ഇതാ ടാറ്റാ പഞ്ചിന് നിരത്തില്‍ ലഭിക്കുന്ന യതാര്‍ത്ഥ മൈലേജിനെപ്പറ്റി ഓണ്‍ലൈന്‍ ഓട്ടോ മാഗസിനായ ഓട്ടോകാര്‍ ഇന്ത്യ പുറത്തുവിട്ട വിവരങ്ങള്‍
അടുത്തിടെ പുറത്തിറക്കിയ ടാറ്റയുടെ (Tata) ഏറ്റവും പുതിയ കോംപാക്റ്റ് മൈക്രോ എസ്‌യുവിയായ പഞ്ച് ( Tata Punch), ശക്തമായ ഡിമാൻഡിന് സാക്ഷ്യം വഹിച്ച് മികച്ച തുടക്കമാണ് നൽകുന്നത്. 5.49 ലക്ഷം രൂപ പ്രാരംഭവിലയിലാണ് വാഹനം എത്തുന്നത്. വില അനുസരിച്ച്, ആദ്യമായി ഒരു കാര്‍ സ്വന്തമാക്കുന്നവരും ഇടത്തരക്കാരുമൊക്കെ വണ്ടി തേടിയെത്തുന്ന ഈ സെഗ്‌മെന്‍റിലെ ഒരു നിർണ്ണായക ഘടകമാണ് വാഹനത്തിന് ലഭിക്കുന്ന മൈലേജ് അഥവാ ഇന്ധനക്ഷമത. ഇതാ ടാറ്റാ പഞ്ചിന് നിരത്തില്‍ ലഭിക്കുന്ന യതാര്‍ത്ഥ മൈലേജിനെപ്പറ്റി ഓണ്‍ലൈന്‍ ഓട്ടോ മാഗസിനായ ഓട്ടോകാര്‍ ഇന്ത്യ പുറത്തുവിട്ട വിവരങ്ങള്‍.
86 എച്ച്പി 1.2 ലിറ്റർ 3 സിലിണ്ടർ പെട്രോൾ എഞ്ചിനാണ് പഞ്ചിന്‍റെ ഹൃദയം. ടാറ്റ ടിയാഗോ ഹാച്ച്ബാക്ക്, ടിഗോർ കോംപാക്റ്റ് സെഡാൻ, ആൾട്രോസ് പ്രീമിയം ഹാച്ച്ബാക്ക് എന്നിവയ്ക്ക് കരുത്ത് പകരുന്ന അതേ എഞ്ചിന്‍. കൂടാതെ BS6 രൂപത്തിൽ, കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനായി ടാറ്റ അതിന്റെ എയർ ഇൻടേക്ക് സിസ്റ്റം അപ്ഡേറ്റ് ചെയ്‍തിട്ടുണ്ട്. ഹാച്ച്ബാക്കിന്റെയും കോംപാക്റ്റ് സെഡാന്റെയും കാര്യത്തിലെന്നപോലെ, പഞ്ച് അഞ്ച് സ്‍പീഡ് മാനുവൽ അല്ലെങ്കിൽ ഓട്ടോമേറ്റഡ് മാനുവൽ ട്രാൻസ്‍മിഷൻ നൽകുന്നു.
ഓട്ടോകാര്‍ ഇന്ത്യയുടെ സിറ്റി പരീക്ഷണത്തില്‍ മാനുവല്‍ ട്രാന്‍സ്‍മിഷനുള്ള പഞ്ച് 10.3 കിമീ മൈലേജാണ് നേടിയത്. ഓട്ടോമാറ്റിക്ക് മോഡലാകട്ടെ 10.7 കിമീ മൈലേജും സ്വന്തമാക്കി. ഹൈവേയിൽ മാനുവൽ 16.1 കിലോമീറ്ററും എഎംടി 16.9കിലോമീറ്ററും നേടി.
സിറ്റി, ഹൈവേ ഓട്ടത്തിനിടയിൽ ടെസ്റ്റുകൾ ഇക്കോ മോഡിലാണ് നടത്തിയതെന്ന് ഓട്ടോകാര്‍ ഇന്ത്യ വ്യക്തമാക്കുന്നു. മാനുവലിന് മാത്രമേ എഞ്ചിൻ സ്റ്റാർട്ട്-സ്റ്റോപ്പ് ഫീച്ചർ ലഭിക്കൂ. കാർ പൂർണ്ണമായി നിർത്തുമ്പോൾ ഇന്ധനം ലാഭിക്കുന്നതിനായി ഈ സംവിധാനം എഞ്ചിന്‍ സ്വിച്ച് ഓഫ് ചെയ്യുന്നു. വീണ്ടും ക്ലച്ച് പെഡൽ അമര്‍ത്തുമ്പോൾ എഞ്ചിന്‍ വീണ്ടും ഓണാകും. കമ്പനിക്ക് അതിന്റെ CO2, ഇന്ധനക്ഷമത ലക്ഷ്യങ്ങൾ മാനുവലിൽ കൈവരിക്കാൻ വേണ്ടിയാണ് ഈ സംവിധാനം ഉൾപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ എഎംടി മോഡലിന്ന് ഈ സവിശേഷത ലഭിക്കുന്നില്ല.
നഗരത്തിലെ തിരക്കുകളില്‍ താഴ്‍ന്ന ഗിയറുകളില്‍ ഓടുന്നതിനാല്‍ ഇന്ധനക്ഷമത കുറയുമെന്ന് ഓട്ടോ കാര്‍ ഇന്ത്യ പറയുന്നു. എന്നാല്‍ സിറ്റി ഡ്രൈവിംഗില്‍ എഎംടി ഇന്ധനക്ഷമതയെ ഒരു പരിധിവരെ സഹായിക്കുന്നുവെന്നും ഓട്ടോ കാര്‍ ഇന്ത്യ വ്യക്തമാക്കുന്നു.
