വാഹനങ്ങള്‍ക്ക് വമ്പന്‍ വിലക്കിഴിവുമായി ആഭ്യന്തര വാഹന നിര്‍മ്മാതാക്കളില്‍ പ്രമുഖരായ ടാറ്റ. ഹാരിയര്‍, ഹെക്‌സ എന്നീ എസ്‌യുവി മോഡലുകള്‍ക്കാണ് മികച്ച ആനുകൂല്യം ഒരുക്കിയിരിക്കുന്നത്.

ഏഴ് സീറ്റര്‍ എസ്‌യുവി മോഡലായ ഹെക്‌സയ്ക്ക് 2.3 ലക്ഷം രൂപയും പ്രീമിയം എസ്‌യുവിയായ ഹാരിയറിന് 1.7 ലക്ഷം രൂപയുമാണ് ഓഫര്‍. എന്നാല്‍, ഒരോ നഗരത്തിലും പ്രത്യേകം ആനുകൂല്യങ്ങളായിരിക്കും നല്‍കുകയെന്നാണ് സൂചന. 

2016ലെ ദില്ലി ഓട്ടോ എക്സോപയില്‍ പ്രദര്‍ശിപ്പിച്ച ഹെക്സയെ 2017 ജനുവരിയിലാണ് ടാറ്റ വിപണിയിലെത്തിക്കുന്നത്. 2019 മാര്‍ച്ചിലാണ് ഹെക്സയുടെ പരിഷ്‍കരിച്ച പതിപ്പിനെ ടാറ്റ അവതരിപ്പിക്കുന്നത്. 

നിലവില്‍ XM മോഡലിലാണ് ടാറ്റ ഹെക്‌സ നിര തുടങ്ങുന്നത്.  2.2 ലിറ്റര്‍ ഡീസല്‍ എഞ്ചിനാണ് ഹെക്‌സയുടെ ഹൃദയം. വരിക്കോര്‍ 320, വരിക്കോര്‍ 400 എന്നിങ്ങനെ രണ്ടു ട്യൂണിങ് നിലകള്‍ എഞ്ചിന്‍ യൂണിറ്റുകള്‍ക്കുണ്ട്. 150 bhp കരുത്തും 320 Nm torque ഉം വരിക്കോര്‍ 320 എഞ്ചിന് പരമാവധി സൃഷ്ടിക്കുമ്പോള്‍ വരിക്കോര്‍ 400 എഞ്ചിന്‍ 156 bhp കരുത്തും 400 Nm torque ഉം സൃഷ്‍ടിക്കും.

2019 ജനുവരിയിലാണ് ഹാരിയറിനെ അവതരിപ്പിക്കുന്നത്. 2018 ഓട്ടോ എക്സ്പോയിൽ H5X എന്ന പേരിൽ അവതരിപ്പിച്ച വാഹനമാണ് ഹാരിയർ.  XE, XM, XT, XZ എന്നീ നാല് പതിപ്പുകളിലായി ഹാരിയർ ലഭ്യമാണ്.