Asianet News MalayalamAsianet News Malayalam

കൊവിഡ് 19; പ്രതിരോധത്തിന് ടാറ്റയുടെ 500 കോടി

മഹാമാരിയായ കൊറോണ വൈറസ് വ്യാപനത്തെ പ്രതിരോധിക്കാന്‍ 500 കോടി രൂപയുടെ ധനസഹായം പ്രഖ്യാപിച്ച് ടാറ്റാ ട്രസ്റ്റ്

Tata Trust Give Rs 500 crore to fight against covid 19
Author
Mumbai, First Published Mar 29, 2020, 2:59 PM IST

മഹാമാരിയായ കൊറോണ വൈറസ് വ്യാപനത്തെ പ്രതിരോധിക്കാന്‍ 500 കോടി രൂപയുടെ ധനസഹായം പ്രഖ്യാപിച്ച് ടാറ്റാ ട്രസ്റ്റ്. ഇന്ത്യയിലെയും ലോകത്തിലെയും ഗുരുതരസ്ഥിതി പരിഗണിച്ചാണ് തീരുമാനമെന്ന് ചെയര്‍മാന്‍ രത്തന്‍ ടാറ്റ വ്യക്തമാക്കി. 

ആരോഗ്യമേഖലയ്ക്കായാണ് പണം നീക്കിവെയ്ക്കുന്നത്. ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് സംരക്ഷണം നല്‍കാന്‍ ആവശ്യമായ സുരക്ഷാ സന്നാഹങ്ങള്‍ ഒരുക്കുന്നതിന് പണം വിനിയോഗിക്കും. ശ്വസനോപകരണങ്ങള്‍ വാങ്ങുന്നതിനും പരിശോധന കിറ്റുകള്‍ കൂടുതലായി ലഭ്യമാക്കുന്നതിനും പണം വിനിയോഗിക്കുമെന്ന് ടാറ്റാ ട്രസ്റ്റ് അറിയിച്ചു.

ആരോഗ്യമേഖലയിലെ പ്രവര്‍ത്തകര്‍ക്ക് സുരക്ഷാ ഉപകരണങ്ങള്‍ ലഭ്യമാക്കുക, രോഗികള്‍ക്കുള്ള ശ്വസനസംവിധാനം ഏര്‍പ്പെടുത്തുക, കൂടുതല്‍ ടെസ്റ്റിങ് കിറ്റ് ലഭ്യമാക്കുക, വൈറസ് ബാധിതര്‍ക്ക് ചികിത്സാസൗകര്യം ഏര്‍പ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ക്കായി ഈ തുക വിനിയോഗിക്കും. ആരോഗ്യപ്രവര്‍ത്തകരെയും പൊതുജനങ്ങളെയും ബോധവത്കരിക്കുന്നതിനും  പരിശീലനം നല്‍കുന്നതിനും തുക ചെലവഴിക്കും. 

രാജ്യം അതിനിര്‍ണായക ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് ചെയര്‍മാന്‍ രത്തന്‍ ടാറ്റ പറഞ്ഞു. ഓരോ മണിക്കൂറും വിലപ്പെട്ടതാണ്. മനുഷ്യരാശിയുടെ നിലനില്‍പ്പ് തന്നെ വെല്ലുവിളി നേരിടുന്ന പശ്ചാത്തലത്തില്‍ അടിയന്തരമായി വിഭവങ്ങള്‍ ഒരുക്കേണ്ടതുണ്ട്. ടാറ്റ സണ്‍സും ടാറ്റ ട്രസ്റ്റും ടാറ്റ ഗ്രൂപ്പ് കമ്പനികളും ചേര്‍ന്നാണ് തുക ലഭ്യമാക്കുക. രാജ്യത്തെ ആവശ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് ടാറ്റ മുമ്പും പ്രവര്‍ത്തിച്ചിട്ടുള്ളത്. ഇപ്പോഴത്തെ വിഷമഘട്ടം അസാധാരണമാണ്. മനുഷ്യരാശി നേരിടുന്ന ഈ വെല്ലുവിളി നേരിടാന്‍ അടിയന്തരസഹായം എത്തിക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്നും  ഇത് കണക്കിലെടുത്താണ് ടാറ്റ ട്രസ്റ്റിന്റെ തീരുമാനമെന്നും രത്തന്‍ ടാറ്റ വ്യക്തമാക്കി.

Follow Us:
Download App:
  • android
  • ios