Asianet News MalayalamAsianet News Malayalam

വാങ്ങാന്‍ ക്യൂ, കുഞ്ഞന്‍റെ വില കൂട്ടി; വാങ്ങാനാളില്ല, വമ്പന്റെ വില കുറച്ച് ടാറ്റ!

ടിയാഗോയുടെ വില കൂട്ടുകയും ടിഗോറിന്റെ വില കുറച്ചിരിക്കുകയാണ് ടാറ്റ മോട്ടോഴ്‍സ്.  

Tata Tigor Prices Reduced But Tiago Prices Hiked
Author
Mumbai, First Published Aug 11, 2020, 10:34 AM IST

ജനപ്രിയ ഹാച്ച് ബാക്ക് ടിയാഗൊ, സെഡാൻ മോഡലായ ടിഗോർ എന്നിവയുടെ പരിഷ്ക്കരിച്ച ബിഎസ്6 പതിപ്പുകളെ 2020 ഫെബ്രുവരിയിലാണ് ടാറ്റ വിപണിയില്‍ എത്തിച്ചത്. എഞ്ചിൻ ബിഎസ്6 ലേക്ക് നവീകരിച്ചതിനു പുറമേ കൊസ്‍മെറ്റിക് നവീകരണണവും ചില അധിക ഫീച്ചറുകളും കമ്പനി രണ്ട് മോഡലുകളിലും വാഗ്‌ദാനം ചെയ്യുന്നു. ഇപ്പോള്‍ ടിയാഗോയുടെ വില കൂട്ടുകയും ടിഗോറിന്റെ വില കുറച്ചിരിക്കുകയാണ് ടാറ്റ മോട്ടോഴ്‍സ്.  

Tata Tigor Prices Reduced But Tiago Prices Hiked

നിലവിൽ പെട്രോൾ വേരിയന്റിൽ മാത്രം ലഭ്യമാകുന്ന ടിയാഗോയുടെ ബേസ് മോഡലിന് 9,000 രൂപയാണ് ഇപ്പോൾ വർധിച്ചിരിക്കുന്നത്. ഇനി മുതൽ ഈ മോഡൽ സ്വന്തമാക്കണമെങ്കിൽ 4.69 ലക്ഷം രൂപ എക്സ്ഷോറൂം വിലയായി മുടക്കേണ്ടി വരും. 

ടിയാഗൊയുടെ ബാക്കി പെട്രോൾ ശ്രേണിക്ക് ഇപ്പോൾ 13,000 രൂപയുടെ ഉയർച്ചയാണ് ലഭിച്ചിരിക്കുന്നത്. അതായത് XT മോഡലിന് ഇപ്പോൾ 5.33 ലക്ഷം രൂപയും XZ വേരിയന്റിന് 5.83 ലക്ഷം രൂപയുമാണ് എക്സ്ഷോറൂം വില. നേരത്തെ ഇവയ്ക്ക് യഥാക്രമം 5.20 ലക്ഷം, 5.70 ലക്ഷം രൂപ എന്നിങ്ങനെയായിരുന്നു വില. 

XZ+വകഭേദത്തിന് 5.99 ലക്ഷത്തിൽ നിന്ന് 6.12 ലക്ഷം രൂപയായി ഉയർന്നു. ടിയാഗൊ XZ+ DT മോഡലിന് 6.10 ലക്ഷത്തിൽ നിന്ന് 6.23 ലക്ഷമായും വില വർധിച്ചപ്പോൾ XZA വേരിയന്റിനും 6.33 ലക്ഷം രൂപയാണ് ഇനി മുടക്കേണ്ടത്. ബിഎസ്6 ആയിതനു ശേഷം മോഡലിന് ലഭിക്കുന്ന രണ്ടാമത്തെ വില വർധനവാണിത്. ഉയർന്ന മോഡലുകളായ XZA+, XZA+ DT എന്നിവയ്ക്ക് ഇനി മുതൽ യഥാക്രമം 6.62 ലക്ഷം, 6.73 ലക്ഷം രൂപ എന്നിങ്ങനെയായിരിക്കും.

അതേസമയം കോംപാക്‌ട് സെഡാനായ ടിഗോറിന്‍റെ വില കുറച്ചത് ശ്രദ്ധേയമായി. ടിഗോറിന്റെ XE മോഡലിന്റെ വില 5.75 ലക്ഷം രൂപയിൽ നിന്ന് 36,000 രൂപ കുറഞ്ഞ് 5.39 ലക്ഷം രൂപയായി. ടിഗോറിന്റെ XM വേരിയന്റിന് 6.10 ലക്ഷത്തിൽ നിന്ന് 11,000 രൂപ കുറഞ്ഞ് 5.99 ലക്ഷമായി. 

Tata Tigor Prices Reduced But Tiago Prices Hiked

മോഡലിന്റെ XMA പതിപ്പിനും സമാനമായ വില കിഴിവ് ലഭിച്ചു. ഇനി മുതൽ ഈ വകഭേദം സ്വന്തമാക്കാനായി 6.49 ലക്ഷം രൂപ മുടക്കിയാൽ മതിയാകും. ടിഗോറിന്റെ XZ വകഭേദത്തിന് ഇനി മുതൽ 6.40 ലക്ഷം രൂപ എക്സ്ഷോറൂം വിലയായി മുടക്കിയാൽ മതിയാകും. നേരത്തെ 6.50 ലക്ഷം രൂപയായിരുന്ന മോഡലിന് 10,000 രൂപയാണ് കുറഞ്ഞത്.  അതേസമയം ഉയർന്ന വേരിയന്റുകളായ XZ, XZA+ എന്നിവയുടെ വിലയിൽ മാറ്റമൊന്നുമില്ല. ഇവയ്ക്ക് യഥാക്രമം 6.99 ലക്ഷം, 7.49 ലക്ഷം എന്നിങ്ങനെയാണ് വില.

ബിഎസ് 6 ആക്കിയതിനു ശേഷം ഒരു പെട്രോൾ എഞ്ചിനിൽ മാത്രമാണ് ഈ ഹാച്ച്ബാക്കും സെഡാനും വിപണിയിൽ എത്തുന്നത്. പരമാവധി 86 bhp കരുത്തിൽ 113 Nm ടോര്‍ക്ക് ഉത്പാദിപ്പിക്കുന്ന ബിഎസ്-6 കംപ്ലയിന്റ് 1.2 ലിറ്റർ ത്രീ സിലിണ്ടർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനാണ് ഇപ്പോൾ ടിയാഗൊയിലും ടിഗോറിലും കരുത്ത് പകരുന്നത്. സ്റ്റാൻഡേർഡായി അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്‌സും ഓപ്ഷണലായി എഎംടി ഓട്ടോമാറ്റിക് ഗിയർബോക്‌സും കമ്പനി നൽകുന്നു.

15 ഇഞ്ച് ഡ്യുവൽ ടോൺ ഡയമണ്ട് കട്ട് അലോയ് വീലുകൾ, ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റി എന്നിവയുമായി സംയോജിപ്പിച്ച ഏഴ് ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം, ഓഡിയോ, ബ്ലൂടൂത്ത് നിയന്ത്രണങ്ങൾ എന്നിവ ഘടിപ്പിച്ച ഫ്ലാറ്റ്-ബോട്ടം സ്റ്റിയറിംഗ് വീൽ എന്നിവയാണ് ഇരു മോഡലുകളുടെയും പൊതു സവിശേഷതകൾ. സെഡാൻ മോഡലായ ടിഗോറിന് പ്രൊജക്ടർ ഹെഡ്‌ലാമ്പും ടിയാഗൊയിൽ ഹാലോജൻ യൂണിറ്റും ആണ് ടാറ്റ നൽകിയിരിക്കുന്നത്.

ഗ്ലോബൽ എൻ‌സി‌എപി ക്രാഷ്-ടെസ്റ്റിന് വിധേയമാക്കിയപ്പോൾ ഫോർ-സ്റ്റാർ സുരക്ഷാ റേറ്റിംഗ് സ്വന്തമാക്കിയ വാഹനങ്ങളാണ് ടിയാഗോയും ടിഗോറും. രണ്ട് മോഡലുകളുടെയും ബേസ് വേരിയന്റാണ് ക്രാഷ് ടെസ്റ്റിനായി ഗ്ലോബല്‍ എന്‍കാപ് തെരഞ്ഞെടുത്തത്. മുതിര്‍ന്നവരുടെ സുരക്ഷ സംബന്ധിച്ച് രണ്ട് കാറുകളും ആകെയുള്ള 17 പോയന്റില്‍ 12.72 പോയന്റ് കരസ്ഥമാക്കി. കുട്ടികളുടെ സുരക്ഷാ കാര്യത്തില്‍ രണ്ട് കാറുകളും 3 സ്റ്റാര്‍ റേറ്റിംഗ് മാത്രമാണ് നേടിയത്. ആകെയുള്ള 49 പോയന്റില്‍ 34.15 പോയന്റ് കരസ്ഥമാക്കി. സീറ്റ്‌ബെല്‍റ്റ് റിമൈന്‍ഡര്‍, എബിഎസ്, രണ്ട് എയര്‍ബാഗുകള്‍ എന്നിവ ടിയാഗോ, ടിഗോര്‍ മോഡലുകളുടെ എല്ലാ വേരിയന്റുകളിലും സ്റ്റാന്‍ഡേഡ് സുരക്ഷാ ഫീച്ചറുകളാണ്.

2016 ഏപ്രിലില്‍ ഡീസൽ, പെട്രോൾ വകഭേദങ്ങളില്‍ നിരത്തിലിറങ്ങിയ ടിയാഗോ പുറത്തിറങ്ങി ചുരുങ്ങിയ കാലത്തിനുള്ളില്‍ തന്നെ വിപണിപിടിച്ചിരുന്നു. രണ്ട് എൻജിൻ സാധ്യതകളോടെയാ ആയിരുന്നു ടിയാഗൊ എത്തിയത്. കാറിലെ 1.2 ലീറ്റർ,  മൂന്നു സിലിണ്ടർ റെവൊട്രോൺ  പെട്രോൾ എൻജിന് 85 പി എസ് വരെ കരുത്തും 114 എൻ എമ്മോളം ടോർക്കും സൃഷ്ടിക്കാനാവും. കാറിലെ 1.05 ലീറ്റർ, മൂന്നു സിലിണ്ടർ റെവൊടോർക് ഡീസൽ എൻജിനാവട്ടെ 70 പി എസ് വരെ കരുത്തും 140 എൻ എം ടോർക്കുമാണു സൃഷ്ടിക്കുക. ഡീസൽ എൻജിനൊപ്പം അഞ്ചു സ്പീഡ് മാനുവൽ ഗീയർബോക്സ് മാത്രമാണു ട്രാൻസ്മിഷൻ.  പെട്രോൾ എൻജിൻ അഞ്ചു സ്പീഡ് മാനുവൽ, എ എം ടി ഗീയർബോക്സുകളോടെ ലഭ്യമാണ്.

ടാറ്റയുടെ പുത്തൻ രൂപകൽപ്പനാ സിദ്ധാന്തമായ ഇംപാക്ട് ശൈലി പിന്തുടരുന്ന ടിയാഗോ ഏഴു നിറങ്ങളിലും 22 വകഭേദങ്ങളിലുമാണു വിൽപ്പനയ്ക്കുള്ളത്. തകർപ്പൻ രൂപകൽപ്പനയുടെയും ഈ വിഭാഗത്തിൽ പതിവില്ലാത്ത സൗകര്യങ്ങളുടെയും സംവിധാനങ്ങളുടെയും ലഭ്യതയുമൊക്കെയാണ് കടുത്ത മത്സരത്തിനു വേദിയായ ചെറുഹാച്ച്ബാക്ക് വിപണിയിൽ വിജയം കൊയ്യാൻ ടിയാഗോയെ സഹായിച്ചത്. നിരത്തിലെത്തി മൂന്നു വര്‍ഷം പിന്നിടുമ്പോള്‍ ടിയാഗോയുടെ നിരവധി പതിപ്പുകള്‍ ടാറ്റ അവതരിപ്പിച്ചിരുന്നു.

