Asianet News MalayalamAsianet News Malayalam

ഒറ്റ ദിവസം പതിനായിരം ബുക്കിംഗ് പിന്നിട്ട് ടാറ്റ ടിയാഗോ ഇവി, ലോഞ്ചിംഗ് ഓഫര്‍ നീട്ടി ടാറ്റ

21000 രൂപ ടോക്കണ്‍ നല്‍കിയായിരുന്നു ബുക്കിംഗ്. ബുക്കിംഗ് പ്രളയമായതിന് പിന്നാലെ ആദ്യത്തെ പതിനായിരം പേര്‍ക്കായി നിശ്ചയിച്ച ലോഞ്ചിംഗ് ഓഫര്‍ നീട്ടിയിരിക്കുകയാണ് ടാറ്റ

Tata Tiago EV gets 10000 booking in single day extends launching offer
Author
First Published Oct 11, 2022, 5:50 PM IST

രാജ്യത്തെ ഏറ്റവും  കുറഞ്ഞ വിലയുള്ള ഇലക്ട്രിക് കാറെന്ന പുതുമയുമായി എത്തുന്ന ടാറ്റ ടിയാഗോ ഇവിക്ക് ഒറ്റ ദിവസം ലഭിച്ചത് പതിനായിരം ബുക്കിംഗ്. ഒരു ഇലക്ട്രിക് കാറിന് ഒറ്റ ദിവസം ലഭിക്കുന്ന ബുക്കിംഗുകളുടെ എണ്ണം കണക്കാക്കുമ്പോള്‍ മികച്ച നേട്ടമാണ് ടാറ്റ കൈവരിച്ചിരിക്കുന്നത്. 21,000 രൂപയായിരുന്നു ടോക്കണ്‍ തുക. പത്ത് ലക്ഷം രൂപയ്ക്ക് താഴെ വിലയില്‍ ടിയാഗോ ഇവിയുടെ ബുക്കിംഗ് 10000 പേര്‍ക്കായിരുന്നു നിശ്ചയിച്ചിരുന്നത്. പ്രതീക്ഷിച്ചതിലുമധികം ബുക്കിംഗ് ലഭിച്ചതോടെ ലോഞ്ചിംഗ് വിലയില്‍ മറ്റൊരു 10000 പേര്‍ക്ക് കൂടി ലഭ്യമാക്കാനുള്ള തീരുമാനത്തിലാണ് ടാറ്റയുള്ളത്. 

 ടിയാഗോ ഇവിയുടെ വിശദ വിവരങ്ങള്‍ ഇവയാണ്

നാല് ചാര്‍ജിംഗ് ഓപ്ഷനുകളാണ് ടിയാഗോ ഇവിക്കുള്ളത്.  സാധാരണ 15 ആംപിയര്‍ പ്ലഗ് പോയിന്‍റ്,  3.3 കിലോവാട്ട് എസി ചാര്‍ജിംഗ്,  7.2 കിലോവാട്ട് എസി ഫാസ്റ്റ് ചാര്‍ജിംഗ്, ഡി സി ഫാസ്റ്റ് ചാര്‍ജിംഗ് എന്നിവയാണ് അവ. ഇതില്‍ 7.2 കിലോവാട്ട് എസി ചാര്‍ജര്‍ വഴി 10 മുതല്‍ 100 ശതമാനം വരെ ചാര്‍ജാകാന്‍ 3 മണിക്കൂര്‍ 36 മിനിറ്റ് സമയം മതി. ഡിസി ഫാസ്റ്റ് ചാര്‍ജില്‍ 57 മിനിറ്റ് കൊണ്ട് 10മുതല്‍ 100 ശതമാനമെത്തും ഇന്‍റേണല്‍ കമ്പസ്റ്റ്യന്‍ എന്‍ജിന്‍ ഉപയോഗിക്കുന്ന സാധാരണ ടിയാഗോയേക്കാളും 3.1 ലക്ഷം രൂപ വില കൂടുണ്ട് ടിയാഗോ ഇവിക്ക്. 8.49 ലക്ഷം മുതല്‍ 11.79 ലക്ഷം രൂപ വരെയാണ് ഇവിയുടെ വില. ലോഞ്ചിംഗ് വിലയാണിത്.  

ആദ്യത്തെ 10000 ബുക്കിംഗില്‍ രണ്ടായിരം എണ്ണം നിലവിലെ ടിഗോര്‍, നെക്സണ്‍ ഉടമകള്‍ക്കായി മാറ്റി വച്ചിട്ടുണ്ട്. ഒക്ടോബര്‍ 10 ന് ബുക്കിംഗ് ആരംഭിക്കും. അടുത്ത വര്‍ഷം ജനുവരിയില്‍ ഡെലിവറി നല്‍കി തുടങ്ങും.  19.2 കിലോവാട്ട് അവര്‍, 24 കിലോവാട്ട് അവര്‍ എന്നിങ്ങനെ രണ്ട് ലിഥിയം അയേണ്‍ ബാറ്ററികളാണുള്ളത്. 19.2 കിലോവാട്ട് അവര്‍ ബാറ്ററിക്ക് 250 കിലോമീറ്ററും 24 കിലോവാട്ട് അവര്‍ ബാറ്ററിക്ക് 315 കിലോമീറ്ററുമാണ് റേഞ്ച്. ടിഗോര്‍ ഇവിയേക്കാള്‍ 9 കിലോമീറ്റര്‍ കൂടുതലുണ്ട് ഇത്. നെക്സണ്‍, ടിഗോര്‍ എന്നീ ഇവികളില്‍ നല്‍കിയിരിക്കുന്ന സിപ്ട്രോണ്‍ സാങ്കേതിക വിദ്യയോട് കൂടിയ ഇലക്ട്രിക് മോട്ടറാണ് ടിയാഗോ ഇവിയിലുള്ളത്. 

വലിയ ബാറ്ററിയുള്ള വേരിയിന്‍റില്‍ 74 എച്ച് പി കരുത്തും 114 എന്‍ എം ടോര്‍ക്കും ലഭ്യമാകും. 19.2 കിലോവാട്ട് അവര്‍ വേരിയന്‍റില്‍ 61 എച്ച് പി കരുത്തും 110 എന്‍എം ടോര്‍ക്കും ലഭിക്കും. കരുത്ത് കൂടിയ വേരിയന്‍റ് 5.7 സെക്കന്‍ഡ് കൊണ്ട് 0-60 കിലോമീറ്റര്‍ വേഗം കൈവരിക്കും. കരുത്ത് കുറഞ്ഞ വേരിയന്‍റിന് 6.2 സെക്കന്‍ഡ് ഇതിന് വേണ്ടി വരും. വിപണിയിലുള്ള പെട്രോള്‍ ടിയാഗോയുമായി ഇലക്ട്രിക് മോഡലിനു ഡിസൈനില്‍ കാര്യമായ വ്യത്യാസമില്ല. അടഞ്ഞ ഗ്രില്ലാണ്. ഇതില്‍ ട്രൈ ആരോ ഡിസൈന്‍ നല്‍കിയിരിക്കുന്നു. ഒപ്പം ഇവി ബാഡ്ജിംഗും. ഗ്രില്ലിനും ഹെഡ് ലാംപിനും അടിയില്‍ സ്പോര്‍ട്സ് ഇലക്ട്രിക് ബ്ലൂ ഇന്‍സേര്‍ട്ടും ബംപറിലെ എയര്‍ ഡാമില്‍ ട്രൈ ആരോ ഡിസൈനും വന്നതാണ് പുതുമ.

ഉയര്‍ന്ന വേരിയന്‍റില്‍ ഓട്ടോമാറ്റിക് പ്രൊജക്ടര്‍ ഹെഡ് ലാംപുകളാണ്. ഡേ ടൈം ഇന്‍ഡിക്കേറ്റര്‍, റെയിന്‍ സെന്‍സര്‍ വൈപ്പര്‍ എന്നിവയും സവിശേഷതയില്‍ പെടുന്നു. വശങ്ങളിലെ എടുപ്പ് 14 ഇഞ്ച് ഹൈപ്പര്‍വില്‍ ഡിസൈനാണ്. റിയര്‍ സ്പോയിലറിലെ ബ്ലാക്ക് ഇന്‍സേര്‍ട്ട് വാഹനത്തിന്‍റെ പിന്‍ വശത്തിന് സ്പോര്‍ട്ടി ഫീല്‍ നല്‍കുന്നുണ്ട്. ടിയാഗോ ഇവിയെന്ന എഴുത്തും പിന്‍വശത്തെ മനോഹരമാക്കുന്നു. അകത്തും ചെറിയ പുതുമകള്‍ ടിയാഗോ ഇവി ഒരുക്കിയിട്ടുണ്ട്. 

