വിവിധ നഗരങ്ങളിലും നാഷണല്‍ ഹൈവേകളിലുമുള്ള എച്ച്പിസിഎല്‍ പെട്രോള്‍ പമ്പുകളില്‍ ടാറ്റ പവറിന്റെ വൈദ്യുതി വാഹന ചാര്‍ജിങ്ങ് യൂണിറ്റുകള്‍ സ്ഥാപിക്കുന്നതാണ് ഈ കരാര്‍ 

പമ്പില്‍ നിന്ന് പെട്രോള്‍ നിറയ്ക്കും പോലെ വാഹനങ്ങളില്‍ ഇനിമുതല്‍ കറന്‍റടിക്കാനുള്ള സൌകര്യവും ഒരുങ്ങുന്നു. രാജ്യത്തെ മുന്‍നിര വ്യവസായ ഗ്രൂപ്പായ ടാറ്റ പവറും ഇന്ധനവിതരണക്കാരായ ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പറേഷന്‍ ലിമിറ്റഡും(എച്ച്പിസിഎല്‍) തമ്മില്‍ ഇതിനുള്ള കരാര്‍ ഒപ്പുവച്ചതായി ഓട്ടോ കാര്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

വിവിധ നഗരങ്ങളിലും നാഷണല്‍ ഹൈവേകളിലുമുള്ള എച്ച്പിസിഎല്‍ പെട്രോള്‍ പമ്പുകളില്‍ ടാറ്റ പവറിന്റെ വൈദ്യുതി വാഹന ചാര്‍ജിങ്ങ് യൂണിറ്റുകള്‍ സ്ഥാപിക്കുന്നതാണ് ഈ കരാര്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇലക്ട്രിക് വാഹന ഉടമകൾക്ക് തടസമില്ലാത്ത അനുഭവം പ്രദാനം ചെയ്യുന്നതിനായി രൂപകൽപ്പന ചെയ്‍ത ടാറ്റ പവർ ഇസെഡ് ചാർജ് മൊബൈൽ പ്ലാറ്റ്ഫോം ഉപയോഗിച്ചാണ് ഈ ചാർജിംഗ് യൂണിറ്റുകള്‍ പ്രവർത്തന സജ്ജമാക്കുന്നതെന്നാണ് കമ്പനികള്‍ പറയുന്നത്. 

പെട്രോള്‍ പമ്പുകളില്‍ ഇലക്ട്രിക് വാഹനങ്ങള്‍ ചാര്‍ജ് ചെയ്യുന്നതിനുള്ള സംവിധാനം ഒരുക്കുന്നത് ഈ മേഖലയ്ക്ക് വലിയ പ്രോത്സാഹനം നല്‍കുമെന്നും കേന്ദ്ര സര്‍ക്കാരിന്റെ നാഷണല്‍ ഇലക്ട്രിക് മൊബിലിറ്റി മിഷന്‍ പ്ലാന്‍ അനുസരിച്ചാണ് പദ്ധതി ഒരുക്കുന്നതെന്നും അതിവേഗം ചാര്‍ജിങ്ങ് ഉറപ്പാക്കുന്നതിനുള്ള സാങ്കേതിക തികവുള്ള സംവിധാനങ്ങള്‍ ഒരുക്കുകയാണ് ലക്ഷ്യമെന്നും ടാറ്റ പവര്‍ അറിയിച്ചു. 

ഭാവിയുടെ യാത്ര സംവിധാനങ്ങളെ പറ്റി സമാനമായ കാഴ്ച്ചപാടുള്ള കമ്പനിയുമായി സഹകരിക്കാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്നും ഈ കൂട്ടുകെട്ടിലൂടെ ഇലക്ട്രിക് വാഹന ഉടമകളുടെ ചാര്‍ജിങ്ങ് സംബന്ധിച്ച ആശങ്കകള്‍ കുറയ്ക്കാന്‍ സാധിക്കുകയും ഇലക്ട്രിക് വാഹനങ്ങള്‍ വ്യാപനമായി സ്വീകരിക്കാന്‍ ജനങ്ങള്‍ തയാറാകുകയും ചെയ്യുമെന്നും ടാറ്റാ പവർ ഇവി ചാർജിംഗ് മേധാവി സന്ദീപ് ബംഗിയ പറഞ്ഞു. 

ഇന്ധന പമ്പുകൾ, മെട്രോ സ്റ്റേഷനുകൾ, ഷോപ്പിംഗ് മാളുകൾ, തിയേറ്ററുകൾ, ഹൈവേകൾ എന്നിവ ഉൾക്കൊള്ളുന്ന നൂറിലധികം നഗരങ്ങളിലായി 500 ലധികം പബ്ലിക് ചാർജറുകളുടെ വിപുലമായ ശൃംഖലയാണ് ടാറ്റ പവറിന് നിലവിൽ ഉള്ളത്. പബ്ലിക് ചാർജിംഗ്, ക്യാപ്റ്റീവ് ചാർജിംഗ്, ഹോം, ജോലിസ്ഥലത്തെ ചാർജിംഗ്, ബസുകൾക്കുള്ള അൾട്രാ റാപിഡ് ചാർജറുകൾ ഉള്‍പ്പെടെ ഇവി ഇക്കോ സിസ്റ്റത്തിന്റെ എല്ലാ വിഭാഗങ്ങളിലും കമ്പനി നിലവിലുണ്ട്. 

ഇന്ത്യയിലെ എനര്‍ജി സെക്ടറിലെ സുപ്രധാന സാന്നിധ്യമാണ് എച്ച്.പി.സി.എല്‍. കമ്പനിയുടെ സേവനങ്ങളിലേക്ക് ഇലക്ട്രിക് ചാര്‍ജിങ്ങും എത്തിക്കുന്നതില്‍ അഭിമാനമുണ്ടെന്നും രാജ്യത്തുടനീളം 18000 ഔട്ട്‌ലെറ്റുകള്‍ ഉള്ള കമ്പനിയാണ് എച്ച്.പി.സി.എല്‍. വൈദ്യതി ചാര്‍ജിങ്ങ് ഒരുക്കാന്‍ ടാറ്റയുമായി സഹകരിക്കുന്നതിലൂടെ ഇന്ത്യയിലെ ഇലക്ട്രിക് വാഹന മേഖലയ്ക്ക് പുതിയ കരുത്ത് പകരാന്‍ കഴിയുമെന്നും എച്ച്പിസിഎല്‍ വ്യക്തമാക്കി. ഇന്ത്യയിൽ ഇലക്ട്രിക് മൊബിലിറ്റി വേഗത്തിൽ സ്വീകരിക്കുന്നതിനുള്ള പ്രധാന ആവശ്യകതയാണ് ഇവി ചാർജിംഗ് ഇൻഫ്രാസ്ട്രക്ചറിന്റെ വികസനവും ലഭ്യതയുമെന്നും വിവിധ ഇന്ധന സ്റ്റേഷനുകളിലുടനീളം ഇവികൾ ചാർജ് ചെയ്യാൻ ഇവി ഉടമകളെ പ്രോത്സാഹിപ്പിക്കുന്നതിൽ ടാറ്റ പവർ-എച്ച്പിസിഎൽ പങ്കാളിത്തം ശക്തമായ പങ്കുവഹിക്കുമെന്നും കമ്പനി പറയുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona