ജർമ്മൻ തലസ്ഥാനമായ ബെർലിനിൽ തനിക്ക് വാഹനം പാര്‍ക്ക് ചെയ്യാന്‍ ബുദ്ധിമുട്ടാണെന്ന് അമേരിക്കന്‍ വാഹനഭീമന്‍റെ ഉടമ. അഞ്ച് മീറ്റർ നീളമുള്ള ടെസ്ല മോഡൽ എക്സ് കാർ പാർക്ക് ചെയ്യുന്നതിൽ തനിക്ക് ചില പ്രശ്‌നങ്ങളുണ്ടെന്ന് തുറന്നുപറഞ്ഞ് യുഎസ് ഇലക്ട്രിക് വാഹന നിർമാതാക്കളായ ടെസ്‌ല ചീഫ് എക്‌സിക്യൂട്ടീവ് എലോൺ മസ്‌ക്.  ബാറ്ററികളെക്കുറിച്ച് ജർമ്മൻ സർക്കാർ സംഘടിപ്പിച്ച യൂറോപ്യൻ ഓൺലൈൻ കോൺഫറൻസിൽ സംസാരിക്കുന്നതിനിടെയാണ് മസ്‌ക് ഇക്കാര്യം തുറന്നു പറഞ്ഞതെന്ന് റോയിട്ടേഴ്‍സിനെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

“ഞാൻ ബെർലിന്‍ നഗരത്തിലൂടെ ഒരു മോഡൽ എക്സ് ഓടിക്കുകയായിരുന്നു. എന്നാല്‍ ഞങ്ങൾക്ക് അനുയോജ്യമായ പാർക്കിംഗ് സ്ഥലം കണ്ടെത്തുന്നതിൽ  അൽപ്പം പ്രശ്‌നമുണ്ടായിരുന്നു,” അദ്ദേഹം പറഞ്ഞു. അമേരിക്കയില്‍ വ്യക്തിപരമായ അഭിരുചിയുടെ കാരണങ്ങളാൽ കാറുകൾ വലുതായിരിക്കും. എന്നാല്‍ യൂറോപ്പിൽ അവ ചെറുതായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

യൂറോപ്പില്‍ വികസിപ്പിക്കുന്ന പുതിയ കോംപാക്റ്റ് കാറുമായി ബഹുരാഷ്ട്ര വിപണിയിൽ പ്രവേശിക്കാന്‍ ഒരുങ്ങുകയാണ് കമ്പനി എന്നും അദ്ദേഹം വ്യക്തമാക്കി.   ഒരു കോം‌പാക്റ്റ് കാർ, ഒരുപക്ഷേ ഹാച്ച്ബാക്ക് അല്ലെങ്കിൽ അതുപോലെയുള്ളത് എന്നാണ് ഇതേക്കുറിച്ച്  ഓൺലൈൻ കോൺഫറൻസിൽ മസ്‌ക് പറഞ്ഞത്. കാലിഫോർണിയ ആസ്ഥാനമായുള്ള ടെസ്‍ല നിലവിൽ നാലു കാർ മോഡലുകൾ വിൽക്കുന്നുണ്ട്.