ഇന്ത്യയില്‍ ഇന്ന് ലഭിക്കുന്നതില്‍ ഏറ്റവും വില കുറഞ്ഞ സെഡാനാണ് ടിഗോര്‍. 2017ലാണ് ടിഗോറിനെ ടാറ്റ അവതരിപ്പിക്കുന്നത്. ടിയാഗോയെ അടിസ്ഥാനമാക്കിയാണ് ടിഗോറിനെ രൂപപ്പെടുത്തിയത്. ടാറ്റയുടെ പുതിയ ഇംപാക്ട് ഡിസൈനില്‍ പുറത്തിറങ്ങുന്ന മൂന്നാമനാണ് ടിഗോര്‍. 84 bhp കരുത്തും 114 Nm torque ഉം നല്‍കുന്ന 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിനിലും 70 bhp കരുത്തും 140 Nm torque ഉം നല്‍കുന്ന 1.05 ലിറ്റര്‍ ഡീസല്‍ എന്‍ജിനിലുമാണ് ടിഗോര്‍ വിപണിയില്‍ എത്തിയിരുന്നത്. 

രണ്ടിലും അഞ്ച് സ്പീഡ് മാനുവല്‍, അഞ്ച് സ്പീഡ് എഎംടിയാണ് ട്രാന്‍സ്മിഷന്‍. സിറ്റി, ഇക്കോ എന്നിങ്ങനെ രണ്ട് മോഡുകളും വാഹനത്തില്‍ ലഭ്യമാണ്. പെട്രോള്‍ എഞ്ചിന്‍ 23.84 കിലോമീറ്റര്‍ മൈലേജും ഡീസല്‍ എഞ്ചിന്‍ 27.28 കിലോമീറ്റര്‍ മൈലേജുമാണ് കമ്പനി അവകാശപ്പെടുന്നത്. ടിയാഗൊയുടെ എതിരാളികൾ ഹ്യുണ്ടായി സാൻട്രോ, മാരുതി സുസുക്കി വാഗൺആർ, സെലെറിയോ എന്നിവയാണ്. ടിഗോർ ഫെയ്‌സ്‌ലിഫ്റ്റ് മാരുതി സുസുക്കി ഡിസയർ, ഹ്യുണ്ടായി ഓറ, ഫോർഡ് ഫിഗോയും ഹോണ്ട അമേസ് തുടങ്ങിയവയുമായി മത്സരിക്കും. 

അതേസമയം ഈ വാഹനങ്ങളുടെ ബിഎസ്6 പതിപ്പില്‍ ടാറ്റ ഡീസൽ എഞ്ചിൻ നൽകിയിട്ടില്ല. ബിഎസ്6 ഡീസൽ എഞ്ചിൻ പുതിയ മലിനീകരണ മാനദണ്ഡങ്ങൾക്ക് അനുസൃതമായി പരിഷ്‍ക്കരിക്കാൻ ഉള്ള ചിലവാണ് ഡീസൽ എൻജിൻ ഒഴിവാക്കാനുള്ള ടാറ്റയുടെ തീരുമാനത്തിന് പിറകിൽ. 

2020 ജൂണിൽ ടിഗോറിന്റെ വിൽപ്പന 553 യൂണിറ്റും 2020 ജൂലൈയിൽ 727 യൂണിറ്റുമാണ്. ടാറ്റാ മോട്ടോർസിനെ സംബന്ധിച്ചിടത്തോളം ടിഗോറാണ് ബ്രാൻഡിന്റെ നിരയിൽ നിന്ന് ഏറ്റവും കുറവ് വിൽപ്പന നേടുന്ന മോഡൽ. പുതിയ വില കിഴിവിലൂടെ കൂടുതൽ ഉപഭോക്താക്കളെ ആകർഷിക്കാൻ സാധിക്കുമെന്നാണ് ടാറ്റയുടെ വിശ്വാസം.

നിലവിൽ ടാറ്റ ശ്രേണിയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മോഡലാണ് ടിയാഗൊ. 2020 ജൂലൈയിൽ ഹാച്ച്ബാക്കിന്റെ 5,337 യൂണിറ്റുകളാണ് ടാറ്റ നിരത്തിൽ എത്തിച്ചത്. 2019 ജൂലൈയിൽ വിറ്റ 4,689 യൂണിറ്റുകളിൽ നിന്ന് 13.82 ശതമാനം വർധനവാണ് മോഡല്‍ സ്വന്തമാക്കിയത്. 

Follow Us:
Download App:
  • android
  • ios