Asianet News MalayalamAsianet News Malayalam

പുത്തന്‍ വണ്ടിക്ക് ഇനി 'ടിപി' വേണ്ട, വണ്ടിയുമായി ആര്‍ടി ഓഫീസില്‍ പോക്കും ഒഴിവാകും!

പുതിയ വാഹനങ്ങള്‍ക്ക് താത്കാലിക രജിസ്ട്രേഷന്‍ അഥവാ ടെംപററി പെര്‍മിറ്റ് (ടിപി) നല്‍കുന്ന രീതി അവസാനിപ്പിക്കുന്നു. വാഹനം രജിസ്റ്റര്‍ ചെയ്യുന്നതിന് ഇനിമുതല്‍ വാഹനവുമായി ആര്‍ടി ഓഫിസിലും പോകേണ്ടിവരില്ല. 

Temporary Permit Registration System Of Vehicle Cancelled
Author
Trivandrum, First Published Apr 1, 2021, 9:35 AM IST

തിരുവനന്തപുരം: പുതിയ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് വാഹനവുമായി ആര്‍ടി ഓഫിസിൽ പോകുന്ന നടപടി ഒഴിവാക്കാനായി സര്‍ക്കാര്‍ തീരുമാനിച്ചതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. വാഹന രജിസ്ട്രേഷന്‍ നടപടികള്‍ പൂർണമായും ഓൺലൈന്‍ ആക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്‍റെ നീക്കത്തിന്‍റെ ഭാഗമായിട്ടായിരുന്നു ഈ നടപടി. 

ഈ സംവിധാനം സംസ്ഥാനത്ത് ഇതുവരെ നടപ്പിലായിരുന്നില്ല. എന്നാല്‍ ഇപ്പോഴിതാ പുതിയ വാഹനങ്ങള്‍ക്ക് താത്കാലിക രജിസ്ട്രേഷന്‍ അഥവാ ടെംപററി പെര്‍മിറ്റ് (ടിപി) നല്‍കുന്ന രീതി നിര്‍ത്തലാക്കാന്‍ ഒരുങ്ങുകയാണെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. രജിസ്ട്രേഷന് മുമ്പേയുള്ള വാഹനപരിശോധന ഒഴിവാക്കുന്നതിന്‍റെ മുന്നോടിയായിട്ടാണ് ഈ നടപടിയെന്നാണ് വിവരം. ഇനിമുതല്‍ ബസുകള്‍ ഉള്‍പ്പെടെയുള്ള ബോഡി കെട്ടേണ്ട വാഹനങ്ങളും, ഫാന്‍സി നമ്പര്‍ ബുക്കു ചെയ്യുന്ന വാഹനങ്ങളും, ഇതര സംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോകേണ്ട വാഹനങ്ങള്‍ക്കും മാത്രമാകും ഇനിമുതല്‍ താത്കാലിക രജിസ്ട്രേഷന്‍ നല്‍കുക എന്നാണ് റിപ്പോര്‍ട്ടുകള്‍.

മറ്റു വാഹനങ്ങള്‍ക്ക് ഷോറൂമില്‍നിന്നുതന്നെ സ്ഥിരം രജിസ്ട്രേഷന്‍ അനുവദിക്കും. ഉടമയുടെ ആധാര്‍ വിവരങ്ങള്‍ ഇതിനായി നല്‍കണം. അതിസുരക്ഷാ നമ്പര്‍പ്ലേറ്റ് ഘടിപ്പിച്ചതിന്റെ വിശദാംശങ്ങള്‍ 'വാഹന്‍' വെബ്സൈറ്റില്‍ നല്‍കിയാലെ വാഹനം പുറത്തിറക്കാന്‍ അനുമതി നല്‍കൂ.

നിലവില്‍ എല്ലാ വാഹനങ്ങള്‍ക്കും 30 ദിവസത്തേക്ക് താത്കാലിക രജിസ്ട്രേഷന്‍ നല്‍കുകയാണ് പതിവ്. ഇതിനുള്ളില്‍ വാഹനം പരിശോധനയ്ക്ക് ഹാജരാക്കി സ്ഥിരം രജിസ്ട്രേഷന്‍ നേടണം. ഈ വ്യവസ്ഥയാണ് ഒഴിവാക്കുന്നത്. ഓണ്‍ലൈന്‍ രജിസ്ട്രേഷനുള്ള കരട് വിജ്ഞാപനം കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം നേരത്തെ പ്രസിദ്ധീകരിച്ചിരുന്നു. ഉടമയുടെ ആധാര്‍ വിവരങ്ങള്‍ ഉള്‍ക്കൊള്ളിക്കുന്നതിന്റെ ഭാഗമായാണ് പരിശോധന ഒഴിവാക്കാന്‍ കേന്ദ്രം വിജ്ഞാപനം ഇറക്കിയത്.  

