തന്‍റെ കാറിലും വീട്ടിലും വച്ച് വിദ്യാര്‍ത്ഥികളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട ഹൈസ്‍കൂള്‍ അധ്യാപികയുടെ ജോലി പോയി. അമേരിക്കയിലെ ഓഹായിയോയിലാണ് സംഭവം. 

ഒഹായോയിലെ ക്യൂയാഹോഗാ കൗണ്ടിയിലെ ബെഡ്ഫോർഡ് ഹൈസ്‍കൂളിലെ അധ്യാപിക ലോറ ഡങ്കർ (30) ആണ് വിദ്യാര്‍ത്ഥികളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടത്. അധ്യാപികയും വിദ്യാർത്ഥിയും തമ്മിലുള്ള അനുചിതമായ ബന്ധത്തെക്കുറിച്ച് സ്‍കൂളില്‍ നിന്നും കിട്ടിയ രഹസ്യവിവരത്തെ തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് ഞെട്ടിപ്പിക്കുന്ന കഥകള്‍ പുറത്തുവന്നത്. 

ഒരു വര്‍ഷത്തോളം തന്‍റെ കാറിലും വീട്ടിലും വച്ച് ഡങ്കര്‍ വിദ്യാര്‍ത്ഥികളെ ലൈംഗികമായി ഉപയോഗിച്ചെന്നാണ് ആരോപണം. ഒരു വിദ്യാര്‍ത്ഥിയെ തന്‍റെ കാറില്‍ വച്ചും മറ്റ് രണ്ടുപരെ തന്‍റെ വീട്ടിലെത്തിച്ചും ഇവര്‍ പീഡിപ്പിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. സ്‍കൂള്‍ സമയത്തിനു മുമ്പ് വിദ്യാര്‍ത്ഥിയുമായി കാറില്‍ പുറത്തുപോയ ശേഷമായിരുന്നു ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടത്. എന്നാല്‍ ലൈംഗികമായി ദുരുപയോഗം ചെയ്യപ്പെട്ട സമയത്ത് ആൺകുട്ടികൾക്ക് എത്ര വയസ് ഉണ്ടായിരുന്നുവെന്ന് വ്യക്തമല്ല. പക്ഷേ ഡങ്കര്‍ കുറ്റം നിഷേധിച്ചു. സംഭവം പുറത്തായതിനെ തുടര്‍ന്ന് ഇവര്‍ ജോലി രാജി വച്ചതായാണ് റിപ്പോര്‍ട്ടുകള്‍. 

അധ്യാപികയെ കഴിഞ്ഞ ദിവസം കോടതിയില്‍ ഹാജരാക്കി. തുടര്‍ന്ന് 5,000 ഡോളർ ബോണ്ടില്‍ ഡങ്കറിന് കോടതി ജാമ്യം നല്‍കി. തെളിഞ്ഞാല്‍ എല്ലാ കേസുകളിലും കൂടി 35 വർഷം വരെ തടവ് ശിക്ഷ അനുഭവിക്കാവുന്ന കുറ്റങ്ങളാണ് ഇവരുടെ പേരിലുള്ളതെന്നാണ് റിപ്പോര്‍ട്ടുകള്‍.