കിലോ മീറ്റർ  റേഞ്ച്, ഫാസ്റ്റ് ചാർജിംഗ് കപ്പാസിറ്റി, 8 വർഷത്തെ വാറണ്ടിയുള്ള മോട്ടോർ,  ബാറ്ററി, ഐപി67 സ്റ്റാൻഡേർഡ് പാലിക്കൽ തുടങ്ങിയ സവിശേഷതകൾ ഉൾക്കൊള്ളുന്നതാണ് പുതിയ വാഹനങ്ങൾ.  15ലക്ഷത്തിനും 17ലക്ഷത്തിനും ഇടയിലാകും വില.

പുതിയ നെക്‌സോൺ ഇ വിക്കായി ദി അൾട്ടിമേറ്റ് ഇലക്ട്രിക് ഡ്രൈവ് എന്ന പേരിൽ വിപുലമായ ഒരു കാംപെയിനിനും ടാറ്റ തുടക്കംകുറിച്ചു. അതിന്‍റെ ഭാഗമായി പ്രശസ്‍ത സെലിബ്രിറ്റി ദമ്പതികളായ മിലിന്ദ് സോമൻ, അങ്കിത കോൺവാർ എന്നിവരുമായി ടാറ്റ പങ്കാളിത്തത്തിൽ ഏർപ്പെട്ടിട്ടുണ്ട്. രാജ്യത്തെ വ്യത്യസ്‍തമായ ഭൂപ്രദേശങ്ങളിലൂടെ പുതിയ നെക്‌സോൺ ഇവി ഡ്രൈവ് ചെയ്യുന്ന താരദമ്പതികള്‍ തങ്ങളുടെ അനുഭവം ഇവി പ്രേമികളുമായി പങ്കുവെക്കും. 

ഹിമാലയൻ പാസുകൾ, പാതയില്ലാത്ത റോഡുകള്‍, കുത്തനെയുള്ള കയറ്റങ്ങള്‍  ഉൾപ്പെടെ ഇന്ത്യയിലെ ഏറ്റവും ദുർഘടമായ പല ഭൂപ്രദേശങ്ങളിലൂടെയും സുഗമമായി സഞ്ചരിച്ചാവും ഈ കാംപെയിന്‍ ജനങ്ങളിലേക്കെത്തിക്കുക. പരിമിതമായ ചാർജിംഗ് സംവിധാനങ്ങളും കടുത്ത കാലാവസ്ഥയും ഉള്ള സാഹചര്യങ്ങളെ പോലും അതിജീവിക്കാനുള്ള നെക്‌സൺ ഇവിയുടെ കഴിവ് ഈ കാംപെയിനിലൂടെ വെളിപ്പെടുമെന്നുമാണ് കമ്പനി അവകാശപ്പെടുന്നത്.