Asianet News Malayalam

മോഹവിലയില്‍ പുത്തന്‍ ടിയാഗോയുമായി ടാറ്റ

ജനപ്രിയ ഹാച്ച്ബാക്ക് ആയ ടിയാഗോയുടെ XT (O) പതിപ്പ് വിപണിയിലെത്തിച്ച് ടാറ്റാ മോട്ടോഴ്‍സ്

Tata Tiago XT(O) Variant Launched In India
Author
Mumbai, First Published Jun 29, 2021, 4:32 PM IST
  • Facebook
  • Twitter
  • Whatsapp

ജനപ്രിയ ഹാച്ച്ബാക്ക് ആയ ടിയാഗോയുടെ XT (O) പതിപ്പ് വിപണിയിലെത്തിച്ച് ടാറ്റാ മോട്ടോഴ്‍സ്. 5.48 ലക്ഷം ആണ് ടിയാഗോ XT (O)യുടെ എക്‌സ്-ഷോറൂം വില എന്ന് കാര്‍ ആന്‍ഡ് ബൈക്ക് റിപ്പോർട്ട് ചെയ്യുന്നു. 

XT (O) പതിപ്പിൽ ഹർമൻ കണക്ട്നെക്‌സ്റ്റ് ഇൻഫോടൈന്മെന്റ് സിസ്റ്റം ടാറ്റ മോട്ടോർസ് ഒഴിവാക്കി. ഇത് വിലകുറയാൻ കാരണമായി. എന്നാൽ, 4 സ്പീക്കറുകളും സ്റ്റിയറിങ് മൗണ്ടഡ് കൺട്രോളുകളും തുടർന്നും ലഭിക്കും. ഉടമയ്ക്ക് ഇഷ്‍ടമുള്ള ആഫ്റ്റർ മാർക്കറ്റ് ഇൻഫോടൈമെന്റ് സിസ്റ്റം തിരഞ്ഞെടുക്കാനുള്ള അവസരമാണ് ടിയാഗോ XT (O)ല്‍ കമ്പനി നൽകുന്നത്. മാനുവൽ എയർ-കോൺ, സെൻട്രൽ ലോക്കിംഗ്, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ഡിസ്പ്ലേ, മുൻപിലും പിറകിലും പവർ വിൻഡോകൾ, ഇലക്ട്രിക്കായി ക്രമീകരിക്കാവുന്ന റിയർ വ്യൂ മിററുകൾ, മൾട്ടി-ഇൻഫോ ഡിസ്പ്ലേ എന്നിങ്ങനെ ടിയാഗോ XTയിലെ എല്ലാ ഫീച്ചറുകളും ടിയാഗോ XT (O)യിലും നൽകി.

സുരക്ഷയ്ക്കായി ഇരട്ട എയർബാഗുകൾ, ഇബിഡിയുള്ള എബിഎസ്, റിയർ പാർക്കിംഗ് സെൻസറുകൾ എന്നിവയാണ് ഒരുക്കിയിരിക്കുന്നത്. ബിഎസ്6 അനുസരിച്ച് പരിഷ്‍കരിച്ച 86 എച്ച്പി പവറും 113 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്ന പെട്രോൾ എൻജിനാണ് ടിയാഗോയിൽ. XT (O) പതിപ്പ് 5-സ്പീഡ് മാന്വൽ ട്രാൻസ്മിഷനിൽ മാത്രമേ ലഭിക്കൂ. ഉയർന്ന വേരിയന്റുകളില്‍ എഎംടി ഓട്ടോമാറ്റിക് ഗിയർബോക്‌സും നല്‍കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. 

