ടാറ്റ മോട്ടോഴ്‌സിന്റെ പഞ്ച് കോംപാക്റ്റ് എസ്‌യുവി ആറ് ലക്ഷം യൂണിറ്റ് ഉൽപ്പാദന നാഴികക്കല്ല് പിന്നിട്ടു.
ടാറ്റ മോട്ടോഴ്‌സിന്‍റെ വളരെ ജനപ്രിയമായ പഞ്ച് കോംപാക്റ്റ് എസ്‌യുവി ആറ് ലക്ഷം യൂണിറ്റ് ഉൽപ്പാദന നാഴികക്കല്ല് പിന്നിട്ടതായി പ്രഖ്യാപിച്ചു. പുറത്തിറങ്ങി നാല് വർഷത്തിനുള്ളിൽ ആണ് ഈ നേട്ടം. 2021 ഒക്ടോബറിൽ അവതരിപ്പിച്ച ടാറ്റ പഞ്ച് ഒരു വർഷത്തിനുള്ളിൽ ഒരു ലക്ഷം വിൽപ്പന നാഴികക്കല്ല് പിന്നിട്ടു. തുടർന്ന് 2023 ജൂലൈയിലും 2025 ജനുവരിയിലും യഥാക്രമം നാലും അഞ്ചും ലക്ഷവും വിൽപ്പന നാഴികക്കല്ലുകൾ പിന്നിട്ടു. ടാറ്റ പഞ്ച് ഐസിഇ ഉടമകളിൽ ഏകദേശം 70 ശതമാനം പേരും ആദ്യമായി കാർ വാങ്ങുന്നവരാണെന്ന് കമ്പനി അവകാശപ്പെടുന്നു.
ടയർ I, ടയർ II നഗരങ്ങൾ അതിന്റെ മൊത്തം വിൽപ്പനയിൽ യഥാക്രമം ഏകദേശം 24 ശതമാനവും 42 ശതമാനവും സംഭാവന ചെയ്യുന്നു. അതേസമയം 34 ശതമാനം ടയർ III പട്ടണങ്ങളിൽ നിന്നാണ്. ഇത് രാജ്യത്തുടനീളമുള്ള അതിന്റെ വ്യാപകമായ ഉപഭോക്തൃ അടിത്തറയെ എടുത്തുകാണിക്കുന്നു. ആധുനിക കോംപാക്റ്റ് ഡിസൈൻ, ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസ്, പ്രായോഗികത, തീർച്ചയായും അഞ്ച് സ്റ്റാർ സുരക്ഷ തുടങ്ങിയവയാണ് പഞ്ചിന്‍റെ ജനപ്രിയതയ്ക്ക് പിന്നിലെ ചില പ്രധാന കാരണങ്ങൾ. 2025 സാമ്പത്തിക വർഷത്തിൽ, സബ് കോംപാക്റ്റ് എസ്‌യുവി വിഭാഗത്തിൽ പഞ്ചിന് 38 ശതമാനം വിപണി വിഹിതമുണ്ട്.
ഈ അസാധാരണ യാത്രയുടെ സ്‍മരണയ്ക്കായി, ടാറ്റ മോട്ടോഴ്‌സ് 'ഇന്ത്യയുടെ എസ്‌യുവി' എന്ന പേരിൽ ഒരു പുതിയ രാജ്യവ്യാപക കാമ്പെയ്‌ൻ ആരംഭിച്ചു. ടാറ്റാ പഞ്ചിനെ ജീവിതത്തിന്റെ ഭാഗമാക്കിയ ലക്ഷക്കണക്കിന് ഇന്ത്യക്കാരെ ഈ കാമ്പെയ്‌ൻ ആഘോഷിക്കുകയും ശാക്തീകരണം, പര്യവേക്ഷണം, ദൈനംദിന സാഹസികത എന്നിവയുടെ കഥകൾ പ്രദർശിപ്പിക്കുകയും ചെയ്യുന്നുവെന്ന് കമ്പനി പറയുന്നു.
അതേസമയം സെഗ്‌മെന്റിലെ വർദ്ധിച്ചുവരുന്ന മത്സരം കണക്കിലെടുത്ത്, 2025 ഒക്ടോബറിൽ ടാറ്റ മോട്ടോഴ്‌സ് പഞ്ച് എസ്‌യുവിക്ക് ഒരു മിഡ്‌ലൈഫ് അപ്‌ഡേറ്റ് നൽകാൻ ഒരുങ്ങുന്നു. അപ്‌ഡേറ്റ് ചെയ്ത മോഡലിനായി ടാറ്റാ മോട്ടോഴ്സ് പഞ്ച് ഇവിയിൽ നിന്ന് ഡിസൈൻ ഘടകങ്ങൾ കടമെടുക്കാൻ സാധ്യതയുണ്ട്. പുതുതായി രൂപകൽപ്പന ചെയ്‌ത ഗ്രിൽ, മെലിഞ്ഞ ഹെഡ്‌ലാമ്പുകൾ, പുതുക്കിയ ബമ്പറുകൾ, പുതിയ എൽഇഡി ഡിആർഎൽ സിഗ്നേച്ചർ, പുതിയ അലോയ് വീലുകൾ എന്നിവ ഇതിൽ ഉൾപ്പെട്ടേക്കാം.
2025 ടാറ്റ പഞ്ച് ഫെയ്‌സ്‌ലിഫ്റ്റിന്റെ ഉള്ളിൽ, പുതിയ ആൾട്രോസ്-പ്രചോദിത ടു-സ്‌പോക്ക് സ്റ്റിയറിംഗ് വീൽ, വലിയ 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ, പൂർണ്ണമായും ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ടച്ച് അധിഷ്‍ഠിത എച്ച്വിഎസി കൺട്രോൾ പാനൽ എന്നിവ ലഭിച്ചേക്കാം. മെക്കാനിക്കൽ കാര്യങ്ങളിൽ പുതിയ പഞ്ച് മാറ്റമില്ലാതെ തുടരാനാണ് സാധ്യത. കോംപാക്റ്റ് എസ്‌യുവിയിൽ 1.2 ലിറ്റർ, 3-സിലിണ്ടർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിൻ തുടർന്നും ഉപയോഗിക്കും. ഇത് 86 ബിഎച്ച്പി പവറും 113 എൻഎം ടോർക്കും ഉത്പാദിപ്പിക്കും. സിഎൻജി പവർട്രെയിൻ ഓപ്ഷനും വാഗ്ദാനം ചെയ്യും. മാനുവൽ, എഎംടി ഗിയർബോക്സ് ഓപ്ഷനുകളിൽ ലൈനപ്പ് ലഭ്യമാകും.
