മുംബൈ:  ഗ്രാവിറ്റാസ് എന്ന കോഡ് നെയിമിന് കീഴില്‍ എത്തുന്നത് ജനപ്രിയ മോഡലായ സഫാരിയാണെന്ന് പ്രഖ്യാപിച്ച് ടാറ്റ മോട്ടോഴ്‍സ്. ഐക്കണിക് മോഡലായ സഫാരി തിരിച്ചു കൊണ്ടുവരികയാണെന്ന് കമ്പനി വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. ഈ ജനുവരിയിൽ തന്നെ ഷോറൂമിൽ എത്തുന്ന സഫാരിയുടെ ബുക്കിംഗ് താമസിയാതെ തുടങ്ങുമെന്നും കമ്പനി അറിയിച്ചു.

ടാറ്റ സഫാരി രണ്ട് ദശാബ്ദത്തോളം ഇന്ത്യൻ എസ് യു വി വിപണിയിൽ മറ്റ് വാഹന നിർമ്മാതാക്കൾ പിന്തുടരാൻ നിർബന്ധിതമായ ബ്രാൻറായി സ്വീകാര്യത നേടിയിരുന്നതായി കമ്പനി പറയുന്നു. ഇന്ത്യൻ എസ് യു വി വിപണിയെ തന്നെ തിളക്കമുള്ളതാക്കാൻ സഫാരി എന്ന ബ്രാൻറിന് കഴിഞ്ഞു. അഭിമാനത്തിൻറെയും കാര്യക്ഷമതയുടെയും പര്യായമായി മാറിയിരുന്ന സഫാരി തിരിച്ച് വരുന്നത് അതിൻറെ പാരമ്പര്യത്തെ മുറുകെപിടിച്ചു കൊണ്ടാണെന്നും ടാറ്റ വ്യക്തമാക്കി. 

കമ്പനിയുടെ പ്രധാനപ്പെട്ട ബ്രാൻറായിരുന്ന സഫാരി തിരിച്ച് കൊണ്ട് വരുന്നതിൽ അഭിമാനവും സന്തോഷവുമുണ്ടെന്ന് സഫാരിയുടെ തിരിച്ചുവരവ് പ്രഖ്യാപിച്ച് കൊണ്ട്  ടാറ്റാ മോട്ടോർസ് പാസഞ്ചർ വെഹിക്കിൾ ബിസിനസ് യൂണിറ്റ്  പ്രസിഡൻറ്  ഷൈലേഷ് ചന്ദ്ര പറഞ്ഞു. രണ്ട് ദശകത്തോളം ഇന്ത്യൻ എസ് യു വി മേഖലയിൽ ഏറ്റവും കൂടുതൽ ആവശ്യക്കാരുണ്ടായിരുന്നതാണ് സഫാരിക്കെന്നും അദ്ദേഹം ചൂണ്ടികാണിച്ചു. പരിഷ്കരിച്ച പതിപ്പ് സാഹസികരും സാമൂഹ്യമായി സജ്ജീവമായി നിൽക്കുന്നവരുമായ ഉപഭോക്താക്കളെ ആകർഷിക്കും. സഫാരി തിരിച്ചെത്തുന്നതോടെ വിപണി കൂടുതൽ കരുത്തുറ്റതായി മാറുമെന്ന് ഉറപ്പുണ്ടെന്നും ഷൈലേഷ് ചന്ദ്ര വ്യക്തമാക്കി.    

പുത്തന്‍ സഫാരി പുത്തൻ തലമുറ എസ്‍യുവി ഉപഭോക്താക്കളെ തൃപ്‍തിപ്പെടുത്തുന്നതായിരിക്കും. മികച്ച ഡിസൈൻ, മൃദുലവും സുഖകരവുമായ ഇൻറീരിയർ, സമാനതകളില്ലാത്ത വൈവിധ്യം, കാര്യക്ഷമത, ബഹുമുഖമായ സവിശേഷതകൾ തുടങ്ങി ഉപഭോക്താക്കളുടെ പ്രതീക്ഷയ്ക്കൊത്താണ് വാഹനം തയ്യാറാവുന്നത്. അനായാസമായ ഡ്രൈവിംഗ് അനുഭവം, ആഡംബര സദൃശ്യമായ സൗകര്യങ്ങൾ, സമാനതകളില്ലാത്ത കാര്യക്ഷമത, വിശാലമായ ഇൻറീരിയർ, പുത്തൻ സാങ്കേതിക വിദ്യ എന്നിവയുടെ സമന്വയത്തിലൂടെ  ഉപഭോക്താക്കളെ ആകർഷിക്കാൻ പുതിയ സഫാരിക്ക് കഴിയും. ദൈനംദിന യാത്രകള്‍ക്കൊപ്പം ഫാമിലി യാത്രകൾക്കും അനുയോജ്യമായി വാഹനപ്രേമികളുടെ  യാത്രാ അനുഭവത്തെ തിരിച്ചുപിടിക്കാൻ  പ്രേരിപ്പിക്കുന്നതായിരിക്കും പുതിയ സഫാരിയെന്നും കമ്പനി പറയുന്നു. 

ലാൻറ് ലോവർ ഡി 8 പ്ലാറ്റ് ഫോമിൽ നിന്ന് ഉരുത്തിരിഞ്ഞിരിക്കുന്ന ഒപ്റ്റിമൽ മോഡുലാർ എഫിഷ്യൻറ് ഗ്ലോബൽ ആർക്കിടെച്ചർ സവിശേഷതയോടെ, അംഗീകാരം നേടിയ ടാറ്റയുടെ തന്നെ ഇംപാക്ട് 2.0 ഡിസൈനിലാണ് വാഹനം ഒരുങ്ങുന്നത്. ലോകേത്താകമാനമുള്ള എസ് യു വികളുടെ ഡിസൈൻ മാനദണ്ഡത്തിലെ  ഗോൾഡൻ സ്റ്റാൻറേർഡാണിത്. ഭാവിയിൽ ഡ്രൈവ് ട്രെയിൻ പരിഷ്കരിക്കുന്നതിന് സഹായകരമാകുന്ന നിർമ്മാണ രീതിയെന്ന സവിശേഷതയുമുണ്ട്. പിന്നീട്  ഓൾ വീൽ ഡ്രൈവ്, ഇലട്രിഫിക്കേഷൻ തുടങ്ങിയ കൂട്ടിചേർക്കലുകൾ നടത്താൻ ഉതകുന്നതാണ് ആർക്കിടെച്ചർ രീതിയെന്നും കമ്പനി അറിയിച്ചു.