2016-ലാണ് ടാറ്റ മോട്ടോർസ് ആദ്യ ടിയാഗോയെ വിപണിയിലെത്തിച്ചത്. നാല് വർഷങ്ങൾക്കിപ്പുറം പരിഷ്‍കരിച്ച ടിയാഗോയെ കഴിഞ്ഞ വർഷം ടാറ്റ മോട്ടോർസ് പുറത്തിറക്കിയിരുന്നു. പുത്തൻ ടിയാഗോയുടെ പ്രധാന ഹൈലൈറ്റ് നിറങ്ങൾ ആണ്. ഹാരിയർ എസ്‌യുവി തുടക്കം വച്ച ‘ഇംപാക്ട് ഡിസൈൻ 2.0’ ഡിസൈൻ ഭാഷ്യത്തിനനുസരിച്ചാണ് പുതിയ ടിയാഗോ എത്തിയത്.

വിപണിയില്‍ മികച്ച പ്രതികരണമാണ് ടിയാഗോയ്ക്ക്. മൂന്നുലക്ഷത്തിലധികം ടിയാഗോ യൂണിറ്റുകളാണ് ഇതുവരെ വിപണിയിലെത്തിയത്. 2016 ല്‍ ആരംഭിച്ച ടാറ്റ ടിയാഗോ തകര്‍പ്പന്‍ ഡിസൈന്‍, സാങ്കേതിക വിദ്യ, ഡ്രൈവിംഗ് സൈനാമിക്സ് എന്നിവയുടെ കാര്യത്തില്‍ എല്ലായിടത്തും പ്രശംസ പിടിച്ചുപറ്റി. ഇംപാക്ട് ഡിസൈന്‍ ആശയത്തിനു കീഴിലുള്ള ആദ്യ വാഹനമാണിത്. ഈ വിഭാഗത്തില്‍ ആദ്യമായി അവതരിപ്പിക്കുന്ന നിരവധി പുതിയ ഫീച്ചറുകളുമായാണ് വാഹനം വിപണിയിലിറങ്ങിയത്.

ടിയാഗോ ടാറ്റാ മോട്ടോഴ്‌സിന്റെ ഏറ്റവും കൂടുതല്‍ അവാര്‍ഡുകള്‍ ലഭിച്ച കാര്‍ മാത്രമല്ല, 2018 ഓഗസ്റ്റില്‍ രാജ്യത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട ഹാച്ച്ബാക്ക് കൂടിയാണ്. ഈ വര്‍ഷം ആദ്യം, ടാറ്റ മോട്ടോഴ്‌സിന്റെ പുതിയ ഫോറെവര്‍ ശ്രേണിയുടെ ഭാഗമായി കമ്പനി കാറിന്റെ ബിഎസ് 6 പതിപ്പ് പുറത്തിറക്കിയിരുന്നു. ഗ്ലോബല്‍ എന്‍സിഎപി നല്‍കുന്ന 4-സ്റ്റാര്‍ അഡല്‍റ്റ് സേഫ്റ്റി റേറ്റിംഗ് അംഗീകാരം അതിന്റെ തൊപ്പിയില്‍ ഒരു പൊന്‍തൂവല്‍ കൂടി ചേര്‍ത്തു. 

ക്ലാസ് സുരക്ഷാ സവിശേഷതകളായ ഡ്യുവല്‍ എയര്‍ ബാഗുകള്‍, കോര്‍ണര്‍ സ്റ്റെബിലിറ്റി കണ്‍ട്രോള്‍ (സിഎസ്സി) ഉള്ള ആന്റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റം(എബിഎസ്), ഇലക്ട്രോണിക് ബ്രേക്ക്‌ഫോഴ്സ് ഡിസ്ട്രിബ്യൂഷന്‍, റിയര്‍ പാര്‍ക്കിംഗ് അസിസ്റ്റ്, എന്നിവയോടൊപ്പം ഏറെ ഗുണനിലവാരമുള്ള ഈ വിഭാഗത്തിലെ ഏറ്റവും സുരക്ഷിതമായ കാറാണ് ടിയാഗോ എന്നതില്‍ സംശയമില്ലെന്നും കമ്പനി പറയുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios