Asianet News MalayalamAsianet News Malayalam

നെക്‌സോണിന്‍റെ ഈ നിറം ഇനിയില്ല

നെക്‌സോണ്‍ സബ്‌കോംപാക്റ്റ് എസ്‌യുവി ഇനിമുതല്‍ ടെക്‌ടോണിക് ബ്ലൂ കളര്‍ ഓപ്ഷനിൽ ലഭിക്കില്ല

Tata Nexon Tectonic Blue colour discontinued
Author
Mumbai, First Published May 26, 2021, 9:12 PM IST

ടാറ്റയുടെ ജനപ്രിയ മോഡലുകളിലൊന്നായ നെക്‌സോണ്‍ സബ്‌കോംപാക്റ്റ് എസ്‌യുവി ഇനിമുതല്‍ ടെക്‌ടോണിക് ബ്ലൂ കളര്‍ ഓപ്ഷനിൽ ലഭിക്കില്ല.  വാഹനത്തിന്‍റെ ഔദ്യോഗിക വെബ് പേജില്‍നിന്നും ബ്രോഷറില്‍നിന്നും ഈ കളര്‍ ഓപ്ഷന്‍ കമ്പനി നീക്കം ചെയ്‍തു എന്ന് കാര്‍ വാലെ റിപ്പോർട്ട് ചെയ്യുന്നു. ഫോലിയെജ് ഗ്രീന്‍, ഡേടോണ ഗ്രേ, ഫ്‌ളെയിം റെഡ്, കാല്‍ഗറി വൈറ്റ്, പ്യുര്‍ സില്‍വര്‍ എന്നീ അഞ്ച് നിറങ്ങളില്‍ മാത്രമായിരിക്കും ഇനിമുതല്‍ ടാറ്റ നെക്‌സോണ്‍ സ്വന്തമാക്കാൻ കഴിയുക എന്നാണ് റിപ്പോര്‍ട്ടുകള്‍.

ടെക്‌ടോണിക് ബ്ലൂ നിറത്തിന് പകരമായി നെക്സോണിന് അരിസോണ ബ്ലൂ പെയിന്റ് ഓപ്ഷന്‍ നല്‍കിയേക്കും എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ടാറ്റ ടിയാഗോ മോഡലിന് ഈ വര്‍ഷമാദ്യം അരിസോണ ബ്ലൂ കളര്‍ ഓപ്ഷന്‍ ലഭിച്ചിരുന്നു. 

ടാറ്റയുടെ മുഖച്ഛായ മാറ്റിയ വാഹനമായ നെക്സോണിനെ 2017 സെപ്റ്റംബറിലാണ് വിപണിയില്‍ അവതരിപ്പിക്കുന്നത്. മാറ്റമില്ലാത്തെ ഡിസൈനില്‍ ഏറെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയ ടാറ്റ അതെല്ലാം കാറ്റില്‍പ്പറത്തുന്ന ഡിസൈന്‍ മികവ് സ്വന്തമാക്കിയാണ് പുതിയ താരത്തെ പുറത്തിറക്കിയത്. മൂന്നരവർഷത്തോളം എടുത്തായിരുന്നു ടാറ്റ മോട്ടോഴ്‌സ് നെക്‌സോണിനെ രൂപകല്‍പ്പന ചെയ്‍ത് അവതരിപ്പിച്ചത്. 

ടാറ്റ നെക്‌സോണ്‍ 1.2 ലിറ്റര്‍ റെവോട്രോണ്‍ പെട്രോള്‍, 1.5 ലിറ്റര്‍ റെവോടോര്‍ക്ക് ഡീസല്‍ എന്നീ രണ്ട് എന്‍ജിന്‍ ഓപ്ഷനുകളിലാണ് ലഭിക്കുന്നത്. പെട്രോള്‍ എന്‍ജിന്‍ 118 ബിഎച്ച്പി കരുത്തും 170 എന്‍എം ടോര്‍ക്കുമാണ് പരമാവധി ഉല്‍പ്പാദിപ്പിക്കുന്നത്. 108 ബിഎച്ച്പി കരുത്തും 260 എന്‍എം ടോര്‍ക്കുമാണ് ഡീസല്‍ മോട്ടോര്‍ പരമാവധി പുറപ്പെടുവിക്കുന്നത്. 6 സ്പീഡ് മാന്വല്‍ ട്രാന്‍സ്മിഷന്‍ സ്റ്റാന്‍ഡേഡായി ഘടിപ്പിച്ചു. എഎംടി ഓപ്ഷണലാണ്.

17 ലക്ഷം കിലോമീറ്റര്‍ പ്രിലോഞ്ച് ടെസ്റ്റ് ഡ്രൈവ് നടത്തിയും മൈനസ് 20 മുതൽ പ്ലസ് 50 വരെയുള്ള കാലാവസ്ഥകളിൽ ഓടിച്ചും സമുദ്ര നിരപ്പുമുതൽ 18,000 അടി ഉയരെ വരെ ഓടിച്ചു കയറ്റിയുമൊക്കെ കർശനമായ പരീക്ഷണ നിരീക്ഷണങ്ങൾക്കു ശേഷമായിരുന്നു മൂന്നു വര്‍ഷങ്ങള്‍ക്കു മുമ്പ് നെക്‌സോൺ അന്തിമരൂപം പ്രാപിച്ചത്. ടാറ്റയുടെ മാത്രമല്ല ഇന്ത്യയുടെ തന്നെ യശസ് വാനോളം ഉയര്‍ത്തിയ വാഹനമാണ് കോംപാക്ട് എസ് യു വി നെക്‌സോൺ.  ഗ്ലോബൽ NCAP നടത്തിയ ഇടി പരീക്ഷയില്‍ ഫൈവ് സ്റ്റാര്‍ റേറ്റിങ് സ്വന്തമാക്കിയാണ് നെക്സോണ്‍ രാജ്യത്തിന്‍റെ അഭിമാനമായത്.

2020 മലിനീകരണ നിയന്ത്രണത്തിൽ ബി എസ് 6 നിലവാരമുള്ള നെക്സോണ്‍ വിപണിയില്‍ എത്തിയത്. പിന്നാലെ 2020 സെപ്റ്റംബറില്‍ ഇന്ത്യയിൽ സൺറൂഫ് സഹിതം വിൽപനയ്ക്കെത്തുന്ന ഏറ്റവും വില കുറഞ്ഞ കാർ എന്ന പെരുമയും  ടാറ്റ നെക്സോണ്‍ സ്വന്തമാക്കിയിരുന്നു. നെക്സോണിന്‍റെ ഇലക്ട്രിക്ക് പതിപ്പിനും വന്‍ വില്‍പ്പനയാണ് നിലവില്‍. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

Follow Us:
Download App:
  • android
  • ios