Asianet News MalayalamAsianet News Malayalam

ടാറ്റ പഞ്ചിന്‍റെ ബുക്കിംഗ് ഒക്ടോബര്‍ നാലിന് തുടങ്ങും

വാഹനത്തിനായുള്ള ബുക്കിംഗും കമ്പനി ഒക്ടോബർ നാലിന് ഔദ്യോഗികമായി ആരംഭിക്കും എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍

Tata Punch pre bookings open follow up
Author
Mumbai, First Published Oct 2, 2021, 12:18 PM IST

ടാറ്റയുടെ (Tata) കുഞ്ഞൻ എസ്‌യുവി പഞ്ചിനെ (Punch) ഒക്ടോബർ നാലിന് ഔദ്യോഗികമായി അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ്.  ഒരു ഓൺലൈൻ ഇവന്റിലാകും പഞ്ചിനെ ടാറ്റ മോട്ടോർസ് (Tata Motors) അവതരിപ്പിക്കുക. തുടർന്ന് വാഹനത്തിനായുള്ള ബുക്കിംഗും കമ്പനി ഒക്ടോബർ നാലിന് ഔദ്യോഗികമായി ആരംഭിക്കും എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. വാഹനത്തിന്‍റെ ഡെലിവറി ദീപാവലിയോടും കൂടി ആരംഭിക്കാനാണ് കമ്പനി പദ്ധതിയിട്ടിരിക്കുന്നതെന്നും വിവരമുണ്ട്. 

ടാറ്റയുടെ സ്ഥിരം വേരിയന്‍റ് ലൈനപ്പിൽ നിന്നും വ്യത്യസ്‌തമായി പ്യുവർ, അഡ്വഞ്ചർ, അക്കംപ്ലിഷ്‌ഡ്, ക്രിയേറ്റീവ് എന്നീ നാല് വേരിയന്റുകളിലാകും ഏറ്റവും പുതിയ പഞ്ച് മൈക്രോ എസ്‌യുവി വിപണിയിൽ ഇടംപിടിക്കുക. സാധാരണയായി XE, XM, XT എന്നീ ശ്രേണിലാണ് ടാറ്റ കാറുകൾ വിൽപ്പനയ്ക്ക് എത്താറുള്ളത്.  പുതിയ തീരുമാനം വിപണിയിൽ പഞ്ചിനെ വേറിട്ടുനിർത്താനും സഹായകരമായേക്കും. വൈറ്റ്, ഗ്രേ, സ്റ്റോൺഹെഞ്ച് എന്നിങ്ങനെ മൂന്ന് മോണോടോൺ കളർ ഓപ്ഷനിലും വൈറ്റ്, ബ്ലാക്ക്, ഗ്രേ, ബ്ലാക്ക്, ഓറഞ്ച്, ബ്ലാക്ക്, ബ്ലൂ ആൻഡ് വൈറ്റ്, സ്റ്റോൺഹെഞ്ച്, ബ്ലാക്ക്, അർബൻ ബ്രോൺസ്, ബ്ലാക്ക് എന്നീ ആറ് ഡ്യുവൽ-ടോൺ നിറങ്ങളിലും അണിഞ്ഞൊരുങ്ങിയാകും മൈക്രോ എസ്‌യുവി വിൽപ്പനയ്ക്ക് എത്തുക.

ടാറ്റ പഞ്ചില്‍ ഒരു ഹാർമന്‍ ഇൻഫോടെയ്ൻമെന്‍റ് സിസ്റ്റവും (Harman Infotainment System) ഉണ്ടായിരിക്കുമെന്ന് കഴിഞ്ഞദിവസം റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ടാറ്റ അൾട്രോസിലും നെക്‌സോണിലും ഉള്ള അതേ യൂണിറ്റായിരിക്കും ഇത്. ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ കണക്റ്റിവിറ്റി എന്നിവയുമായി സംയോജിപ്പിച്ച 7 ഇഞ്ച് ടച്ച്‌സ്‌ക്രീനായിരിക്കും ഇതെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ഹാർമന്‍ ഇൻഫോടെയ്ൻമെന്റ് സിസ്റ്റത്തിന് പുറമെ,  മൌണ്ട് ചെയ്‍ത കൺട്രോളുകളുള്ള ഒരു ഫ്ലാറ്റ്-ബോട്ടം സ്റ്റിയറിംഗ് വീൽ, എഞ്ചിൻ സ്റ്റാർട്ട്-സ്റ്റോപ്പ് ബട്ടൺ, ഇലക്ട്രിക്കലി ക്രമീകരിക്കാവുന്ന ഒആർവിഎം, സെമി-ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ഫാബ്രിക് അപ്ഹോൾസ്റ്ററി, പവർ വിൻഡോകൾ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ തുടങ്ങിയവയും ടാറ്റാ പഞ്ചിന്‍റെ ഇന്റീരിയറിനെ വേറിട്ടതാക്കുന്നു.

ടാറ്റയുടെ ഇംപാക്റ്റ് 2 ഡിസൈൻ ഫിലോസഫിയിൽ നിർമിക്കുന്ന വാഹനത്തിന് 3840എംഎം നീളവും 1822 എംഎം വീതിയും 1635എംഎം പൊക്കവുമുണ്ടാകും. പ്രീമിയം ഹാച്ച്ബാക്കായ അൾട്രോസ് നിർമിച്ച ആൽഫ പ്ലാറ്റ്ഫോമിൽ തന്നെയാണ് പുതിയ വാഹനത്തിന്റേയും നിർമാണം. വിലയിൽ നെക്സോണിനു തൊട്ടുതാഴെ നിൽക്കുന്ന ഈ വാഹനം മൈക്രോ എസ്‍യുവി എന്ന പേരിലായിരിക്കും വിപണിയില്‍ എത്തുക.

ഇന്ത്യൻ നിരത്തിലെ ഏറ്റവും സുരക്ഷിതമായ കാറുകളിലൊന്നായിരിക്കും പഞ്ച് എന്ന്​ ടാറ്റ നേരത്തേ അവകാശപ്പെട്ടിരുന്നു. എന്നാൽ ഏതുതരത്തിലുള്ള സുരക്ഷാ സാങ്കേതികവിദ്യ നൽകുമെന്ന് വ്യക്തമാക്കിയിട്ടില്ല. മിനി എസ്.യു.വി. സെഗ്മെന്റില്‍ തന്നെ ആദ്യമായി നല്‍കുന്ന ഫീച്ചറുകളായിരിക്കും ഈ വാഹനത്തില്‍ ഒരുങ്ങുക എന്നാണ് റിപ്പോർട്ടുകള്‍.

Follow Us:
Download App:
  • android
  • ios