Asianet News MalayalamAsianet News Malayalam

ടാറ്റ പഞ്ച് ഒക്ടോബര്‍ നാലിന് എത്തും

പഞ്ച് എന്നു പേരുള്ള ഈ മിനി എസ്‌‍യുവി ഒക്ടോബര്‍ നാലിന് വിഫണിയില്‍ എത്തും എന്നാണ് റഷ് ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്

Tata Punch to be unveiled in October
Author
Mumbai, First Published Sep 23, 2021, 10:42 PM IST
  • Facebook
  • Twitter
  • Whatsapp

പുതിയൊരു കുഞ്ഞൻ എസ്‌യുവിയെ (SUV) എത്തിക്കാനുള്ള ഒരുക്കത്തിലാണ് ടാറ്റ മോട്ടോഴ്‍സ് (Tata Motors) എന്ന് കഴിഞ്ഞ കുറച്ചുകാലമായി കേട്ടുതുടങ്ങിയിട്ട്. പഞ്ച് (Punch) എന്നു പേരുള്ള ഈ മിനി എസ്‌‍യുവി (Mini SUV) ഒക്ടോബര്‍ നാലിന് വിപണിയില്‍ എത്തും എന്നാണ് റഷ് ലൈന്‍ (RushLane) റിപ്പോര്‍ട്ട് ചെയ്യുന്നത്.  5,000 രൂപ മുതൽ 21,000 രൂപ വരെയുള്ള ടോക്കൺ തുകയിൽ ഡീലർമാർ ഇതിനകം തന്നെ വാഹനത്തിനായുള്ള ബുക്കിംഗ് സ്വീകരിച്ചുതുടങ്ങിയെന്നും അടുത്ത മാസം വാഹനത്തിന്റെ ഔദ്യോഗിക വിലകൾ നിർമ്മാതാക്കൾ പ്രഖ്യാപിക്കും എന്നുമാണ് റിപ്പോര്‍ട്ടുകള്‍.

ഈ മിനി എസ്‌യുവിക്ക് അഞ്ച് ലക്ഷം മുതൽ എട്ട് ലക്ഷം രൂപ വരെയാകും എക്സ്-ഷോറൂം വില. ഈ വില ശ്രേണിയിൽ അവതരിപ്പിക്കുകയാണെങ്കിൽ, പഞ്ച് രാജ്യത്തെ ഏറ്റവും താങ്ങാവുന്ന ടാറ്റ എസ്‌യുവിയായി മാറും. ആൾട്രോസ് ഹാച്ച്ബാക്കിൽ നിന്ന് കടമെടുത്ത ആൽഫ പ്ലാറ്റ്ഫോമിലാവും ഏറ്റവും ചെറിയ ടാറ്റ എസ്‌യുവി ഒരുങ്ങുന്നത്. 

ഇന്ത്യൻ നിരത്തിലെ ഏറ്റവും സുരക്ഷിതമായ കാറുകളിലൊന്നായിരിക്കും പഞ്ച് എന്ന്​ ടാറ്റ നേരത്തേ അവകാശപ്പെട്ടിരുന്നു. എന്നാൽ ഏത് തരത്തിലുള്ള സുരക്ഷാ സാങ്കേതികവിദ്യ നൽകുമെന്ന് വ്യക്തമാക്കിയിട്ടില്ല. മിനി എസ്.യു.വി. സെഗ്മെന്റില്‍ തന്നെ ആദ്യമായി നല്‍കുന്ന ഫീച്ചറുകളായിരിക്കും ഈ വാഹനത്തില്‍ ഒരുങ്ങുക എന്നാണ് റിപ്പോർട്ടുകള്‍.

നേരത്തെ ഹോണ്‍ബില്‍ എന്നും എച്ച്ബിഎക്സ് എന്നുമൊക്കെ കോഡുനാമത്തില്‍ അറിയിപ്പെട്ടിരുന്ന ഈ മിനി എസ്‍യുവി ദില്ലി ഓട്ടോ എക്സ്‍പോയില്‍ കണ്‍സെപ്റ്റ് എച്ച്2 എക്‌സ് എന്ന പേരില്‍ പ്രദര്‍ശനത്തിനെത്തിയിരുന്നു.  നിരവധി തവണ പരീക്ഷണയോട്ടത്തിനിടെ ക്യാമറയില്‍ കുടുങ്ങിയ ഈ മോഡലിനെ ഏറെ ആകാംക്ഷയോടെയാണ് വാഹന പ്രേമികള്‍ കാത്തിരിക്കുന്നത്. സെപ്റ്റംബര്‍ അവസാനത്തോടെയോ ഒക്ടോബര്‍ ആദ്യമോ ഈ വാഹനം വിപണിയില്‍ എത്തിയേക്കും എന്നാണ് അഭ്യൂഹങ്ങള്‍. കഴിഞ്ഞ ഓട്ടോ എക്സ്പോയിലെ ടാറ്റയുടെ പ്രധാന ആകർഷണങ്ങളിലൊന്നായിരുന്നു എച്ച്ബിഎക്സ് കൺസെപ്റ്റിന്റെ പ്രൊഡക്ഷൻ മോഡലായ ചെറു എസ്‌യുവി.

ടാറ്റയുടെ ഇംപാക്റ്റ് 2 ഡിസൈൻ ഫിലോസഫിയിൽ നിർമിക്കുന്ന വാഹനത്തിന് 3840എംഎം നീളവും 1822 എംഎം വീതിയും 1635എംഎം പൊക്കവുമുണ്ടാകും. പ്രീമിയം ഹാച്ച്ബാക്കായ ആൾട്രോസ് നിർമിച്ച ആൽഫ പ്ലാറ്റ്ഫോമിൽ തന്നെയാണ് പുതിയ വാഹനത്തിന്റേയും നിർമാണം. വിലയിൽ നെക്സോണിനു തൊട്ടു താഴെ നിൽക്കുന്ന ഇൗ വാഹനം മൈക്രോ എസ്‍യുവി എന്ന പേരിലായിരിക്കും വിപണിയിലെത്തുക.

2020 നവംബറില്‍ ഈ വാഹനം നിരത്തില്‍ എത്തുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ കൊവിഡ് 19 വൈറസ് വ്യാപനം കാരണം വരവ് വൈകി. വാഹനത്തിന്‍റെ പ്രൊഡക്ഷന്‍ പതിപ്പ് മസ്‌കുലര്‍ ഭാവത്തില്‍ ഒരുങ്ങിയിട്ടുള്ള എച്ച്.ബി.എക്‌സ്. കണ്‍സെപ്റ്റിനോട് നീതി പുലര്‍ത്തിയുള്ള ഡിസൈനിലായിരിക്കും അവതരിപ്പിക്കുകയെന്നാണ് റിപ്പോർട്ടുകള്‍. കണ്‍സെപ്റ്റ് മോഡലില്‍ നിന്ന് വലിയ മാറ്റങ്ങൾ ഇല്ലാതെ ആയിരിക്കും പ്രൊഡക്ഷന്‍ മോഡല്‍ എത്തുക. നേര്‍ത്ത ഡിആര്‍എല്‍, സ്പ്ലിറ്റ് ഹെഡ്ലാമ്പ്, ഡ്യുവല്‍ ടോണ്‍ ബമ്പര്‍, വലിയ സ്‌കിഡ് പ്ലേറ്റ് എന്നിവ കണ്‍സെപ്റ്റ് മോഡലില്‍ നൽകിയിരുന്നു. ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, ഫ്ളോട്ടിങ്ങ് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, മള്‍ട്ടി ഫങ്ഷന്‍ സ്റ്റിയറിങ്ങ് വീല്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ഹൈറ്റ് അഡ്ജസ്റ്റ് ഡ്രൈവിങ്ങ് സീറ്റ്, ഇലക്ട്രിക് പവര്‍ സ്റ്റിയറിങ്ങ് എന്നിവ ഇന്റീരിയറിൽ ലഭിച്ചേക്കും. മാരുതി സുസുക്കി ഇഗ്നിസ്, മാരുതി സുസുക്കി എസ്-പ്രെസോ, മഹീന്ദ്ര KUV NXT, റെനോ ക്വിഡ് എന്നിവയായിരിക്കും പ്രധാന എതിരാളികള്‍. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona 


 

Follow Us:
Download App:
  • android
  • ios