എന്നാല്‍ സംസ്ഥാനത്ത് പുതിയ വാഹനങ്ങളുടെ പരിശോധന ഇതുവരെ ഒഴിവാക്കിയിരുന്നില്ല. വാഹനരജിസ്ട്രേഷന്‍ സോഫ്റ്റ് വെയറില്‍ മാറ്റം വരാത്തതുകൊണ്ടാണ് ഈ കാലതാമസമെന്നാണ് റിപ്പോര്‍ട്ടുകള്‍. കേന്ദ്ര ഉപരിതല ഗതാഗതമന്ത്രാലയത്തിന്റെ 'വാഹന്‍' സോഫ്റ്റ്വേറില്‍  ആധാര്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സജ്ജീകരണം ഇനിയും ഏര്‍പ്പെടുത്തിയിട്ടില്ല. ഉദ്യോഗസ്ഥര്‍ വാഹനം പരിശോധിച്ച് രജിസ്ട്രേഷന്‍ അനുവദിക്കുന്ന പഴയ രീതിയില്‍ തന്നെയാണ് സോഫ്റ്റ് വേര്‍ ഇപ്പോഴുമുള്ളത്. 'വാഹനില്‍' ആധാര്‍ നമ്പര്‍ ഉള്‍ക്കൊള്ളിക്കേണ്ട നടപടികള്‍ പുരോഗമിക്കുകയാണ്. ഇത് നടപ്പായാല്‍ ഉടന്‍ പുതിയ വാഹനങ്ങളുടെ പരിശോധന പൂര്‍ണ്ണമായും ഒഴിവാകും.  ഇതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. 

വാഹനമേഖലയിലെ വിപ്ലവകരമായ മാറ്റമായിരിക്കും ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍. പുതിയ വാഹനം വാങ്ങുമ്പോൾ ആർടിഒ ഓഫിസിലെത്തി വാഹനം കാണിക്കുന്ന കാലങ്ങളായുള്ള നടപടിക്രമങ്ങള്‍ ഇതോടെ ഇല്ലാതെയാകും. നിലവിലെ രീതി അനുസരിച്ച് രജിസ്ട്രേഷനു മുന്നോടിയായി പുതിയ വാഹനങ്ങള്‍ മോട്ടോര്‍വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധിക്കണം. എന്‍ജിന്‍, ഷാസി നമ്പറുകള്‍ രേഖകളുമായി ഒത്തുനോക്കാനായിരുന്നു ഈ പരിശോധന. 

എന്നാല്‍ 'വാഹന്‍' സോഫ്റ്റ് വേര്‍ ഉപയോഗിച്ചുള്ള രജിസ്ട്രേഷന്‍ സംവിധാനത്തിലേക്കു രാജ്യം നീങ്ങിയതോടെ ഇത്തരം പരിശോധനകള്‍ അനാവശ്യമാണെന്നാണു കേന്ദ്രത്തിന്‍റെ വിലയിരുത്തല്‍. മുമ്പ് വാഹനത്തിന്റെ വിവരങ്ങള്‍ മുമ്പ് ഷോറൂമുകളില്‍നിന്നായിരുന്നു ഉള്‍ക്കൊള്ളിച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ വാഹന നിര്‍മ്മാതാക്കള്‍ തന്നെയാണ് വാഹന്‍ സോഫ്റ്റ് വേറില്‍  വിവരങ്ങള്‍ നല്‍കുന്നത്.  അതായത് കമ്പനിയുടെ പ്ലാന്റില്‍നിന്നും ഒരു വാഹനം പുറത്തിറക്കുമ്പോള്‍തന്നെ എന്‍ജിന്‍, ഷാസി നമ്പറുകള്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ 'വാഹന്‍' പോര്‍ട്ടലില്‍ എത്തിയിരിക്കും. ഇപ്പോള്‍ വാഹനം വാങ്ങുന്നയാളിന്റെ പേരും വിലാസവും രേഖപ്പെടുത്താന്‍ മാത്രമാണ് ഡീലര്‍ഷിപ്പുകള്‍ക്ക് അനുമതിയുള്ളത്. അതുകൊണ്ടുതന്നെ വാഹനത്തിന്‍റെ നിര്‍മാണത്തീയ്യതി, മോഡല്‍, മറ്റ് അടിസ്ഥാന വിവരങ്ങള്‍ എന്നിവയിലൊന്നും മാറ്റംവരുത്താന്‍ സാധിക്കില്ല. 

എന്നാല്‍ ഷാസി വാങ്ങിയ ശേഷം ബോഡി നിർമിക്കേണ്ടി വരുന്ന ബസ്, ലോറി പോലെയുള്ള വാഹനങ്ങൾ ഇപ്പോഴുള്ളതു പോലെ പോലെ ആര്‍ടി ഓഫീസില്‍ എത്തേണ്ടിവരും. ഇവയുടെ രജിസ്ട്രേഷന് ഓൺലൈൻ നടപടികൾ മാത്രം പോര എന്നതിനാലാണിത്. ഷാസിക്കുമാത്രമാണ് താത്കാലിക പെര്‍മിറ്റ് നല്‍കുന്നത് എന്നതിനാല്‍ ഇവ ആർടി ഓഫിസിൽ കൊണ്ടുവരണം. വ്യവസ്ഥകള്‍ പാലിച്ചാണോ ബോഡി നിര്‍മിച്ചിട്ടുള്ളതെന്ന് ഉറപ്പുവരുത്താനാണ് ഈ പരിശോധന. 
 

Follow Us:
Download App:
  • android
  • ios