കമ്പനി പറയുന്ന ടയര്‍ മര്‍ദ്ദം ഉള്‍പ്പെടെയുള്ള മാനദണ്ഡങ്ങള്‍ ഒക്കെ പാലിച്ചാണ് തങ്ങളുടെ മൈലേജ് പരിശോധന എന്ന് ഓട്ടോ കാര്‍ ഇന്ത്യ പറയുന്നു. പരീക്ഷണ വാഹനത്തില്‍ ഡ്രൈവര്‍ മാത്രമേ ഉള്ളൂവെന്നും ഒരു സാധാരണ ഉപയോക്താവ് പ്രവർത്തിക്കും പോലെ, ഓഡിയോ സിസ്റ്റം, ഇൻഡിക്കേറ്ററുകൾ, വൈപ്പറുകൾ എന്നിവ പ്രവർത്തിപ്പിച്ചാണ് ഡ്രൈവിംഗ് എന്നും മാഗസിന്‍ പറയുന്നു. ഈ പരിശോധാഫലം കൃത്യമാണെന്നും യഥാർത്ഥ ലോകത്ത് ഉപയോക്താക്കൾക്ക് എത്രയാണ് മൈലേജായി പ്രതീക്ഷിക്കാനാവുക എന്നതിന്റെ കൃത്യമായ സൂചനയും നൽകുന്നുവെന്നും ഓട്ടോകാര്‍ ഇന്ത്യ അവകാശപ്പെടുന്നു.
നിലവിൽ പഞ്ച് നാല് ഗ്രേഡുകളിൽ ലഭ്യമാണ്. പ്യുവർ, അഡ്വഞ്ചർ, അക്കംപ്ലിഷ്ഡ്, ക്രിയേറ്റീവ് എന്നിവയാണവ. പ്രാരംഭ പ്രുവർ വേരിയന്റിന് 5.49 ലക്ഷം രൂപ മുതൽ ടോപ്പ് സ്പെക്ക് ക്രിയേറ്റീവ് മോഡലിന് 9.09 ലക്ഷം രൂപ വരെയാണ് എക്സ്-ഷോറൂം വില. ഇംപാക്റ്റ് 2.0 ഡിസൈൻ ഭാഷയിൽ വികസിപ്പിച്ച ആൽട്രോസ് പോലെ ആൽഫാ ആർക്കിടെക്ചറിനെ അടിസ്ഥാനമാക്കിയുള്ള വാഹനമാണ് പഞ്ചും. പുതിയ ടാറ്റ പഞ്ചിനുള്ളിൽ ഒരു ഗ്രാനൈറ്റ് ബ്ലാക്ക് ഡാഷ്‌ബോർഡ് ഗ്ലേസിയർ ഗ്രേ ഇൻസെർട്ടുകളുണ്ട്. ഓർക്കസ് വൈറ്റ്, ആറ്റോമിക് ഓറഞ്ച്, ഡേറ്റോണ ഗ്രേ, മെറ്റിയർ ബ്രൗൺ, കാലിപ്സോ റെഡ്, ട്രോപ്പിക്കൽ മിസ്റ്റ്, ടൊർണാഡോ ബ്ലൂ എന്നിവയിൽ പുതിയ പഞ്ച് ലഭ്യമാകും.
ഡ്യുവൽ എയർബാഗ്, എ.ബി.എസ്, ഐസോഫിക്സ് ചൈൽഡ് സീറ്റ് മൗണ്ട്, ഫ്രണ്ട് പവർ വിൻഡോകൾ, സെൻട്രൽ ലോക്കിങ്, എഞ്ചിൻ സ്റ്റാർട്ട് സ്റ്റോപ്പ് ടെക് തുടങ്ങിയ സവിശേഷതകൾ അടിസ്ഥാന ട്രിമ്മിൽ തന്നെ ലഭിക്കും. റെയിൻ സെൻസിങ് വൈപ്പറുകളും പ്രൊജക്ടർ ഹെഡ്‌ലാമ്പുകളും ഹാർമൻ മ്യൂസിക് സിസ്റ്റവും പോലുള്ള മികച്ച സവിശേഷതകളും ഉയർന്ന വകഭേദങ്ങൾക്കുണ്ടാകും. മഹീന്ദ്രയുടെ കെ.യു.വി.100, മാരുതി സുസുക്കി ഇഗ്‌നീസ് തുടങ്ങിയവര്‍ക്കൊപ്പം നിസാന്‍ മാഗ്‌നൈറ്റ്, റെനോ കൈഗര്‍ തുടങ്ങിയ കോംപാക്ട് എസ്‍യുവികളുമായും വിപണിയില്‍ പഞ്ച് മിനി എസ്‍യുവി മത്സരിക്കും.
അതേസമയം ഈ വാഹനത്തിന് പുതിയൊരു ടര്‍ബോ എഞ്ചിന്‍ കൂടി അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് കമ്പനിയെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. 1.2 ലിറ്റർ, ടർബോചാർജ്‍ഡ് ഇൻലൈൻ-3 പെട്രോൾ എഞ്ചിൻ ഓപ്ഷൻ ചേർക്കാനാണ് ടാറ്റയുടെ നീക്കം എന്നാണ് റിപ്പോര്‍ട്ടുകള്‍. 2022 ഫെബ്രുവരിയിലോ മാർച്ചിലോ ടര്‍ബോ കരുത്തോടെ പഞ്ച് എത്തും എന്നാണ് റിപ്പോര്‍ട്ടുകള്‍.
