കൊവിഡ് പകർച്ചവ്യാധിക്കിടെ നിയമങ്ങള്‍ ലംഘിച്ച് വിദ്യാര്‍ത്ഥികളുമായി കാറില്‍ കറങ്ങിയ കുറ്റത്തിന് പ്രൈമറി സ്‍കൂള്‍ അധ്യാപികയ്ക്ക് സസ്‍പെന്‍ഷന്‍. കാനഡയിലാണ് സംഭവം. എലമെന്‍ററി സ്‍കൂള്‍ വിദ്യാർത്ഥികളെ സ്വന്തം കാറില്‍ കയറ്റി വിനോദയാത്രയ്ക്ക് പോയ ഇസബെല്ല പിയാസ എന്ന അധ്യാപികയ്ക്കാണ് മുട്ടന്‍ പണി കിട്ടിയതെന്ന് ഇന്‍ക്വയറര്‍ ഡോട്ട് നെറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

കൊവിഡ് 19 പ്രതിസന്ധിക്കിടയിൽ സാമൂഹിക അകലം പാലിക്കുന്ന മാർഗ്ഗനിർദ്ദേശങ്ങൾ ലംഘിച്ചുകൊണ്ടായിരുന്നു ആരും അറിയാതെ ഇസബെല്ല കുട്ടികളെയും കൊണ്ട് കാറില്‍ യാത്ര നടത്തിയത്. കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയിലെ പീസ് റിവർ നോർത്തിലെ റെസ്റ്റോറന്റുകളിലും മറ്റുമായിരുന്നു കുട്ടികളുമായി പല തവണ ഇവര്‍ യാത്ര നടത്തിയെന്നാണ് അധികൃതര്‍ പറയുന്നത്. മാത്രമല്ല, പൊലീസ് ഉദ്യോഗസ്ഥരെ കാണുമ്പോഴെല്ലാം ഒളിച്ചിരിക്കണമെന്നും അവർ പറഞ്ഞതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

സാമൂഹിക അകലം പാലിക്കുന്ന മാർഗ്ഗനിർദ്ദേശങ്ങൾ ലംഘിച്ചതിതിനൊപ്പം കുട്ടികളെ സീറ്റ് ബെൽറ്റ് ധരിപ്പിക്കാത്തതിലൂടെ രാജ്യത്തെ മോട്ടോർ വാഹന നിയമവും അധ്യാപിക ലംഘിച്ചെന്നും ആരോപണമുണ്ട്. കുട്ടികൾക്ക് ഭക്ഷണവും മറ്റും വാങ്ങി നല്‍കിയ യാത്രകൾക്ക് ശേഷം, ഇത് രഹസ്യമായി സൂക്ഷിക്കാനും പിയാസ കുട്ടികളോട് ആവശ്യപ്പെട്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. യാത്രകളെക്കുറിച്ച് കുട്ടികളുടെ മാതാപിതാക്കളെയും മറ്റ് അധ്യാപകരെയും പിയാസ അറിയിച്ചിട്ടില്ലെന്നും സ്‍കൂള്‍ നയം ഇവര്‍ ലംഘിച്ചുവെന്നും അധികൃതര്‍ വ്യക്തമാക്കുന്നു.

ഒരു അധ്യാപകനിൽ നിന്ന് പ്രതീക്ഷിക്കുന്ന ഉചിതമായ പെരുമാറ്റം ഇവരുടെ ഭാഗത്തു നിന്നുണ്ടായില്ലെന്ന് അധികൃതര്‍ കണ്ടെത്തി. തുടര്‍ന്ന് അറുപതുകാരിയായ അധ്യാപികയെ സര്‍വ്വീസില്‍ നിന്നും സസ്‍പെന്‍ഡ് ചെയ്യുകയായിരുന്നു.