വെള്ള നിറത്തിലുള്ള ലെതറൈറ്റ് സീറ്റുകളാണ്. സീറ്റുകളില്‍ നല്‍കിയിരിക്കുന്ന ട്രൈ ആരോ പാറ്റേണ്‍ കാണാന്‍ ഭംഗിയുള്ളതാണ്.  ലെതറൈറ്റ് ഫ്ലാറ്റ് ബോട്ടം സ്റ്റിയറിംഗ് വീലില്‍ ഓഡിയോ നിയന്ത്രണങ്ങളുണ്ട്. പുറത്ത് കണ്ട ബ്ലൂ ഇന്‍സേര്‍ട്ടുകള്‍ ക്യാബിനുള്ളിലും നല്‍കിയിട്ടുണ്ട്. ഫുള്ളി ഡിജിറ്റല്‍ മീറ്റര്‍ കണ്‍സോളാണ്. ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍ പ്ലേ സപ്പോര്‍ട്ടുള്ള സെവന്‍ ഇഞ്ച് ടച്ച് സ്ക്രീന്‍ സിസ്റ്റമാണ് ഇവിയിലുള്ളത്. 

ഹാര്‍മന്‍റെ 8 സ്പീക്കര്‍ മ്യൂസിക് സിസ്റ്റം, ഓട്ടമാറ്റിക് എസി, പുഷ് ബട്ടണ്‍ സ്റ്റാര്‍ട്ട്- സ്റ്റോപ്പ്, റിയര്‍ പാര്‍ക്കിംഗ് സെന്‍സേര്‍സ്, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം, 45ല്‍  അധികം മൊബൈല്‍ കണക്ടിവിറ്റി ഫീച്ചറുകളുള്ള ഇസഡ് കണക്ട് ആപ്പ്, ഹില്‍- സ്റ്റാര്‍ട്ട്, ഹില്‍ ഡിസെന്‍ഡ് അസിസ്റ്റ്, ക്രൂയിസ് കണ്‍ട്രോള്‍, കോണറിംഗ് സ്റ്റബിലിറ്റി കണ്‍ട്രോള്‍ എന്നിവ ഉയര്‍ന്ന വേരിയന്‍റിലുണ്ട്. റോട്ടറി ഡയലാണ് ഡ്രൈവ് മോഡ് സെലക്ടറിന് നല്‍കിയിരിക്കുന്നത്. ഡ്രൈവിംഗ് കൂടുതല്‍ ആസ്വാദ്യകരമാക്കാന്‍ സ്പോര്‍ട്സ് മോഡും ടിയാഗോ ഇവിയിലുണ്ട്. 

സുരക്ഷയില്‍ 4 സ്റ്റാര്‍ റേറ്റിംഗാണ് ടിയാഗോ ഇവി സ്കോര്‍ ചെയ്തിരിക്കുന്നത്. മാത്രമല്ല, ഐപി 67 റേറ്റിംഗ് ഉള്ള ബാറ്ററിയാണ് ഇതില്‍ ഉപയോഗിച്ചിട്ടുള്ളത്. സാമാന്യം തരക്കേടില്ലാത്ത സ്റ്റോറേജ് സ്പേസ് ടിയാഗോയുടെ ഉള്ളിലുണ്ട്. ബൂട്ട് സ്പേസ് ബാറ്ററി പാക്ക് അപഹരിക്കുന്നുണ്ടെങ്കിലും മോശമല്ലാത്ത സ്ഥലമുണ്ട്. പത്ത് ലക്ഷം രൂപയില്‍ താഴെ ലഭ്യമായ രാജ്യത്തെ ആദ്യത്തെ ഇലക്ട്രിക് കാറാണ് ടാറ്റ ടിയാഗോ ഇവി. നിലവില്‍ വിപണിയില്‍ എതിരാളികളില്ല. അതുകൊണ്ട് തന്നെ, വില്‍പനയില്‍ വന്‍ കുതിപ്പ് ടിയാഗോ ഇവിക്ക് നേടാന്‍ കഴിയുമെന്ന കാര്യത്തില്‍ സംശയമില്ല. പെട്രോള്‍ ഹാച്ച് ബാക്കുകള്‍ക്കായിരിക്കും ടിയാഗോ ഇവി വെല്ലുവിളിയാകുക.
 

Follow Us:
Download App:
  • android
  • ios